- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർഥികളായി റോഡിലേക്കിറങ്ങില്ലെന്ന് വീട്ടമ്മമാർ; സിൽവർ ലൈൻ 'വിശദീകരിക്കാൻ' ഇറങ്ങിയ എംഎൽഎയോട് കയർത്ത് നാട്ടുകാർ; പ്രതിഷേധം ശക്തമാക്കിയപ്പോൾ പ്രചാരണം അവസാനിപ്പിച്ച് എം എസ് അരുൺകുമാറും സംഘവും; തെറ്റിദ്ധാരണ മാറ്റിയെന്ന് പ്രതികരണവും
മാവേലിക്കര: സിൽവർലൈൻ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാനായി ഭവനസന്ദർശനം നടത്തിയ എംഎൽഎ ഉൾപ്പെട്ട ഡിവൈഎഫ്ഐ സംഘത്തോട് കയർത്തു ജനങ്ങൾ. മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ വിളിച്ച യോഗത്തിലാണു നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാർ യോഗം ബഹിഷ്കരിച്ചു. ബഹളത്തെതുടർന്ന് എംഎൽഎയും മടങ്ങി.
സംഭവത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. അഭയാർഥികളെ പോലെ വീട്ടിൽനിന്നു റോഡിലേക്കിറങ്ങാൻ സാധിക്കില്ലെന്നു സ്ത്രീകൾ ഉൾപ്പെടെ എംഎൽഎയോടു പറയുന്നതു വിഡിയോയിൽ കാണാം.
സിൽവർ ലൈൻ അനുകൂല പ്രചരണത്തിനായാണ് എം എസ് അരുൺകുമാർ എംഎൽഎ ഉൾപ്പെടെ ഡിവൈഎഫ്ഐ നേതാക്കൾ ആലപ്പുഴ പടനിലത്ത് എത്തിയത്. ഡിവൈഎഫ്ഐയുടെ ഭവന സന്ദർശനത്തിനിടെ പ്രാദേശികമായി ആളുകളെ വിളിച്ചുകൂട്ടി പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് എംഎൽഎ ശ്രമിച്ചത്.
എന്നാൽ സിപിഎം അനുഭാവികളായ ആളുകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയപ്പോൾ പ്രചാരണം അവസാനിപ്പിച്ച് നേതാക്കൾക്ക് മടങ്ങേണ്ടി വന്നു. അതേസമയം, കാര്യങ്ങളെല്ലാം വിശദീകരിച്ച് തെറ്റിദ്ധാരണ മാറ്റിയാണ് തങ്ങൾ മടങ്ങിയതെന്ന് എംഎൽഎയും നേതാക്കൾ അവകാശപ്പെടുന്നു.
കെ റയിലിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനായിട്ടാണ് ഡിവൈഎഫ്ഐ വീടുകളിൽ കയറി പ്രചരണം നടത്തുന്നത്. കണ്ണൂരിൽ കഴിഞ്ഞ ദിവസം മുതല് വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. കെ റയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പ്രതിരോധ പ്രവർത്തനവുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയത്.
വീടുകൾ കയറിയിറങ്ങി റെയിൽ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കും. നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളിൽ ജനങ്ങളിലെ ആശങ്കകൾ പരിഹരിക്കുമെന്നാണ് ഡി വൈ എഫ് ഐ നേതൃത്വം അറിയിച്ചത്. കണ്ണൂർ ജില്ലയിൽ കെറയിൽ പ്രതിഷേധം രൂക്ഷമായ പയ്യന്നൂർ, തളാപ്പ്, മാടായി പ്രദേശങ്ങളിൽ നേതാക്കൾ നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിക്കും.
അതേസമയം, കൊല്ലം തഴുത്തലയിൽ കെ റെയിൽ സർവേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. ഗ്യാസ് സിലിണ്ടർ വരെ തുറന്നു വച്ച് ജനങ്ങൾ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഉദ്യോഗസ്ഥ നീക്കം പൊളിഞ്ഞത്.
രാവിലെ പ്രതിഷേധമുണ്ടായ തഴുത്തലയ്ക്ക് സമീപപ്രദേശത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ യുഡിഎഫ്, ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. പിന്നീട് പി.സി.വിഷ്ണുനാഥ് എംഎൽഎ ഇവിടെ എത്തുകയും ഉദ്യോഗസ്ഥരോട് സ്ഥലത്ത് നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വീട്ടമ്മമാരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കല്ലിടൽ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
വീടിന്റെ ഉമ്മറത്ത് ഗ്യാസ് സിലണ്ടർ തുറന്നു വച്ച് ചുവരിൽ ആത്മഹത്യ കുറിപ്പ് എഴുതി ഒട്ടിച്ച് തഴുത്തലയിലെ അജയകുമാറും ഭാര്യ സുധയുമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിക്കാൻ കയറും കെട്ടി ഈ കുടുംബം.
ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാർ ഒന്നടങ്കം തെരുവിലിറങ്ങി. പ്രതിഷേധത്തിനു പിന്തുണയുമായി പി.സി.വിഷ്ണുനാഥ് എം എൽ എ യുടെ നേതൃത്വത്തിൽ കോൺഗ്രസുകാരെത്തി. ബിജെപി പ്രവർത്തകർ റോഡിൽ അടുപ്പു കൂട്ടി. കല്ലുമായെത്തിയ വാഹനത്തിൽ കയറിയും പ്രതിഷേധമുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ