മുംബൈ: തെന്നിന്ത്യൻ സിനിമകളിലും പിന്നീട് ബോളിവുഡിലും തിളങ്ങിനിന്ന നായിക ശ്രീദേവിയുടെ ആകസ്മിക മരണത്തിന്റെ ഷോക്കിലാണ് ബോളിവുഡും സിനിമാ ആസ്വാദകരും. അതിനിടെ ജീവിതകാലത്ത് നടി കടന്നുപോയ അനുഭവങ്ങളും ചർച്ചയാകുന്നു. ആദ്യഭാര്യയെ ഒഴിവാക്കാനും ശ്രീദേവിയെ ജീവിതസഖിയാക്കാനും ഭർത്താവ് ബോണി കപൂർ നടത്തിയ നീക്കങ്ങളാണ് അതിലൊന്ന്.

ആദ്യഭാര്യയായ മോണ ഷൗരിയുടെ മരണത്തിലും ഇപ്പോൾ ശ്രീദേവിയുടെ മരണത്തിലും ഉള്ള ഒരു അപൂർവ സമാനതയാണ് മറ്റൊന്ന്. ശ്രീദേവിയെ ആദ്യം രഹസ്യമായി പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും അത് പരസ്യമാക്കാതെ തുടർന്ന മിഥുൻ ചക്രവർത്തിയിൽ നിന്ന് ശ്രീദേവി നേടിയ മോചനത്തിന്റെ വിവരങ്ങളും പിന്നീട് ബോണിയെ ജീവിതപങ്കാളിയാക്കിയതും ഏതു സാഹചര്യത്തിലെന്നുമുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്.

ബാലതാരമായി സിനിമയിൽ എത്തിയ ശ്രീദേവി അഞ്ചു പതിറ്റാണ്ടുകളോളം സിനിമാലോകത്ത് തുടർന്നു. ഏറ്റവുമൊടുവിൽ ഇംഗ്‌ളീഷ് വിങ്‌ളീഷ് എ്ന്നചിത്രത്തിൽ അഭിനയിച്ച് ആസ്വാദകരുടെ മനസ്സുകവർന്ന്, വീട്ടമ്മയുടെ വേഷത്തിൽ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചുവെന്ന് കയ്യടി നേടിയ നടിയുടെ ജീവിതത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങളും ഉണ്ടായിരുന്നു. തമിഴ് നായകർക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി.

അവരുടെ ജീവിതത്തിൽ സിനിമാ ലോകത്തുനിന്ന് തിരിച്ചടികൾ ഉണ്ടായിരുന്നോ എന്ന കാര്യവും ചർച്ചയാണിപ്പോൾ. മക്കളെ സിനിമയിൽ എത്തിക്കുന്നതിന് ആദ്യമെല്ലാം എതിർത്തിരുന്ന ശ്രീദേവി പക്ഷേ, ഒടുവിൽ മകൾ സിനിമയിൽ എത്തുന്നത് അംഗീകരിച്ചു. എന്നാൽ മകളുടെ സിനിമ പുറത്തുവരുന്നതിന് മുമ്പ് ശ്രീദേവി വിടവാങ്ങുന്നു.

മൂത്തമകൾ ജാൻവിയുടെ സിനിമ പ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു ശ്രീദേവി കണ്ടിരുന്നത്. എന്നാൽ ജാൻവിയുടെ ആദ്യ ചിത്രം ദഡക്ക് ജൂലൈയിൽ റിലീസ് ചെയ്യാനിരിക്കുമ്പോഴായിരുന്നു ശ്രീദേവിയുടെ മരണം. ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണു ശ്രീദേവി കാത്തിരുന്നത്. ഇതേ അവസ്ഥയിലാണ് ബോണിയുടെ ആദ്യഭാര്യ മോണ കപൂറും മരണത്തിന് കീഴടങ്ങുന്നത്. ശ്രീദേവിയുമായുള്ള പ്രണയം ശക്തമായതോടെയാണ് ബോണിയെ ഉപേക്ഷിച്ച് മോണ കപൂർ പോകുന്നത്.

മിഥുനുമായുള്ള പ്രണയം ഉപേക്ഷിച്ച ശ്രീദേവി

നടൻ മിഥുൻ ചക്രവർത്തിയുമായി നീണ്ടുനിന്ന പ്രണയമായിരുന്നു ശ്രീദേവിയെ ഒരുകാലത്ത് ഗോസിപ്പുകളിൽ നിറച്ചത്. എന്നാൽ ആ പ്രണയം നീങ്ങിയത് രഹസ്യവിവാഹത്തിലേക്കാണ്. എന്നാൽ പിന്നീടും മിഥുൻ ഈ ബന്ധം പരസ്യമാക്കാൻ തയ്യാറായില്ല. തന്റെ മുൻഭാര്യ യോഗീതാ ബാലിയിൽ നിന്നു വിവാഹമോചനം നേടാതെയാണ് മിഥുൻ ശ്രീദേവിയെ പങ്കാളിയാക്കിയത്. ബന്ധം പരസ്യമായി അംഗീകരിക്കാതെ മിഥുൻ നിലകൊണ്ടത് ശ്രീദേവിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

വിവാഹിതനായ പുരുഷനുമായി പ്രണയബന്ധത്തിലായ നടിയെന്ന നിലയ്ക്ക് പ്രചരണങ്ങൾ നടന്നത് ശ്രീദേവിയെ തളർത്തി. മിഥുന്റെ കുടുംബം തകർത്തവൾ എന്ന ദുഷ്‌പേരു പോലും ശ്രീദേവി നേരിട്ടു. ഈ സ്ഥിതിയിൽ നിന്ന് മോചനമെന്ന നിലയിലാണ് ബോണി കപൂറുമായി ശ്രീദേവി അടുക്കുന്ന സാഹചര്യമുണ്ടായത്.

ആതേസമയം, ശ്രീദേവിയെ ജീവിത സഖിയാക്കാൻ കൊതിച്ച് നടക്കുകയായിരുന്നു ബോണി കപൂർ. 1970ൽ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ടാണ് തനിക്ക് അവരോട് ആരാധന തോന്നിത്തുടങ്ങിയതെന്ന് ബോണി കപൂർ പറഞ്ഞിട്ടുണ്ട്. ശ്രീദേവിക്കൊപ്പം സിനിമ ചെയ്യാനും അടുക്കാനുമായിരുന്നു ബോണിയുടെ പിന്നീടുള്ള ശ്രമം. ഇക്കാര്യം സൂചിപ്പിക്കാൻ ഒരു ഷൂട്ടിങ് സെറ്റിൽ എത്തി ബോണിയോട് കാര്യമായി സംസാരിക്കാൻ ശ്രീദേവി തയ്യാറായില്ല. പാതി ഇംഗ്ലിഷിലും ഹിന്ദിയിലുമായി ബോണി കപൂറിനോടു സംസാരിച്ച ശ്രീദേവി സിനിമ സംബന്ധിച്ച കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് അമ്മയാണെന്ന് അറിയിച്ചു. അങ്ങനെ ശ്രീദേവിയുടെ അമ്മയെ കണ്ട ബോണി കപൂർ അവർ സിനിമയ്ക്കായി ചോദിച്ച പത്തുലക്ഷത്തിനു പകരം പതിനൊന്നു ലക്ഷം വാഗ്ദാനം ചെയ്ത് അമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റി. ശ്രീദേവിയോട് എങ്ങനെയെങ്കിലും അടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഇത് വിജയിച്ചതോടെ ശ്രീദേവിയെ സുഹൃത്താക്കാൻ ബോണിക്ക് കഴിഞ്ഞു.

പക്ഷേ ഇക്കാലത്ത് മിഥുനുമായി അടുപ്പത്തിലായിരുന്നു ശ്രീദേവി. അതിനാൽ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് ബോണിക്ക് സമ്മതിക്കേണ്ടിവന്നു. അങ്ങനെയാണ് മോണാ ഷൂരിയെ വിവാഹം കഴിക്കുന്നത്. എന്നാൽ മിഥുനുമായുള്ള ബന്ധം പിന്നീട് വേദനകൾ സമ്മാനിച്ചുതുടങ്ങിയതോടെ അതിൽ നിന്ന് മാറാൻ ശ്രീദേവി അതിയായി ആഗ്രഹിച്ചു. അങ്ങനെയാണു തന്റെ വിഷമങ്ങൾ പങ്കുവച്ച് ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നത്. ശ്രീദേവിയുടെ അമ്മയുടെ കടബാധ്യതകൾ തീർക്കാൻ കൂടി ബോണി മുന്നിട്ടിറങ്ങിയതോടെ ഇരുവരുടെയും ബന്ധം കൂടുതൽ ദൃഢമായി മാറുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

ശ്രീദേവിയെ കാത്തിരുന്നതും മോണയ്ക്ക് സംഭവിച്ച അതേ വിധി

ശ്രീദേവിയുമായുള്ള ബോണിയുടെ ബന്ധം അതിരു കടന്നുവെന്നു ബോധ്യപ്പെട്ടതോടെ മോണ എതിർത്തു. ശ്രീദേവി ഗർഭിണിയാണെന്നുകൂടി അറിഞ്ഞതോടെ അത് വിവാഹമോചനത്തിലേക്ക് എത്തി. അന്ന് അമ്മയും അച്ഛനും സഹോദരിയുമായിരുന്നു തനിക്കു ശക്തി പകർന്നതെന്ന് മോണ പിന്നീടു പറഞ്ഞിരുന്നു. മക്കളായ അർജുൻ കപൂറിനും അൻഷുലയ്ക്കുമൊപ്പമായിരുന്നു പിന്നീടുള്ള മോണയുടെ ജീവിതം. മകളുടെ ജീവിതം തകർത്തവളായി ശ്രീദേവിയെ കണ്ട മോണയുടെ അമ്മ ഒരിക്കൽ പരസ്യമായിതന്നെ ഗർഭിണിയായ ശ്രീദേവിയെ മർദിക്കാൻ പോലും ശ്രമിച്ചിരുന്നു. ഇതിന് ശേഷം 1996 ജൂൺ രണ്ടിനായിരുന്നു ശ്രീദേവി ബോണിയെ വിവാഹം ചെയ്യുന്നത്.

2012 അർബുദത്തെ തുടർന്നു മോണ മരിക്കുമ്പോൾ മകൻ അർജുൻ കപൂറിന്റെ ആദ്യ ചിത്രം അണിയറയിൽ ഒരുങ്ങുകയായിരുന്നു. ബിടൗണിലെ തിളങ്ങുംതാരമാണ് അർജുൻ കപൂർ. മോണ 2012ൽ അർബുദത്തെത്തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്. മകന്റെ അർജുൻ കപൂറിന്റെ അരങ്ങേറ്റം ഏറെ ആഗ്രഹിച്ച ആ അമ്മയ്ക്ക് പക്ഷേ, അതു കാണാൻ കഴിഞ്ഞില്ല. അതിനു മുമ്പേ അവർ മരണത്തിനു കീഴടങ്ങി.

അതേ വിധി തന്നെയാണു ശ്രീദേവിക്കും സംഭവിച്ചത്. സിനിമയിൽ ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങുന്ന സമയത്തായിരുന്നു ശ്രീദേവിയെ ബോണി കപൂർ വിവാഹം കഴിച്ചത്. പിന്നീടങ്ങോട്ട് ബോണിയുടെയും മക്കളായ ജാൻവിയുടെയും ഖുഷിയുടെയും സന്തോഷത്തിനായി ശ്രീദേവി അഭിനയത്തോട് തൽക്കാലം വിടപറഞ്ഞു. വർഷങ്ങൾക്കു ശേഷം മക്കൾ വലിയ കുട്ടികൾ ആയതിന് പിന്നാലെയാണ് ഇംഗ്ലിഷ് വിങ്ലിഷ്, മോം എന്നീ ചിത്രങ്ങളിലൂടെ ശ്രീദേവി വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.

മകൾ ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായുള്ള താരത്തിന്റെ വിയോഗം. മകന്റെ ചിത്രം തിയേറ്ററിൽ എത്തുന്നതിന് മുമ്പ് മോണ കപൂർ വിടവാങ്ങിയതുപോലെ തന്നെ സമാനമായ മരണമാണ് ശ്രീദേവിക്കും ഉണ്ടാകുന്നത്. മൂത്തമകൾ ജാൻവിയുടെ ആദ്യ ചിത്രം ദഡക്ക് ജൂലൈയിൽ റിലീസ് ചെയ്യാനിരിക്കുമ്പോൾ അത് കാണാൻ നിൽക്കാതെ ശ്രീദേവിയും യാത്രയാകുന്നു.