തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപാതക ഉയർത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി കിഫ്ബിയുടെ പ്രധാന്യം എടുത്തു പറഞ്ഞാണ് പിണറായി കാര്യങ്ങൾ വിശദീകരിച്ചത്. മതേതരത്വത്തിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിക്കേണ്ടതിന്റെ ആവശ്യവും ചൂണ്ടിക്കാട്ടി. സിൽവർലൈൻ അടക്കം പറയാതെ പറയുകയായിരുന്നു പിണറായി.

സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമം. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നതന്ന് - സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്നും രാജ്യത്തിന്റെ നിലനിൽപ്പിനുള്ള അടിസ്ഥാന ഘടക ഫെഡറലിസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടയാളം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്തിന്റെ കരുത്ത്. അടിസ്ഥാന യാഥാർത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ കെടുത്തുന്നതാണ്.മതനിരപേക്ഷതക്ക് നേരെ കയ്യറ്റം നടക്കുന്ന നിലയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ദേശീയപാതക ഉയർത്തി. പതാകയിൽ കയർ കുടുങ്ങിയ കാരണം ഉയർത്തിയ പതാക ഇവിടെ തിരിച്ചറക്കേണ്ടി വന്നു. മന്ത്രി സല്യൂട്ട് ചെയുന്നതിനിടെയാണ് പതാക തിരിച്ചിറക്കി വീണ്ടും ഉയർത്തിയത്. സ്വാതന്ത്ര്യത്തിന്റെ തലേന്നും ചിലർ നാടിന്റെ സമാധാനം തല്ലികെടുത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലും സ്വാതന്ത്രദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു.കാക്കനാട് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് പതാക ഉയർത്തി. 75 വർഷത്തെ അനുഭവത്തിൽ നിന്ന് രാജ്യം പുതിയ കുതിപ്പിനുള്ള ഊർജ്ജം സംഭരിക്കണം എന്ന് മന്ത്രി സ്വാതന്ത്രദിന സന്ദേശത്തിൽ പറഞ്ഞു. നിരവധി പോരാട്ടങ്ങളുടെ ഉൽപ്പന്നമാണ് സ്വാതന്ത്രമെന്നും രാജ്യത്തിന് ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ല കളക്ടർ ഡോ. രേണു രാജും പങ്കെടുത്തു

ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനാണ് പതാക ഉയർത്തിയത്. രാജ്യത്ത് മുൻപില്ലാത്ത രീതിയിൽ വർഗീയ വേർ തിരിവുകൾ ഉയർന്നു വരുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതു തിരുത്തണമെന്നും മന്ത്രി റോഷി പറഞ്ഞു.കാലാനുസൃതമായ വികസനം ആണ് അനിവാര്യം. ഇതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ദേശീയപതാക പതാക ഉയർത്തി. ജനാധിപത്യത്തിന്റെ പ്രകാശമായി ഇന്ത്യ നിലനിൽക്കണമെന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ജനാധിപത്യത്തിന്റെ അന്തസും മൂല്യവും കാത്തുസൂക്ഷിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ തദ്ദേശസ്വയംഭരണസ്ഥാപന മന്ത്രി എംവി ഗോവിന്ദൻ ദേശീയപതാക ഉയർത്തി. രാജസ്ഥാനിൽ കൊല ചെയ്യപ്പെട്ട 9 വയസുകാരന്റെ ചിത്രം വേദനയായി അവശേഷിക്കുകയാണെന്ന് മന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്ത് ജാതീയത ഇപ്പോഴും നിലനിൽക്കുന്നു. ഭരണഘടനയേയും മതനിരപേക്ഷതയേയും ഉയർത്തിപ്പിടിച്ച് കൊണ്ട് മാത്രമേ മുന്നോട്ട് പോകാനാവൂ.

മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നത് ഒരു ആശയത്തിന്റെ പ്രചാരകരാണ്. രാഷ്ട്രപിതാവിനെ മൃഗീയമായി വെടിവെച്ച് കൊന്നു. വർഗ്ഗീയ ധ്രുവീകരണം രാജ്യത്തെ അപകടത്തിലാക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. 75-ാം വാർഷികത്തിലും രാജ്യത്ത് ജാതിക്കോമരങ്ങൾ ഉറഞ്ഞാടുന്നു.ഭരണഘടന വെല്ലുവിളിക്കപ്പെടുന്നു എന്ന ബോധ്യപ്പെട്ട ജനതയാണ് വീടുകളിൽ പതാകയുയർത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വയനാട്ടിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പതാക ഉയർത്തി. കൽപ്പറ്റ എസ്‌കെഎംജെ ഗ്രൗണ്ടിലായിരുന്നു ചടങ്ങുകൾ. ഒരു ജനത അഭിമാനത്തോടെ തലയുയർത്തി നിന്നു പോരാടിയതിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും തുല്യത ഉറപ്പുവരുത്താൻ കഴിയണമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ കൂട്ടിചേർത്തു.

ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി പി പ്രസാദ് പതാക ഉയർത്തി. എ എം ആരിഫ് എം പി, എം എൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച സലാം, ജില്ലാ കലക്ടര് കൃഷ്ണ തേജ, എസ് പി ,ജയദേവ് തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം എംഎസ് പി മൈതാനത്ത് നടന്ന സ്വാതന്ത്യദിനാഘോഷത്തിൽ മന്ത്രി വിഅബ്ദുറഹ്‌മാൻ പതാക ഉയർത്തി. സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ അഭിവാദ്യം അർപ്പിച്ചതിന് ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടിൽ എത്തിയത്. എംഎസ്‌പി അസിസ്റ്റന്റ് കമാൻഡന്റാണ് പരേഡിന് നേതൃത്വം നൽകിയത്. പരേഡിന് മുന്നോടിയായി മൂവായിരത്തോളം സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത മാർച്ച് പാസ്റ്റ് നടന്നു. മികച്ച പ്രകടനം നടത്തിയ ടീമിന് സമ്മാനങ്ങൾ നൽകി.

കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ദേശീയപതാക ഉയർത്തി. ഇന്നലെവരെ സ്വാതന്ത്ര്യത്തെ ദിനത്തിൽ കരിദിനമാചരിച്ച കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണെന്നും സ്വാതന്ത്ര്യ സമര ചരിത്രം എടുത്താൽ ഒരു ബിജെപിക്കാരനെ കാണാനാവില്ലെന്നും കെ.സുധാകരൻ പറഞ്ഞു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മധുരിമ നുണയാൽ അവകാശമുള്ള ഒരേ ഒരു സംഘടന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും സുധാകരൻ പറഞ്ഞു.