- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് സിൽവർലൈൻ സംവാദം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെട്ട മുഴുപ്പിലങ്ങാട് കല്ലിടൽ; പൊലീസ് വാഹനത്തിന് മുന്നിൽ സ്ത്രീകളുടെ പ്രതിഷേധം; അറസ്റ്റ്; കല്ല് പിഴുതെറിയുമെന്നും നാട്ടുകാർ
കണ്ണൂർ: തിരുവനന്തപുരത്ത് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംവാദം നടന്നുകൊണ്ടിരിക്കെ കണ്ണൂരിൽ സിൽവർലൈൻ കല്ലിടലിന്റെ പേരിൽ സംഘർഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമാണ് മുഴപ്പിലങ്ങാടാണ് കല്ലിടലിനിടെ സംഘർഷമുണ്ടായത്.
ഇവിടെ കോൺഗ്രസ് പ്രവർത്തകരും പൊലീസുമായി വാക്കുതർക്കമുണ്ടായി. കല്ലിടാൻ വീട്ടുകാരുടെ അനുമതി തേടണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് അധികൃതരും നിലപാടെടുത്തു.
പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കല്ലിടൽ നടന്ന വീടിന്റെ ഉടമയേയും മകനേയും അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തുടർന്ന് വീട്ടിലെ സ്ത്രീകളും മറ്റുനാട്ടുകാരും പ്രതിഷേധിച്ചതോടെ ഇവരെ വിട്ടയച്ചു. സ്ഥലത്ത് കല്ലിടൽ തുടരുകയാണ്. അതേസമയം, അധികൃതർ മുൻകൂട്ടി അറിയിച്ചിട്ടില്ലെന്നും കല്ല് പിഴുതെറിയുമെന്നും നാട്ടുകാർ പറഞ്ഞു.
മുഴപ്പിലങ്ങാട് ജനവാസ മേഖലയിലായിരുന്നു കല്ലിടിൽ. വീട്ടുകാർ സ്ഥലത്തില്ലെന്നും അതിനാൽ കല്ലിടാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. കെ റെയിൽ ഉദ്യോഗസ്ഥരടക്കം പ്രതിഷേധക്കാരോട് സംസാരിച്ചു. സർവ്വേ നമ്പറുകൾ മാത്രമാണുള്ളതെന്നും മുൻകൂട്ടി അറിയിച്ച് സർവ്വേ നടത്താനുള്ള സാഹചര്യമല്ല ഉള്ളതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
എന്നാൽ കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് കല്ലിട്ടത്. കല്ല് പിഴുത് മാറ്റുമെന്ന് വീട്ടുടമ പറഞ്ഞു. പൊലീസ് വാഹനത്തിന് മുന്നിൽ സ്ത്രീകൾ പ്രതിഷേധവുമായെത്തി.
തങ്ങൾക്ക് യാതൊരു അറിയിപ്പും നൽകാതെയാണ് അതിക്രമിച്ചു കയറി കല്ലിട്ടതെന്ന് വീട്ടുകാർ പറയുന്നു. നഷ്ടപരിഹാരം തന്നാലും തങ്ങൾക്ക് വേണ്ട. ഇവർ എത്ര ആഴത്തിൽ കല്ലിട്ടാലും തങ്ങളത് പിഴുതെറിയുമെന്നും വീട്ടുടമ മുഹമ്മദലി പ്രതികരിച്ചു.
തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സിൽവർ ലൈൻ പദ്ധതിയുടെ സംവാദം പുരോഗമിക്കുന്നത്. പദ്ധതിയെ അനുകൂലിച്ച് മൂന്ന് പേരും എതിർത്തുകൊണ്ട് ഒരാളുമാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. എതിർക്കുന്ന രണ്ട് പേർ പിന്മാറിയിരുന്നു. ഇവർക്ക് പകരം ആരേയും ഉൾപ്പെടുത്താതെ തന്നെ സംവാദവുമായി മുന്നോട്ട് പോകാൻ കെ റെയിൽ തീരുമാനിക്കുകയായിരുന്നു.
മുൻ റെയിൽവേ ബോർഡ് മെംബർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവരാണ് പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത്. ഇവർക്കൊപ്പം പദ്ധതി എതിർക്കുന്നവരുടെ കൂട്ടത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ ആർ.വി.ജി. മേനോൻ മാത്രമാണ് പങ്കെടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ