തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടുണ്ടായ പ്രധാനമായ രണ്ട് കേസുകളായിരുന്നു നടിയെ ആക്രമിച്ച കേസും ഇപ്പോൾ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചു എന്ന കേസും. ഈ രണ്ട് കേസിലും ഇരകൾക്ക് സംസ്ഥാനത്തിന്റെ പൊതുസമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഈ രണ്ടു കേസുകളും തമ്മിലുള്ള സാമ്യം രണ്ടിടത്തും വില്ലൻ വേഷത്തിലുള്ളവർ സ്വയം കുഴിയിൽ വീഴുകയായിരുന്നു എന്നതാണ്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് സംശയത്തിലാകുന്നത് ഒരു ഘട്ടത്തിൽ കേസ് ഒതുങ്ങിയെന്ന് കരുതി നടൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖമായിരുന്നു മാധ്യമപ്രവർത്തകരെ വിരട്ടിയും കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് മഞ്ജു വാര്യർക്കും മുകളിൽ കേസ് കെട്ടിവെക്കാനുള്ള ശ്രമങ്ങളായിരുന്നു ദിലീപ് ഈ അഭിമുഖത്തിൽ നടത്തിയത്. മാതൃഭൂമി ന്യൂസ് ചാനലിലെ ആങ്കർ വേണു ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു ദിലീപ്. ഇരയെയും അവഹേളിക്കാൻ ശ്രമം നടത്തി. ഇതോട ദിലീപിനെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയും താരം അറസ്റ്റിലാകുകയുമായിരുന്നു.

സമാനമായ അനുഭവമാണ് ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉണ്ടായതും. കന്യാസ്ത്രീയെ പീഡിപ്പിച്ചത് കൂടാതെ അവരെ വരുതിയിൽ നിർത്താനും മഠത്തിൽ നിന്നും പുറത്താക്കാനുമായി നടത്തിയ ശ്രമങ്ങൾ നടത്തിയത്. സഭയിലുള്ളവർക്ക് പരാതി നൽകിയപ്പോഴായിരുന്നു ഈ ശ്രമം. സഭയിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കന്യാസ്ത്രീ ആദ്യമായി പരാതിയുമായി രംഗത്തെത്തിത്. കൂടാതെ തന്നെ മോശക്കാരിയാക്കാനും ആസൂത്രിത ശ്രമം ബിഷപ്പ് ഫ്രാങ്കോയിൽ നിന്നുമുണ്ടായി.

2018 ജൂൺ 22- കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ വധഭീഷണി മുഴക്കുന്നതായി ആരോപിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം എസ്‌പിക്ക് പരാതി നൽകുന്നുതോടെയാണ് അതുവരെ സഭയിൽ കുറച്ച് പേർക്ക് മാത്രം അറിയാമായിരുന്ന പീഡന വിവാദം ഉയരുന്നത്. കന്യാസ്ത്രീ പരാതി നൽകിയേക്കുമെന്ന് ഭയന്ന് മുൻകൂറായി ഫ്രാങ്കോ നടത്തിയ ശ്രമമായിരുന്നു ഇത്. ഈ പരാതിക്കി പിന്നാലെ 2018 ജൂൺ 27 - ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതിയുമായി കന്യാസ്ത്രീ രംഗത്തുവന്നു. 2018 ജൂൺ 28- കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കാൻ വൈക്കം ഡി.വൈ.എസ്‌പിയെ ചുമതലപ്പെടുത്തുന്നു. എഫ്.ഐ.ആർ രജിസ്റ്റർ രജിസ്റ്റർ ചെയ്യുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം മൂന്ന് മാസം പിന്നിടുമ്പോഴാണ് ബിഷപ്പ് അറസ്റ്റിലാകുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നതാകട്ടെ എഫ്‌ഐആർ ഇട്ട് അഞ്ച് മാസം കഴിയുമ്പോഴും. പ്രതിസ്ഥാനത്തുള്ള രണ്ട് പേരും കരുതിയത് സമൂഹത്തിൽ തങ്ങൾക്കുള്ള പ്രതാപവും പണവും ഉപയോഗിച്ച് എല്ലാം ഒതുക്കി തീർക്കാം എന്നായിരുന്നു. എന്നാൽ കേരള സമൂഹത്തിന്റെ അതിജാഗ്രത തന്നെയാണ് ഈ രണ്ടു കേസുകളുടെയും അന്വേഷണ വഴിതെറ്റാതെ മുന്നോട്ടു പോകാനും ഇത് ഇടയാക്കി. ചുരുക്കത്തിൽ ഇപ്പോൾ ബിഷപ്പിനെ കുരുക്കിയത് കന്യാസ്ത്രീയെയും കുടുംബത്തെയും വിരട്ടിഓടിക്കാൻ ശ്രമിച്ച നീക്കങ്ങളായിരുന്നു.

കള്ളങ്ങൾ നിരത്തിയാണ് ബിഷപ്പ് ഇതുവരെ പിടിച്ചു നിൽക്കാൻ ശ്രമിച്ചത്. സംഭവം നടന്ന ദിവസങ്ങളിൽ കുറുവിലങ്ങാട് മഠത്തിൽ പോയിട്ടില്ല. മെയ് 5 ന് കുറുവിലങ്ങാട് പോയിട്ടുണ്ടെങ്കിലും താമസിച്ചിട്ടില്ലെന്നും കന്യാസ്ത്രീയുടെ വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ബിഷപ്പ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. എന്നാൽ, തൃപ്പൂണിത്തുറ ഹൈടെക് ഓഫീസിൽ വെച്ചുള്ള മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികൾ പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നു. അവിടെയാണ് അദ്ദേഹത്തിന് പിടിവീണതും.

ബിഷപ്പിനെതിരായ ആരോപണങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ട് കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്ക് കത്തയച്ചിരുന്നു. ഈ കത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോടെ ബിഷപ്പിന്റെ ക്രൂരതകളെ കുറിച്ച് സമൂഹം ചർച്ച ചെയ്തു. താൻ ബിഷപ്പിനാൽ പീഡിപ്പിക്കപ്പെട്ടു എന്ന് ആവർത്തിച്ച കന്യാസ്ത്രീ കൂടുതൽ കന്യാസ്ത്രീകളെ ബിഷപ്പ് ദുരുപയോഗപ്പെടുത്തിയെന്നും കത്തിൽ വെളിപ്പെടുത്തിയിരുന്നു.

കന്യാസ്ത്രീകൾക്ക് സഭ നീതി നൽകുന്നില്ലെന്നും ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കത്തിൽ കുറ്റപ്പെടുത്തി. ഈ മാസം എട്ടാം തീയ്യതിയാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകൾക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ സ്വാധീനവും സഭയിലെ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും തന്നെ പ്രതിക്കൂട്ടിൽ നിർത്താനുമാണ് ജലന്ധർ ബിഷപ്പ് ശ്രമിക്കുന്നതെന്നും കന്യാസ്ത്രീ കുറ്റപ്പെടുന്നു. കേസ് ഒതുക്കാനായാ പത്തേക്കർ സ്ഥലവും വാഗ്ദാനം ചെയ്തതും കത്തിൽ പറയുന്നു.

സഭയ്ക്ക് കീഴിലുള്ള കന്യാസ്ത്രീകൾക്ക് മേൽ ബിഷപ്പ് ഫ്രാങ്കോയുടെ കഴുകൻ കണ്ണുകൾ പതിച്ചിരിക്കയാണെന്നും ഇരയാക്കപ്പെട്ട കന്യാസ്ത്രീ കത്തിൽ പറയുന്നു. ആകർഷണം തോന്നുന്ന കന്യാസ്ത്രീകളെ നിർബന്ധിച്ചോ ബലഹീനതകൾ മുതലെടുത്തോ കെണിയിൽ വീഴ്‌ത്തുന്നതാണ് ഫ്രാങ്കോയുടെ പരിപാടി. ബിഷപ്പിന്റെ പേരിൽ ഇതിന് മുമ്പും മറ്റ് പലരും പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി നൽകുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്‌നത്തെത്തുടർന്ന് മിഷണറീസ് ഓഫ് ജീസസിൽ നിന്ന് അഞ്ച് വർഷത്തിനിടെ 20 കന്യാസ്ത്രീകൾ പിരിഞ്ഞ് പോയിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൽ ബിഷപ്പിന്റെ ഭാഗത്തു നിന്നും പതിവായി ഉണ്ടാകുന്നതാണെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അമ്മയെ പോലെ കാണേണ്ട സഭ കന്യാസ്ത്രീകളോട് പെരുമാറുന്നത് രണ്ടാനമ്മയെ പോലെയാണെന്നും അവർ കുറ്റപ്പെടുത്തി. ബിഷപ്പ് ഫ്രാങ്കോ തന്നെ 13 തവണ പീഡിപ്പിച്ചതായും അവർ പരാതിയിൽ പറയുന്നു. ഫ്രാങ്കോയുടെ പീഡനങ്ങളെ തുടർന്ന് താൻ മാനസികമായി ഏറെ തകർന്നുപോയെന്നും ഇപ്പോഴും ചികിത്സയിലാണെന്നും കന്യാസ്ത്രീ പറയുന്നു. 2017 നവംബറിൽ തനിക്കെതിരെ ഫ്രാങ്കോ കേസ് കൊടുത്തു. ബിഷപ്പ് ഫ്രാങ്കോ രൂപത പി.ആർ.ഒ ആയ ഫാ.പീറ്റർ കാവുംപുറം വഴി മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും തനിക്കും കുടുംബത്തിനുമെതിരെ അപവാദ പ്രചരണം നടത്തുന്നു. തന്റെ ബന്ധുക്കൾക്ക് നേരെയും ഭീഷണി ഉണ്ടായി.

താനുമായി ബന്ധപ്പെട്ടവരെയെല്ലാം ഫ്രാങ്കോ കേസിൽ കുടുക്കുകയാണ്. തന്റെ ഡ്രൈവർക്കെതിരെ പോലും ഫ്രാങ്കോയെ ഭീഷണിപ്പെടുത്തി എന്നുകാണിച്ച് കേസിൽപെടുത്തിയെന്നും കന്യാസ്ത്രീ പരാതിയിൽ പറയുന്നു. തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും ഒടുവിൽ നൽകിയ കാര്യവും അവർ കത്തിൽ ചൂണ്ടിക്കാട്ടി. മറ്റൊരു യുവ കന്യാസ്ത്രീയുമായി ബിഷപ്പിന് ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം തെളിവുകളോടെ പിടികൂടിയെന്നും കന്യാസ്ത്രീ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് നൽകിയ പരാതിയിൽ അടിവരയിട്ടിരുന്നു.

2007 മുതൽ 2013 വരെ മിഷിണറീസ് ഓഫ് ജീസസിന് കീഴിലുള്ള കന്യാസ്ത്രീ സമൂഹത്തിലെ സുപ്പീരിയർ ജനറലായിരുന്നു ഇരയാക്കപ്പെട്ട കന്യാസ്ത്രീ. 2017 ജൂൺ മാസത്തിലാണ് ലൈംഗിക അതിക്രമം തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ച് ഇവർ പരാതി നൽകുന്നത്. ഫാദ ജോസഫ് തടത്തിലും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനും ഫ്രാങ്കോയിൽ നിന്നും അനുഭവിക്കേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് പരാതി നൽകി. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പീഡനം തുടർന്നതോടെയാണ് 2017 മെയിൽ താൻ മഠം വിടാൻ ഒരുങ്ങിയത്. എന്നാൽ, സന്യാസി സമൂഹത്തിലെ മറ്റുള്ളവർ അന്ന് തന്നെ പിന്തിരിപ്പിക്കുകയായിരുന്നു.- കന്യാസ്ത്ര കത്തിൽ പറയുന്നു.

സീറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ആലഞ്ചേരിയെ കണ്ടും താൻ പരാതി പറഞ്ഞിരുന്നു. താൻ സഭാ അധ്യക്ഷന്മാരെ കണ്ട് പരാതി നൽകിയെന്ന് മനസിലായതോടെ ജലന്ധർ ബിഷപ്പ് തന്നെയും തന്റെ സഹോദരിയെയും പൊലീസ് കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇങ്ങനെ തന്റെയും തന്റെ കുടുംബത്തെയും ബിഷപ്പ് വേട്ടയാടാൻ ശ്രമിച്ചപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്നും കന്യാസ്ത്രീ വ്യക്തമാക്കി. സഭയ്ക്കുള്ളിൽ പരാതി നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചപ്പോൾ തന്നെ വേട്ടയാടുന്ന സമീപനമായിരുന്നു ഫ്രാങ്കോ കൈക്കൊണ്ടത്. വത്തിക്കാൻ സ്ഥാനപതിക്ക് പരാതി ചൂണ്ടിക്കാട്ടിയെങ്കിലും അതും ഫലപ്രദമായില്ലെന്നം അവർ വ്യക്തമാക്കി.