കാൺപൂർ: വൈദ്യുതിയും റോഡും വെള്ളവുമില്ല. സാങ്കേതികവിദ്യയിൽ എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതൊരു ഹെഡ് പമ്പു മാത്രമാണ്. ഉത്തർപ്രദേശിലെ സിമ്രാൻപുർ എന്ന ഗ്രാമമാണ് സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ് കഴിഞ്ഞിട്ടും ഇതേ നിലയിൽ തുടരുന്നത്. അധികൃതരുടെ കടുന്ന അവഗണനയാണ് തങ്ങളുടെ അധോഗതിക്കു കാരണമെന്നു ഗ്രാമവാസികൾ പറയുന്നു.

സഹികെട്ട് ഗ്രാമവാസികൾ ഒരു കടുംകൈ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഗ്രാമത്തിന്റെ പേര് പാക് അധീന കാശ്മീർ എന്നാക്കി മാറ്റാനാണ് ഉദ്ദേശ്യം. അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ വേറിട്ട പ്രതിഷേധം. വൈദ്യുതിയോ, നല്ല റോഡുകളോ, സ്‌കൂളോ, ഡിസ്പെൻസറിയോ ഒരു സൗകര്യങ്ങളും ഈ ഗ്രാമത്തിലില്ല.

ഗ്രാമത്തിൽ ആകെയുള്ളത് ഒരു ഹെഡ് പമ്പ് വർഷങ്ങൾക്കു മുമ്പേ പ്രവർത്തനരഹിതമായി. ഇപ്പോൾ കന്നുകാലികളെ കെട്ടാനാണ് പമ്പ് ഉപയോഗിക്കുന്നത്. ഗ്രാമത്തിൽ വൈദ്യുതിയും, വെള്ളവും, നല്ല റോഡുകളും എത്തുന്നത് വരെ ഗ്രാമത്തെ പാക് അധിനിവേശ കശ്മീർ എന്നായിരിക്കും തങ്ങൾ പറയുകയും കുറിക്കുകയുമെന്നും ഗ്രാമവാസികൾ പറയുന്നു.

800 പേരാണ് ഗ്രാമത്തിലുള്ളത്. ഏറെ ചർച്ചകൾക്കൊടുവിലാണ് പേര് മാറ്റിയുള്ള പ്രതിഷേധത്തിന് ഗ്രാമവാസികൾ ഒന്നടങ്കം തീരുമാനിച്ചത്. ബിജെപി എംഎ‍ൽഎ അഭിജീത്ത് സിങ് സംഗയെ സമീപിച്ച് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരുനടപടിയുമുണ്ടായില്ല. ഇതിന് മുൻപത്തെ സമാജ്‌വാദി പാർട്ടി എംഎ‍ൽഎയും ഇവരുടെ ആവശ്യത്തിന് ചെവികൊടുത്തില്ല.

സമീപത്ത് ഒരു ഊർജനിലയമുണ്ടെങ്കിലും 70 വർഷമായി ഇവിടുത്തെ വീടുകളിൽ കറണ്ടില്ല. കാലവർഷം എത്താറായി. ഗ്രാമത്തിൽ ആകെ 30 പേർക്ക് മാത്രമാണ് റേഷൻ കാർഡുള്ളത്. കാർഡുള്ളവർക്ക് പോലും റേഷൻകടയിൽ നിന്ന് മണ്ണെണ്ണയും കിട്ടുന്നില്ല. വൈദ്യുതിയുമില്ല, മണ്ണെണ്ണയും തരില്ല എന്നതാണ് സ്ഥിതിയെന്ന് ഗ്രാമവാസി പറയുന്നു.

സൗകര്യങ്ങളുടെ പരിമിതി കാരണം ഈ ഗ്രാമത്തിലെ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാസ്ഥിതിയാണ്. പെൺമക്കളുള്ള മാതാപിതാക്കളാകട്ടെ ഈ ഗ്രാമവാസിയാണെന്ന് അറിയുന്നതോടെ വിവാഹ ആലോചനയിൽ നിന്ന് തന്നെ പിന്മാറുകയാണ്. ഇത് കാരണം വിവാഹം കഴിക്കാത്ത നിരവധി പേരുണ്ട് ഗ്രാമത്തിൽ. രാഷ് ട്രീയ നേതാക്കൾ തങ്ങളെ പാക് അധിനിവേശ കശ്മീർ പ്രചാരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും ഇവർ പറയുന്നു.