ന്യൂഡൽഹി: പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള പിണറായി വിഭാഗത്തെ ശ്രമത്തെ പ്രതിരോധിക്കാൻ രണ്ടും കൽപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ റെയിലിൽ മേധാ പട്കർ ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരുടെ അഭിപ്രായം മാനിച്ചേ മതിയാകൂവെന്ന് പിണറായി വിജയനെ യെച്ചൂരി അറിയിക്കും. കെ റെയിലിനെ സിപിഎം കേന്ദ്ര നേതൃത്വം പരസ്യമായി പിന്തുണയ്ക്കില്ല. കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ അട്ടിമറിയുണ്ടാകുമെന്ന പ്രചരണം ശക്തമാണ്. ഇതിനിടെയാണ് കെ റെയിലിൽ അതിശക്തമായ നിലപാട് എടുക്കാൻ യെച്ചൂരി തയ്യാറാകുന്നത്. വൃന്ദാകാരാട്ടും യെച്ചൂരിയെ പിന്തുണയ്ക്കും.

ദേശീയ നേതൃത്വത്തിൽ ആർക്കും കെ റെയിലിനെ പിന്തുണയ്ക്കാൻ കഴിയുന്നില്ല. എങ്കിലും പ്രകാശ് കാരാട്ട് മൗനം തുടരും. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മനസ്സ് അറിഞ്ഞാണ് കെ റെയിലിലെ സർവ്വേ സർക്കാരും നിർത്തുന്നത്. മലബാറിലും എറണാകുളത്തും സർവ്വേ നിർത്തുന്നത് ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണെന്നാണ് പറയുന്നത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ മനസ്സ് എതിരായതു കൊണ്ടാണ് പിന്മാറ്റം. ഇന്നലെ പ്രധാനമന്ത്രിയുടെ മൗനത്തിൽ നിന്ന് തന്നെ കെ റെയിലിന് അനുമതി കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചറിയുന്നു. തന്നെ വഞ്ചിച്ച കേന്ദ്ര നേതൃത്വത്തിനെതിരെ പടപുറപ്പാടും നടത്തും. കേരളത്തിൽ മാത്രമാണ് സിപിഎം ഭരണമുള്ളത്. അതുകൊണ്ട് സിപിഎമ്മിന്റെ കാര്യങ്ങൾ കേരള ഘടകം തീരുമാനിക്കുമെന്നാണ് പിണറായിയുടെ നിലപാട്.

അതിനിടെ 75 വയസ്സു കഴിഞ്ഞ പിണറായി വിജയനെ കേന്ദ്ര കമ്മറ്റിയിൽ വെറും ക്ഷണിതാക്കുന്നതിന്റെ സാധ്യതയും യെച്ചൂരി തേടുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിക്ക് ഇളവ് നൽകുന്ന പതിവ് വേണ്ടെന്ന് വച്ചാൽ അത് പൊട്ടിത്തെറിയാകും. ഈ സാഹചര്യത്തിൽ അതുണ്ടാകില്ല. മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയിൽ ഉൾപ്പെടുത്തണമെന്നതാണ് പിണറായിയുടെ ആഗ്രഹം. അത് അട്ടിമറിക്കാനും യെച്ചൂരിയും സംഘവും ശ്രമിച്ചേക്കും. പാർട്ടി കോൺഗ്രസിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ തമ്മിലെ അതിശക്തമായ മത്സരവും വാക് പോരും നടക്കാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് താൽകാലികമായി കല്ലിടൽ നിർത്തുന്നത്. ഇനി പാർട്ടി കോൺഗ്രസിന് ശേഷം മാത്രമേ കല്ലിടൽ ഉണ്ടാകൂവെന്നാണ് സൂചന.

കെ-റെയിൽ പദ്ധതിയെ കേരളം മുഴുവൻ പ്രചരിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചിട്ടുണ്ട് വീടുവീടാന്തരം കയറിയിറങ്ങി സന്ദേശം പ്രചരിപ്പിക്കും. ഈ സമരം എന്തിനുവേണ്ടിയാണ്, കെ-റെയിൽ വന്നാലുള്ള ഗുണം എന്താണ് എന്നെല്ലാം എല്ലാ വീട്ടിലും പോയി പറയും. കെ-റെയിൽ ബാധിക്കാത്ത സ്ഥലങ്ങളിലെ വീടുകളിലും സന്ദേശമെത്തിക്കും. കേരളത്തെ ഇന്ത്യയ്ക്ക് മാതൃകയാക്കുകയാണ് ലക്ഷ്യം. പാർട്ടി കോൺഗ്രസിൽ ഇതുസംബന്ധിച്ച ചർച്ചയുണ്ടാകുമെന്നും കോടിയേരി പറയുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വത്തെ തന്നെ മാറ്റാൻ പിണറായി ശ്രമിക്കുന്നത്.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് പരസ്യ പിന്തുണ പ്രഖ്യാപിക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ഇക്കാര്യം ആവശ്യപ്പെട്ടെത്. എന്നാൽ മുഖ്യമന്ത്രിയുടെ ആവശ്യത്തോട് യെച്ചൂരി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ജനങ്ങളുടെ പ്രതിഷേധത്തെ വില കുറച്ച് കാണരുതെന്ന് പിണറായിയോട് യെച്ചൂരി നിർദ്ദേശിച്ചതായാണ് സൂചന. ജനങ്ങളുടെ പ്രതിഷേധം അതിരുവിടുന്ന സാഹചര്യത്തിലാണ് ഇന്ന് മലബാറിലേയും എറണാകുളത്തേയും കല്ലിടൽ ഒഴിവാക്കുന്നത്.

നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുക്കൽ വിവാദമാണ് ബംഗാളിൽ സിപിഎമ്മിനെ തകർത്തത്. സമാന സ്ഥിതി കേരളത്തിൽ കെ റെയിൽ ഉണ്ടാക്കുമോ എന്ന ആശങ്ക സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ട്. ഭരണ തുടർച്ചയിൽ ആണ് പിണറായി സർക്കാർ കെ റെയിലുമായി മുമ്പോട്ട് പോകുന്നത്. ഈ അധികാര തുടർച്ചയിൽ അഹങ്കരിക്കുന്നത് ഗുണകരമാകില്ലെന്നാണ് യെച്ചൂരിയുടെ പക്ഷം. ബംഗാളിൽ കാൽ നൂറ്റാണ്ട് അധികാരത്തിൽ തുടർന്ന സിപിഎമ്മാണ് നന്ദിഗ്രാമോടെ ഇല്ലാതായത്. ഇതിനുള്ള സാഹചര്യം കെ റെയിലിലൂടെ ഒരുക്കരുതെന്നാണ് യെച്ചൂരിയുടെ നിലപാട്. ആം ആദ്മി പോലുള്ള പാർട്ടികൾ കേരളത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുമോ എന്ന ആശങ്കയും സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ട്. യെച്ചൂരിയുടെ ഈ വാദങ്ങളെ പോളിറ്റ് ബ്യൂറോയിലെ കേരളത്തിന് പുറത്തുള്ള എല്ലാ നേതാക്കളും അംഗീകരിക്കുന്നുമുണ്ട്.

ഈ സാഹചര്യത്തിൽ കെ റെയിലിൽ അനുസരണക്കേട് നടത്തുന്ന കേന്ദ്ര നേതൃത്വത്തിന് പണികൊടുക്കാനാണ് പിണറായി വിജയന്റെ തീരുമാനം. കേരളത്തിൽ സംഘടനയിൽ എല്ലാം സമവായത്തിലൂടെ നിശ്ചയിച്ച പിണറായി കണ്ണൂർ പാർട്ടി കോൺഗ്രസിൽ മത്സരത്തിന് ഒരുങ്ങുന്നതായാണ് സൂചന. തന്റെ നിലപാട് അംഗീകരിക്കുന്ന പാർട്ടി ദേശീയ ജനറൽ സെക്രട്ടറി മതിയെന്ന നിലപാടാണ് പിണറായിക്കുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും യെച്ചൂരിയെ മാറ്റാനാണ് പിണറായിയുടെ നീക്കം. കെ റെയിലിൽ പരസ്യ പിന്തുണയില്ലെങ്കിൽ മാറ്റുമെന്ന സൂചനകൾ യെച്ചൂരിക്കും നൽകി കഴിഞ്ഞു. സിപിഎം സംസ്ഥാന നേതൃത്വമാണ് സിൽവർ ലൈനിൽ തീരുമാനം എടുത്തതെന്ന് പിണറായി പറയുന്നു.

കെ റെയിൽ പിടിവാശിയിൽ നിന്ന് പിന്മാറണമെന്ന് സിപിഎം കേരള ഘടകത്തോട് അനൗദ്യോഗികമായി സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കെ റെയിൽ സമരം ശക്തമാകുന്നതിനാലാണ് ഇത്. സമരക്കാരെ തീവ്രവാദികളാക്കുന്നതിനോടും പിബിക്ക് താൽപ്പര്യമില്ല. ചങ്ങാനശ്ശേരിയേയും വിമോചന സമരത്തേയും ചർച്ചയാക്കുന്നതിനോടും യോജിപ്പില്ല. ജനകീയ ഇടപെടലുകളിലൂടെയാണ് തുടർഭരണം കിട്ടിയത്. അതു മനസ്സിലാക്കി മുമ്പോട്ട് പോകണമെന്നാണ് സിപിഎം കേന്ദ്ര നേതാക്കളുടെ നിർദ്ദേശം. ഇതിനിടെയാണ് പിണറായി നേരിട്ട് ഡൽഹിയിലെത്തി യെച്ചൂരിയോട് പിന്തുണ പ്രഖ്യാപിക്കണമെന്ന നിർദ്ദേശം മുമ്പോട്ട് വയ്ക്കുന്നത്.

നന്ദീഗ്രാമിന് സമാനമായ തിരിച്ചടി കെ റെയിൽ സമരം ഉണ്ടാക്കുമോ എന്ന ആശങ്ക സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ട്. സഭയെ അനുകൂലമാക്കിയാണ് മധ്യകേരളത്തിൽ കേരളാ കോൺഗ്രസിനെ മുന്നിൽ നിർത്തി ഉണ്ടാക്കിയ മേൽകൈ നഷ്ടമാകും. ക്രൈസ്തവരെ പിണക്കാതെ മുമ്പോട്ട് പോകണം. ചങ്ങനാശ്ശേരിയെ വെറുതെ വിവാദത്തിലേക്ക് കൊണ്ടു വന്ന കോടിയേരി ബാലകൃഷ്ണന്റെ നീക്കങ്ങളും അംഗീകരിക്കില്ലെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യമെല്ലാം രേഖാമൂലം സിപിഎം കേരള ഘടകത്തെ അറിയിക്കുന്നതും പരിഗണനയിലുണ്ട്. ജനകീയ പ്രക്ഷോഭങ്ങളെ തള്ളുന്നത് കമ്യൂണിസ്റ്റ് നയമെല്ലെന്നാണ് യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളുടെ നിലപാട്.

സിപിഎം എന്നാൽ ഇപ്പോൾ കേരള ഘടകമാണ്. അതുകൊണ്ട് തന്നെ ദേശീയ നേതൃത്വത്തിന് വലിയ റോളില്ല. കണ്ണൂരിലെ പാർട്ടി കോൺഗ്രസിന് ഇനി ദിവസങ്ങളേ ഉള്ളൂ. കേന്ദ്ര നേതാക്കൾ സമ്മേളനത്തിനായി എത്തുമ്പോൾ മാധ്യമങ്ങളുടെ ചോദ്യം നേരിടേണ്ടി വരും. അപ്പോൾ ജനകീയ പ്രതിഷേധത്തെ ആർക്കും തള്ളി പറയാനാകില്ല. ഇത് ഭാവിയിൽ കേരള ഘടകവും കേന്ദ്ര നേതൃത്വവും തമ്മിലെ ഭിന്നതയായി വ്യാഖ്യാനിക്കപ്പെടും. ഈ സാഹചര്യം ഒഴിവാക്കണം. ജനഹിതം മനസ്സിലാക്കി മുമ്പോട്ട് പോകണം. അല്ലാത്ത പക്ഷം ആംആദ്മിയുടെ ഭീഷണിയുണ്ടാകുമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.