കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് മനോദൗർബല്യമുള്ള വീട്ടമ്മയെ അയൽവാസികൾ ചേർന്നു തല്ലിച്ചതച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംഭവം നടന്ന ഹോട്ടലിന്റെ ഉടമ ഫ്രാൻസിസ് രംഗത്ത്. മർദ്ദനത്തിനിരയായ മുനമ്പം പള്ളിപ്പുറം കാവാലംകുഴിയിൽ ആന്റണിയുടെ ഭാര്യ മാർഗെറ്റ് സിൻഡയെ (48) ആദ്യം ചവിട്ടി വീഴ്‌ത്തിയത് സംഭവത്തിലെ ഒന്നാം പ്രതിയായ ലിജി അഗസ്റ്റിന്റെ ഭർത്താവ് അഗസ്റ്റിൻ ആണെന്നാണ് ഫ്രാൻസിസ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

' ഞാൻ ഇവിടെ ഇരിക്കുമ്പോൾ മൂന്നു സ്ത്രീകളും ഒരാണും കൂടി ഹോട്ടലിന് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ആ സമയം സിൻഡാമ്മ എന്ന സിൻഡ വരികയും ചേട്ടാ ഒരു ചായ താ എന്ന് പറയുകയും ചെയ്തു. ചായ കുടിച്ചു കൊണ്ടിരിക്കെ ഹോട്ടലിനുള്ളിലേക്ക് മോളി എന്ന സ്ത്രീ കടന്ന് വരികയും അവളിവിടെയുണ്ടെന്ന് ഉറക്കെ പറഞ്ഞു. അപ്പോൾ അഗസ്റ്റിനും ലിജിയും ഡീനയും ഉള്ളിലേയ്ക്ക് കയറി.

ചായകുടിച്ചുകൊണ്ടിരുന്ന സിൻഡയെ തെറി വിളിച്ചുകൊണ്ട് അഗസ്റ്റിൻ ചവിട്ടി വീഴ്‌ത്തി. ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന എന്റെ മേലേക്ക് സിൻഡ വീണു. പിന്നീട് താഴെ ഇരുന്ന ഇൻവർട്ടറിന്റെ ബാറ്ററിയിൽ തലയിടിച്ചു താഴേക്ക് വീണു. അപ്പോൾ ലിജി ഒരു മരക്കഷ്ണവുമായി എത്തി തലയ്ക്കടിച്ചു. പിന്നാലെ മോളിയും ഡീനയും എത്തി സിൻഡയെ താഴെയിട്ടു ചവിട്ടി. ഇതിനിടെ അവളുടെ കാൽ ചവിട്ടി ഒടിക്കാൻ മോളി ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഇതോടെ മോളിയും ഡീനയും സിൻഡയുടെ കാൽമുട്ടുകളിൽ ശക്തിയായി ചവിട്ടി. പീന്നീട് മൂന്നു പേരും തലമുടിയിലും കാലിലും പിടിച്ചു വലിച്ചിഴച്ച് റോഡിലിട്ടു മർദ്ദനം തുടർന്നു. അപ്പോൾ ലിജി ഹോട്ടലിലെ അടുക്കളയിലേക്ക് പാഞ്ഞ് കയറി ദോശ ചുടാനുപയോഗിക്കുന്ന ചട്ടുകം ഗ്യാസ് സ്റ്റൗ ഓണാക്കി അതിൽ വച്ച് പഴുപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ ബിജുവിനെ കഴുത്തിന് പിടിച്ചു തള്ളി. ആ ചട്ടുകം എടുത്ത് സിൻഡയെ പൊള്ളിക്കുകയായിരുന്നു. ഇതോടെ ഹൃദ് രോഗിയായ ഞാൻ കുഴഞ്ഞ് പോയി. പിന്നീട് നടന്നതൊന്നും ഞാൻ അറിഞ്ഞില്ല' :- ഫ്രാൻസിസ് പറഞ്ഞു.

എന്നാൽ പിന്നീട് നടന്നത് ഏവരെയും അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ചട്ടുകം കാലിൽ പൊള്ളിപ്പിച്ചപ്പോൾ ചാടിയെണീറ്റ് കായലിലേക്ക് ചാടുകയും തലപൊട്ടിയൊഴുകിയ ചോര കഴുകി കളഞ്ഞ് രക്ഷപ്പെടുകയായിരുന്നു സിൻഡ. സ്ത്രീകൾ മർദ്ധിക്കുന്ന ദൃശ്യങ്ങൾ ഹോട്ടലിലുണ്ടായിരുന്ന ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് ക്രൂര കൃത്യം പുറത്തറിഞ്ഞത്. ഇതോടെ മുനമ്പം പൊലീസ് സ്വമേധയാ കേസെടുക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

സംഭവം അറിഞ്ഞ് മുനമ്പം സ്റ്റേഷനിലെത്തിയ കൊച്ചി റൂറൽ എസ്‌പി എ.വി ജോർജിനോട് നാട്ടുകാരിൽ ചിലർ ഇതേക്കുറിച്ച് സംശയം പ്രകടിപ്പിച്ചതോടെ റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കുശേഷമാണ് അറസ്റ്റിലായ മൂന്നുപേർക്കെതിരെ ചുമത്തേണ്ട വകുപ്പ് സംബന്ധിച്ചു തീരുമാനമായത്. സ്റ്റേഷൻ ജാമ്യം നൽകാൻ കഴിയുന്ന ദുർബലമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കാൻ പൊലീസിനുമേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, സംസ്ഥാനമൊട്ടാകെ ചർച്ചയായ സംഭവമെന്ന നിലയ്ക്കു കർശന നിലപാട് സ്വീകരിക്കാൻ പൊലീസ് നിർബന്ധിതരായി. തീരുമാനം വൈകിയതിനാൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് പ്രതികളെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കിയത്. രാത്രിതന്നെ ഇവരെ ജയിലിലേക്കു മാറ്റി.

ഇപ്പോൾ വധശ്രമത്തിനാണു കേസെടുത്തത്. ഞാറയ്ക്കൽ മജിസ്‌ട്രേട്ട് കോടതി ഫെബ്രുവരി 12 വരെ മൂവരേയും റിമാൻഡ് ചെയ്തു. മൂവരെയും കാക്കനാട്ടെ വനിതാ ജയിലിലേക്കു മാറ്റി. എന്നാൽ കേസിൽ സിൻഡയെ ചവിട്ടി വീഴ്‌ത്തിയ അഗസ്റ്റിനെതിരെ പൊലീസ് യാതൊരു നടപടിയും എടുത്തില്ല. വീഡിയോ ദൃശ്യങ്ങളിൽ അഗസ്റ്റിൻ ഇല്ലാതിരുന്നതിനാലാണ് കേസെടുക്കാത്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ നാട്ടുകാരിൽ ചിലർ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും കാര്യമായി എടുത്തില്ല. പൊലീസിനെ പണമെറിഞ്ഞ് വരുതിയിലാക്കിയതിനാലാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

മർദ്ദനത്തിൽ ഗുരുതരമായി സിൻഡയ്ക്ക് പരിക്കേറ്റിരുന്നു. ഇവരെ മുനമ്പം പൊലീസ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സ്‌കാനിങ്ങ് ഉൾപ്പെടെയുള്ള വിശദമായ പരിശോധനയിൽ ഗുരുതരമായ പരിക്കുകളില്ലെന്നും സൈക്യാട്രിക് സംബന്ധമായ ചികിത്സയ്ക്കായി ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

പള്ളിപ്പുറം കൈപ്പാശേരി ലിജി അഗസ്റ്റിൻ (47), അച്ചാരുപറമ്പിൽ മോളി സെബാസ്റ്റ്യൻ (44), പാറേക്കാട്ടിൽ ഡീന ബിജു (37) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത് റിമാൻഡ് ചെയ്തത്. പള്ളിപ്പുറം കോൺവന്റിനു സമീപം അഞ്ചാം വാർഡിൽ താമസിക്കുന്ന സിൻഡയെ അയൽവാസികൾ ക്രൂരമായി മർദ്ദിക്കുകയും തുടർന്നു ബോധരഹിതയായി വീണ ഇവരുടെ കാൽവെള്ളയിൽ ചൂടാക്കിയ ചട്ടുകം വച്ചു പൊള്ളിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു സംഭവം വിവാദമായതും പൊലീസ് ഇടപെട്ടതും.

മർദ്ദനമേറ്റ വീട്ടമ്മയും നാട്ടുകാരിൽ ചിലരുമായി നേരത്തേ തർക്കമുണ്ടായിരുന്നു. നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ വീട്ടമ്മയെ പിടികൂടി കൊണ്ടുവന്നാൽ നടപടി സ്വീകരിക്കാമെന്ന സമീപനമാണു പൊലീസ് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. പിടിക്കാൻ ശ്രമിച്ചാൽ വീട്ടമ്മ അക്രമാസക്തയാവുമെന്നു ചൂണ്ടിക്കാട്ടിയപ്പോൾ മുട്ടിനു താഴെ അടിച്ചു കീഴ്‌പ്പെടുത്താനും പറഞ്ഞുവത്രെ. ഇതിന്റെ തുടർച്ചയാണു ആക്രമണമെന്നു പറയപ്പെടുന്നു. ആക്രമണത്തിനു ശേഷം കേസ് ഇല്ലാതാക്കാനുള്ള ശ്രമവും നടന്നു.

പരാതിയില്ലെന്നു വരുത്താൻ വീട്ടമ്മയുടെ മകളെ നിർബന്ധിച്ചു സ്റ്റേഷനിലെത്തിക്കാൻ ചിലർ ശ്രമിച്ചു. എന്നാൽ ഒരു ബന്ധു എത്തി കുട്ടിയെ വീട്ടിൽനിന്നു മാറ്റുകയായിരുന്നു. മനോരോഗ വിദഗ്ധൻ ഉൾപ്പെട്ട മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിച്ചു. വിദഗ്ധ ചികിൽസയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയെ മനോരോഗ വിദഗ്ധന്റെ നിർദ്ദേശപ്രകാരമാണ് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുന്നത്. സിൻഡയുടെ തലയിൽ ചതവുണ്ടായിരുന്നു. രണ്ടു കണ്ണിനു ചുറ്റിലും നീർക്കെട്ടുണ്ട്. പക്ഷേ, കാഴ്ചയ്ക്കു പ്രശ്‌നമില്ല. കാലിൽ ഉൾപ്പെടെ ദേഹത്തു പലയിടത്തും മുറിവുകളുണ്ട്.

വീട്ടമ്മയ്‌ക്കൊപ്പം മർദ്ദനമേറ്റ മകൾ ഇന്നലെ മുനമ്പം പൊലീസിന് വിശദമായ പരാതി നൽകി. ഞായറാഴ്ച രാത്രിയും പ്രതികൾ വീട്ടിലെത്തി വീട്ടമ്മയെ മർദ്ദിച്ചിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് മകൾക്കും മർദ്ദനമേറ്റത്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന സ്ത്രീകൾക്കു പുറമെ അവരിൽ ഒരാളുടെ ഭർത്താവും മറ്റൊരാളും ചേർന്നാണ് ക്രിക്കറ്റ് ബാറ്റ്, പട്ടിക എന്നിവ ഉപയോഗിച്ച് തന്നെ മർദിച്ചതെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയതെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.