- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നേരത്തെ ഭക്ഷണം പോലും കൊടുത്തിട്ടില്ലാത്ത, ഒരു ദിവസം പോലും കണ്ടിട്ടില്ലാത്ത, ഞങ്ങളോട് 'സുന്ദരി' കാണിച്ച സ്നേഹം..; ചുറ്റുപാടും ശ്രദ്ധയോടെ നിരീക്ഷിച്ച് ഞങ്ങൾക്കൊരുക്കിയ സുരക്ഷ..; കാളിപ്പാറയിലെ നായയുടെ കരുതലിനെ പറ്റി സിന്ധു പ്രഭാകരൻ എഴുതുന്നു
നെടുമ്പാശ്ശേരി അത്താണിക്ക് സമീപത്തെ റോഡിലൂടെ യൂസഫ് എന്നയാൾ തന്റെ വളർത്തുനായയെ ഓടുന്ന കാറിൽ കെട്ടിവലിച്ച സംഭവം കേരളത്തിൽ വലിയ വാർത്തയായിരുന്നു. ആ സഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ആ വീഡിയോയിൽ തന്നെ മറ്റൊരു തെരുവ് നായ കാറിന് പിന്നാലെ ഓടുന്നതും കാണാമായിരുന്നു. നായയുടെ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണവും മനുഷ്യന്റെ ദയ ഇല്ലായ്മയുടെ നേർകാഴ്‌ച്ചയും ആയി ആ വീഡിയോ വിലയിരുത്തപ്പെട്ടു. നായ എന്ന ജീവിയുടെ സ്നേഹവും നന്ദിയും സംബന്ധിച്ച് പലരും തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഒരു പരിചയലുമില്ലാത്ത മനുഷ്യർക്ക് കരുതലൊരുക്കുന്ന ഒരു നായയുടെ കഥ പറയുകയാണ് അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയുമായ സിന്ധു പ്രഭാകരൻ. കാപ്പുകാടുള്ള കോട്ടൂർ ആനപരിപാലനകേന്ദ്രത്തിൽ നിന്നും കാളിപ്പാറയിലേക്കുള്ള വനയാത്രയിൽ എല്ലാ സംഘത്തിനും ഒപ്പം ചേരുന്ന സുന്ദരി എന്ന നായയുടെ സ്നേഹവും കരുതലുമാണ് സിന്ധു പ്രഭാകരൻ പങ്കുവെക്കുന്നത്.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് തിരുവനന്തപുരം മേഖലയിലെ 30 പേരടങ്ങിയ സംഘം 2019 ജൂൺ ഒന്നിന് പരിസ്ഥിതി ക്യാമ്പിന്റെ ഭാഗമായാണ് കാളിപ്പാറയിലേയ്ക്ക് ട്രക്കിങ് നടത്തിയത്. കാപ്പുകാടുള്ള കോട്ടൂർ ആനപരിപാലനകേന്ദ്രത്തിൽ നിന്നും യാത്ര ആരംഭിച്ചതു മുതൽ ഞങ്ങളോടൊപ്പം എവിടെനിന്നോ ഒരു നായയും കൂടി.. അവൾ ഞങ്ങളുടെ മുന്നിൽ നടന്നു, ചുറ്റും നിരീക്ഷിച്ചു, മണം പിടിച്ചു, ചിലപ്പോൾ കുരയ്ക്കുകയും ചെയ്തു.. 'ട്രക്കിങ്ങിന് വരുന്ന ടീമുകൾക്കൊപ്പം എല്ലാ യാത്രയിലും ഇവളും കൂടാറുണ്ട്' ഗൈഡായ ശശിയേട്ടന്റെ വാക്കുകളിലൂടെയാണ് ഞങ്ങളവളെ അറിഞ്ഞുതുടങ്ങിയത്- സിന്ധു പ്രഭാകരൻ എഴുതുന്നു.
സിന്ധു പ്രഭാകരന്റെ കുറിപ്പ് ഇങ്ങനെ..
പകരം നൽകാം, ഇത്തിരി കനിവെങ്കിലും...
സിന്ധു പ്രഭാകരൻ
പാറക്കൂട്ടങ്ങൾക്കിടയിൽ അങ്ങിങ്ങായി വളർന്നു നിന്ന പൊന്തക്കാട്ടിൽ നിന്നും
അർജുൻ കണ്ടെത്തിയ കുറച്ച് വലിപ്പമുള്ള ഇല കുമ്പിള് കുത്തിയത് ബാലകൃഷ്ണനാണ്. അതിലേക്ക് ശ്രീകുമാർ പകർന്ന വെള്ളം ആർത്തിയോടെ നക്കിക്കുടിച്ച് അവളും ക്ഷീണമകറ്റി.
കാളിപ്പാറയുടെ മുകളിൽ എത്തിയ 30 അംഗ സംഘത്തിനു മാത്രമായിരുന്നില്ല,
ദാഹം 'സുന്ദരി'ക്കുമുണ്ടായിരുന്നു..
ഉയരത്തിലെത്തിയ സൂര്യനും,
ഉയരത്തിലേക്കുള്ള നടത്തവും
ടീമംഗങ്ങളുടെ നാവുണക്കിയപ്പോൾ
ഒപ്പം കരുതിയിരുന്ന കുടിവെള്ളത്തിനാൽ ദാഹമകറ്റിയത്
മനുഷ്യർ മാത്രമായിരുന്നില്ല,
യാത്ര തുടങ്ങിയപ്പോൾ മുതൽ ഒപ്പം ചേർന്ന
സുന്ദരി എന്ന നായയും കൂടിയായിരുന്നു..
ആരോ പറഞ്ഞ പേരാണ് 'സുന്ദരി'.
അതെ, സുന്ദരി തന്നെയായിരുന്നു...
വെളുത്ത, നനുത്ത രോമങ്ങളും
ശാന്തമായ ഭാവവും
സ്നേഹത്തോടെയും കരുതലോടെയുമുള്ള പെരുമാറ്റവും
കൂടിയായപ്പോൾ അവൾ ഏവരുടെയും
പ്രിയപ്പെട്ട സുന്ദരിയായി..
കേരള ശാസ്ത്രസാഹിത്യപരിഷത്ത് തിരുവനന്തപുരം മേഖലയിലെ 30 പേരടങ്ങിയ സംഘം 2019 ജൂൺ ഒന്നിന് പരിസ്ഥിതി ക്യാമ്പിന്റെ ഭാഗമായാണ് കാളിപ്പാറയിലേയ്ക്ക് ട്രക്കിങ് നടത്തിയത്. കാപ്പുകാടുള്ള കോട്ടൂർ ആനപരിപാലനകേന്ദ്രത്തിൽ നിന്നും യാത്ര ആരംഭിച്ചതു മുതൽ ഞങ്ങളോടൊപ്പം എവിടെനിന്നോ ഒരു നായയും കൂടി..
അവൾ ഞങ്ങളുടെ മുന്നിൽ നടന്നു,
ചുറ്റും നിരീക്ഷിച്ചു,
മണം പിടിച്ചു,
ചിലപ്പോൾ കുരയ്ക്കുകയും ചെയ്തു..
'ട്രക്കിങ്ങിന് വരുന്ന ടീമുകൾക്കൊപ്പം എല്ലാ യാത്രയിലും ഇവളും കൂടാറുണ്ട്' ഗൈഡായ ശശിയേട്ടന്റെ വാക്കുകളിലൂടെയാണ് ഞങ്ങളവളെ അറിഞ്ഞുതുടങ്ങിയത്.
ഇടയ്ക്ക്, അവളുടെ കുരയുടെ ശബ്ദം മാറിയപ്പോൾ ശശിയേട്ടനും ജാഗരൂകനായി. അപകട സൂചന നൽകുകയാണ്.
കാടു കാണാനെത്തുന്ന നാട്ടുകാരോട് ഒരു 'മിണ്ടാപ്രാണി' കാണിക്കുന്ന കരുതൽ..
ടീമംഗങ്ങൾ അവളുടെ ചലനങ്ങളും ശബ്ദവും ശ്രദ്ധിച്ചു.
ഒരു സ്നേഹം, അടുപ്പം..
ഞങ്ങളറിയാതെ വളർന്നു തുടങ്ങി..
മലമുകളിൽ എത്തിയപ്പോൾ അവളുടെ ദാഹവും ഞങ്ങളറിഞ്ഞു.
കുപ്പിയിൽ നിന്നും അവൾക്ക് കുടിക്കാനാകാത്തതിനാലാണ് ചങ്ങാതിമാർ ഇലക്കുമ്പിളൊരുക്കിയത്.
കാളിപ്പാറയുടെ മുകളിൽ നിന്ന് നെയ്യാർ അണക്കെട്ടിന്റെ ജലസംഭരണിയുടേയും അഗസ്ത്യമലനിരകളുടേയും മനോഹരകാഴ്ച ആസ്വദിക്കുമ്പോൾ, സുന്ദരി ശാന്തയായി ഓരോരുത്തരുടെയും അടുത്തു വന്നു സ്നേഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
യാതൊരു മുൻ പരിചയവും ഇല്ലെങ്കിലും എല്ലാവരെയും തന്നിലേക്ക് അടുപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ്, അവൾക്കുണ്ടായിരുന്നു..
സംഘം ഒരുമിച്ചു നിന്ന് ഫോട്ടോ എടുത്തപ്പോൾ ഒത്ത നടുവിലായി, ഇത്തിരി സ്നേഹാധികാരത്തോടെ തന്നെ അവളും സ്ഥാനം പിടിച്ചു.
ഒന്നും പറയാനാവുന്നില്ലെങ്കിലും, ആ മിണ്ടാപ്രാണി എല്ലാം തിരിച്ചറിയുന്നുണ്ടായിരിക്കണം.
തിരികെ താഴെ എത്തിയശേഷം ബിസ്ക്കറ്റ് വാങ്ങിക്കൊടുക്കാനും ഞങ്ങൾ മറന്നില്ല..
ഒരു നേരത്തെ ഭക്ഷണം പോലും കൊടുത്തിട്ടില്ലാത്ത,
ഒരു ദിവസം പോലും കണ്ടിട്ടില്ലാത്ത,
ഞങ്ങളോട് 'സുന്ദരി' കാണിച്ച സ്നേഹം..
ചുറ്റുപാടും ശ്രദ്ധയോടെ നിരീക്ഷിച്ച് ഞങ്ങൾക്കൊരുക്കിയ സുരക്ഷ..
കൂടെ ഓടിയ 'തെരുവുനായ'യ്ക്ക് തോന്നിയ സ്നേഹവും അലിവുമെങ്കിലും സ്വന്തം വളർത്തുനായയോട് കാണിക്കാൻ 'ചിലർ' ഇനി എന്നാണ് പഠിക്കുക...?
അഖിലിനോടും 'ദയ'യോടും ഇഷ്ടം..
ഒന്നര വർഷം മുമ്പുണ്ടായ അനുഭവം..
വെറുതെ,
വെറും വെറുതെ,
ഓർത്തു പോയതാണ്...
പകരം നൽകാം, ഇത്തിരി കനിവെങ്കിലും... സിന്ധു പ്രഭാകരൻ പാറക്കൂട്ടങ്ങൾക്കിടയിൽ അങ്ങിങ്ങായി വളർന്നു നിന്ന പൊന്തക്കാട്ടിൽ...
Posted by Sindhu S Sukumaran on Saturday, December 12, 2020
മറുനാടന് ഡെസ്ക്