- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈനിൽ സംസ്ഥാന സർക്കാരിന് ആശ്വാസം; സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡവിഷൻ ബെഞ്ച് റദ്ദാക്കി; ഡിപിആർ ഹാജരാക്കണമെന്ന ഉത്തരവും റദ്ദാക്കി; കോടതി കണക്കിലെടുത്തത് പദ്ധതി വൈകാൻ കാരണമാകുമെന്നും പദ്ധതി ചെലവ് ഉയരാൻ ഇടയാക്കുമെന്നുമുള്ള വാദങ്ങൾ
കൊച്ചി: സംസ്ഥാന സർക്കാറിന്റെ സ്വപ്‌ന പദ്ധതിക്ക് എതിരായ കോടതി വിധിയിൽ സംസ്ഥാന സർക്കാറിന് ഹൈക്കോടതിയിൽ ആശ്വാസം. സിൽവർ ലൈൻ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. നിലവിലെ സഹചര്യത്തിൽ സർക്കാറിന് ഏറെ ആശ്വാസം പകരുന്നതാണ് വിധി.
സിൽവർ ലൈൻ സർവേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികളാണ് സിംഗിൾ ബെഞ്ച് ഉത്തരവിലൂടെ തടഞ്ഞത്. സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹർജിയിലെ പരിഗണനാ വിഷയങ്ങൾക്കപ്പുറം കടന്നാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും അപ്പീലിൽ സർക്കാർ വാദിച്ചു.
സാമൂഹികാഘാത സർവേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാൻ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കും. ഡിപിആർ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിലെ നിർദ്ദേശം ഒഴിവാക്കണമെന്നും അപ്പീലിൽ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.
സിൽവർ ലൈനെതിരായ ഹർജി സമർപ്പിച്ചവർ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഡിപിആർ സംബന്ധിച്ച സിംഗിൾ ബഞ്ച് പരാമർശങ്ങൾ ഹർജിയുടെ പരിഗണന പരിധി മറികടക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഡിപിആർ നടപടികൾ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിക്കരുതെന്നും അപ്പീലിൽ സർക്കാർ വിശദീകരിച്ചു.
അതേസമയം നിലവിലെ അലൈന്മെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തി വയിക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഡിപിആറിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഡിപിആർ സംബന്ധിച്ച് സംസ്ഥാന സർക്കാരിൽനിന്നു കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര നിലപാട്.