സൈമൺ ബ്രിട്ടോ ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത് തിരികെ വന്നപ്പോൾ ആ അനുഭവങ്ങൾ എഴുതാൻ അദ്ദേഹത്തിന് ഒരാളെ വേണമായിരുന്നു. അങ്ങനെയാണ് അഭിമന്യു ബ്രിട്ടോയ്ക്ക് അരികിൽ എത്തുന്നത്. ഫിസിയോ തെറാപ്പി അടക്കമുള്ള കാര്യങ്ങൾ ചെയ്തിരുന്ന ബ്രിട്ടോക്ക് സഹായി ആയിരുന്നു അഭിമന്യു. താൻ വീട്ടിലെത്തി കഴിഞ്ഞാൽ ഫിസിയോ തെറാപ്പി ചെയ്തു തരുന്നതും കിടക്കയിൽ നിന്നും പൊക്കിയിരുത്തന്നതും അവനായിരുന്നു. കൂടാതെ എഴുത്തിൽ അദ്ദേഹത്തെ സഹായിക്കാനും അഭിമന്യു ഒപ്പം നിൽക്കുകയുണ്ടായി. 1800 പേജോളം വരുന്ന യാത്രാവിവരണത്തിന്റെ കൂടുതലും എഴുതിയിരുന്നതും അഭിമന്യു തന്നെയായിരുന്നു. ഇതിലൂടെയായിരുന്നു അദ്ദേഹവും അഭിമന്യുമായുള്ള സൗഹൃദത്തിന് തുടക്കം.

മഹാരാജാസിലെ കുട്ടികൾ വീട്ടിലെ സ്ഥിരം സന്ദർശകരാണ്. ഏതു കാര്യത്തിനും അവർ വലിയൊരു സഹായമായിരുന്നു. ചക്രക്കസേരയിലിരുന്നു ഞാൻ നടത്തിയ ഇന്ത്യാ പര്യടനത്തിന്റെ യാത്രാ വിവരണം കേട്ടെഴുതാനായി അഭിമന്യു വന്നതോടെയാണു വൈകാരികമായി ആ ബന്ധം ദൃഢമായത്. ഞങ്ങൾ വീട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൻ. തമാശയും കുസൃതിയും കൊണ്ട് ആർക്കും ഇഷ്ടമാവുന്ന പ്രകൃതം. എന്റെ വീൽചെയർ തള്ളി കൂടെയുണ്ടാവും. വല്ലപ്പോഴും എന്റെ വീട്ടിലേക്കു വരുന്ന മമ്മിക്കു പോലും അവൻ പ്രിയപ്പെട്ടവനായി. മകൾ നിലാവുമായി കളിക്കും, വഴക്കിടും. വെള്ളിയാഴ്ച വന്നാൽ തിങ്കളാഴ്ച മടങ്ങുമ്പോൾ ഭാര്യ സീന കെട്ടിക്കൊടുക്കുന്ന പൊതിച്ചോറുമായാണ് അവൻ കോളജിലേക്കു പോയിരുന്നത്. ഇൗ വാക്കുകളിൽ നിന്ന വ്യക്തമാകുന്നതാണ് ബ്രിട്ടോയും അഭിമന്യുവും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം

'അവൻ ഒരു നിരപരാധിയാണ്. സംഘടനയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവൻ. തല്ലാനോ, കൊല്ലാനോ വെട്ടാനോ പോകാത്തവൻ.എന്റെ വീട്ടിൽ വന്ന് അവൻ നിൽക്കുമായിരുന്നു, മൂന്ന് ദിവസമൊക്കെ. എന്റെ ഇന്ത്യ യാത്രയെ കുറിച്ചുള്ള ഭാഷാപോഷിണിയിലേക്കുള്ള എഴുത്ത് അവനായിരുന്നു ചെയ്തത്. നീല മഷിയിൽ വലിയ അക്ഷരത്തിൽ വേഗത്തിൽ അവനെഴുതും. അതിന് മുൻപ് അർജുനാണ് എനിക്ക് എഴുതാൻ വന്നത്. അവന് ഞാൻ പറയുന്ന അത്രയും വേഗത്തിൽ എഴുതാനാവില്ലായിരുന്നു. അങ്ങിനെയാണ് അഭിമന്യു എന്റെ അടുത്തേക്ക് വരുന്നത്.''

'വാതോരാതെ സംസാരിക്കുമായിരുന്നു. ഇടയ്ക്ക് ഞാൻ പോടാന്നൊക്കെ പറയും. അത്രയും നല്ല സൗഹൃദമായിരുന്നു. എന്റെ എല്ലാ കാര്യവും അവൻ ഏറ്റെടുത്ത് ചെയ്യുമായിരുന്നു. ഇടക്ക് ഞാൻ മുണ്ടിൽ മൂത്രമൊഴിച്ചാൽ അവനത് കഴുകി തരുമായിരുന്നു. എന്നെ കുളിപ്പിക്കുമായിരുന്നു. അന്ന് ഞാൻ അവനോട് പറഞ്ഞതാണ്, എടാ നീ അഭിമന്യുവാണ്. ചക്രവ്യൂഹം ഭേദിക്കാൻ നിനക്ക് പറ്റും. തിരിച്ച് പുറത്തിറങ്ങാൻ നിനക്ക് പറ്റില്ല. സൂക്ഷിക്കണം എന്ന്,'' സൈമൺ ബ്രിട്ടോ പറഞ്ഞു.കേരളീയ സമൂഹം മാറ്റത്തിന്റതാണ്. ഇത്തരം പുഴുക്കുത്തുകളെ കേരളം പുറന്തള്ളണം. അവർക്ക് ഇവിടെ ക്യാംപസ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് വേണ്ടത്. അങ്ങിനെ വന്നാൽ കലാലയങ്ങൾ അരാഷ്ട്രീയവത്കരിച്ച് വർഗ്ഗീയത കയറ്റാൻ അവർക്ക് സാധിക്കും.