ലണ്ടൻ: തൊമ്മനും മക്കളും, രാജമാണിക്യം, വാസ്തവം തുടങ്ങിയ ഹിറ്റ് സിനിമകളിലെ വേഷത്തിലൂടെ മലയാള സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ നടി സിന്ധു മേനോനെ കർണാടക പൊലീസ് തേടുന്നു. യുകെയിലുള്ള തമിഴ്‌നാട് സ്വദേശിയായ ഡൊമനിക് പ്രഭുവിനെ വിവാഹം കഴിച്ച് അഞ്ചു വർഷത്തോളമായി ഇംഗ്ലണ്ടിൽ കഴിയുന്ന സിന്ധു മേനോന്റെ സഹോദരൻ മനോജ് കാർത്തിക് വർമ്മ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും വായ്പ എടുത്ത 36 ലക്ഷം രൂപ മടക്കി ലഭിച്ചിട്ടില്ല എന്ന് ബാങ്ക് നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യാൻ പൊലീസ് നടിയെ തേടുന്നത്. കേസിൽ അറസ്റ്റിലായ മനോജ് കാർത്തിക്കിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് പൊലീസിനെ ഉദ്ധരിച്ചു ബാംഗ്ലൂർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

1994 മുതൽ 2012 വരെ തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന നടി വിവാഹ ശേഷം അവസരം കുറഞ്ഞതോടെയാണ് ഇംഗ്ലണ്ടിലേക്ക് എത്തിയത്. ഏകദേശം അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച സിന്ധു മേനോന്റെ 2006ലെ പുലിജന്മം എന്ന ചിത്രത്തിന് ലഭിച്ച ദേശീയ അവാർഡ് വഴിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഭർത്താവിനൊപ്പം ഇംഗ്ലണ്ടിലെ ബെക്കിങ്ഹാംഷെയറിൽ കുടുംബ ജീവിതം നയിക്കുകയാണ്. ബാങ്കിൽ നിന്നും വായ്പ എടുത്ത പണം കാർ വാങ്ങാൻ ഉപയോഗിച്ചില്ല എന്ന് കണ്ടെത്തിയ ബാങ്ക് അതിനായി വ്യാജ ഇൻവോയ്സ് സമർപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് തവണകൾ മുടങ്ങിയതോടെയാണ് ബാങ്ക് നിയമ നടപടികളിലേക്ക് നീങ്ങിയത്.

സഹോദരന് വായ്പ ലഭിക്കാൻ വേണ്ടി 10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചതാണ് പൊലീസ് നിരീക്ഷണം സിന്ധുവിലേക്കു നീങ്ങാൻ കാരണമായത്. ബാങ്കിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണു ഇങ്ങനെ പണം കൈമാറ്റം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്. സിന്ധുവിനെ ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചപ്പോൾ സഹോദരി ഉടൻ ബ്രിട്ടനിൽ നിന്നും നാട്ടിൽ മടങ്ങി എത്തും എന്നാണ് സഹോദരൻ കാർത്തിക് പൊലീസിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ പൊലീസ് നടിയെ ബന്ധപ്പെടാൻ ഉള്ള ശ്രമത്തിലാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വായ്പ എടുത്ത ശേഷം മനോജ് കാർ വാങ്ങിയിരുന്നില്ല. ഓഡി കാർ വാങ്ങാനെന്ന് തെറ്റിധരിപ്പിച്ചാണ് പണം തട്ടിയത്. വ്യാജ രേഖകൾ ബാങ്കിന് നൽകി. അതിന് ശേഷം വായ്പാ തുക സിന്ധു മേനോന്റെയും മറ്റൊരു സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. നടിയുടെ സഹോദരനെ ഈ സാഹചര്യത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സിന്ധുമേനോൻ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്നതും വിവാദത്തിലൂടെയാണ് എന്നതും നടിയുടെ ജാതക ദോഷമാകാം എന്നാണ് സിനിമ രംഗത്തെ അടക്കം പറച്ചിൽ. അഞ്ചു വർഷം മുൻപ് അമിതമായി ഉറക്ക ഗുളിക കഴിച്ചു നടി ആത്മഹത്യക്കു ശ്രമിച്ചു എന്നതായിരുന്നു സിനിമ പ്രസിദ്ധീകരങ്ങളുടെ ഗോസ്സിപ് വാർത്തകൾ പ്രചരിച്ചത്. നടി ബാംഗ്ലൂരിൽ ചികിത്സ തേടിയതിനെ തുടർന്ന് ആണ് ഇത്തരം വാർത്തകൾക്കു പ്രചാരം ലഭിച്ചത്. തുടർന്നാണ് സിന്ധു യുകെയിൽ എത്തുന്നത്. അതിനിടെ സിന്ധുവിന്റെ ഭർത്താവ് ഡൊമനിക് പ്രഭുവും മുൻപ് സാമ്പത്തിക ഇടപാടിൽ നോട്ടപ്പുള്ളി ആയിരുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്‌കോട്ടിഷ് ഗവണ്മെന്റിന്റെ വിവാദമായ ഫാം ഇടപാടിൽ ഡൊമനിക്കിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 900 ശതമാനം ലാഭം ഉണ്ടാക്കിയതാണ് മാധ്യമ ശ്രദ്ധ തിരിയാൻ കാരണമായത്. സ്‌പെക്ട്രോമാക്‌സ് സൊല്യൂഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ പദവി വഹിച്ചിരുന്ന ഡൊമനിക് ആഡംബര ജീവിത ശൈലി നയിച്ചതിലൂടെ നേരായ വഴിയിൽ അല്ല സ്ഥാപനം ലാഭം ഉണ്ടാക്കുന്നത് എന്നായിരുന്നു മാധ്യമ വാർത്തകൾ പ്രചരിച്ചത്. യൂറോപ്യൻ യൂണിയനിൽ നിന്നും ഫാം സബ്സിഡികൾ കൈകാര്യം ചെയ്യാൻ ഡൊമനിക്കിന്റെ സ്ഥാപനം ഐടി സാങ്കേതിക വിദ്യ കൈമാറിയാണ് ലാഭം പെരുപ്പിച്ചത് എന്നായിരുന്നു വിവാദം.

ഡൊമിനിക് നൽകിയ പ്രൊജക്റ്റ് 75 മില്യൺ അധിക പൗണ്ടിലേക്കു നീങ്ങിയിട്ടും പകുതിയിലേറെ സ്‌കോട്ടിഷ് കർഷകർക്ക് നയാപണം ലഭിച്ചില്ല എന്നും ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് സ്‌കോട്‌ലൻഡിൽ ഭരണ കേന്ദ്രത്തിനു മുന്നിൽ പ്രക്ഷോഭവും കൃഷി സെക്രട്ടറി രാജി വയ്ക്കണം എന്ന ആവശ്യം വരെയും ഉണ്ടായി. എന്നാൽ ആരോപണങ്ങൾ എല്ലാം നിഷേധിച്ച ഡൊമനിക് ഈ പ്രൊജക്ടിൽ മുഴുവൻ ഉത്തരവാദിത്തവും സ്‌കോട്ടിഷ് സർക്കാരിന്റേത് ആണെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്. രണ്ടു വർഷം മുൻപ് കത്തി നിന്ന ഈ വിവാദം സാവധാനം കെട്ടടങ്ങുക ആയിരുന്നു. ടയർ ടു വിസയിൽ പ്രോജക്ടിനായി ഇന്ത്യയിൽ നിന്നും അനേകം ഐടി വിദഗ്ധരെ എത്തിച്ചത് വഴിയാണ് പ്രോജക്ട മാധ്യമ ശ്രദ്ധയിൽ പതിയുന്നത്.

യുകെയിൽ തൊഴിൽ ലഭിക്കാതെ ഐടി രംഗത്തുള്ളവർ പ്രയാസപ്പെടുമ്പോൾ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇത്തരം അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നീതിയല്ല എന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാൽ കഴിവുള്ള ജീവനക്കാർ പ്രോജക്ടിന് ആവശ്യമായതിനാൽ ആണ് പുറത്തു നിന്നും ആളെ എടുത്തത് എന്നായിരുന്നു ഡൊമനിക്കിന്റെ വാദം. ഏറെക്കുറെ വിജയ് മല്യ ശൈലിയിൽ നടിയുമൊത്തു വിദേശങ്ങളിൽ കറങ്ങിയുള്ള ആഡംബര ജീവിത ശൈലിയാണ് ഇയാളെ മാധ്യമങ്ങളുടെ നോട്ടപ്പുള്ളി ആക്കിയതും. എന്നാൽ വിവാദം കെട്ടടങ്ങിയതോടെ കഴിഞ്ഞ വർഷം കമ്പനിയുടെ പേര് ഒറ്റ നോട്ടത്തിൽ മനസിലാക്കാത്ത വിധം മാറ്റിയെടുത്തു ഡൊമനിക് വീണ്ടും ബിസിനസിൽ സജീവമാകാൻ ഉള്ള ശ്രമത്തിനിടയിലാണ് ഭാര്യയുടെ പേരിൽ വീണ്ടും വിവാദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

സാങ്കേതിക വിദ്യ രംഗത്തെ അതികായൻ സ്ഥാപനം ആയ സിജിഐ ഗ്രൂപ്പിന്റെ സബ് കോൺട്രാക്ടർ ആയാണ് ഡൊമനിക് ഫാം പ്രൊജക്ടിൽ രംഗപ്രവേശം ചെയ്യുന്നത്. ഏകദേശം ഒന്നര വർഷം മാത്രമാണ് ഡൊമനിക്കിന്റെ കമ്പനി ഇ പ്രൊജക്ടിൽ സജീവം ആയിരുന്നത്. കമ്പനി രേഖകൾ പ്രകാരം, ആദായ നികുതി രേഖകൾ സമർപ്പിക്കുന്നതിന് തൊട്ടു മുൻപായി ഡൊമനിക് പ്രൊജക്ടിൽ നിന്നും പിന്മാറുക ആയിരുന്നു എന്നതാണ് പ്രധാന മാധ്യമ ആരോപണം. ഡൊമനിക്കിന്റെ കമ്പനി 2014ലിൽ വെറും 80749 പൗണ്ടിന്റെ ആസ്തിയിൽ നിന്നും ഒറ്റയടിക്ക് 3479070 പൗണ്ടിന്റെ ഭീമൻ ആസ്തിയിലേക്കു കുതിച്ചുയർന്നതാണ് ഇവരെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.

ബാങ്കിലുള്ള പണമാകട്ടെ 33492 പൗണ്ടിൽ നിന്നും ഉയർന്നു 1077246 ലേക്ക് വളരുകയും ചെയ്തു. കമ്പനി ലാഭം 42761 പൗണ്ടിൽ നിന്നും 374338 ആയി കുതിച്ചുയർന്ന മാജിക്കും ഡൊമനിക് സൃഷ്ട്ടിച്ചു. ഒറ്റ വർഷം കൊണ്ടാണ് ഇത്രയും കാര്യങ്ങൾ സംഭവിച്ചത്. സബ്കോൺട്രാക്ടർ എന്ന നിലയിൽ സ്‌കോട്ടിഷ് സർക്കാരും ഡൊമനിക് പ്രഭുവും തമ്മിൽ നേരിട്ട് ഇടപാടുകൾ ഇല്ലാത്തതിനാൽ നിയമ നടപടി സാധ്യമല്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെയാണ് വിവാദം ഇല്ലാതായത്.

മലയാളിയായ സിന്ധു കർണാടകത്തിലാണ് ജനിച്ചത്. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രശ്മി എന്ന കന്നച ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സിന്ധി ഉത്തമൻ എന്ന ചിത്രത്തിലൂടെയാണ് മമലയാളത്തിൽ എത്തിയത്.