മാനന്തവാടി : മാനന്തവാടി സബ്‌റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ സീനിയർ ക്ലാർക്കായിരുന്ന സിന്ധുവിനെ കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നു. ഇതിന്റെ തുടർച്ചയായിരുന്നു അവരുടെ ആത്മഹത്യ. ഓഫീസിലെ ജീവനക്കാരിൽ ഒരു വിഭാഗവും ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പൊലീസ് ആരേയും കേസിൽ പ്രതികളാക്കുന്നില്ലെന്നതാണ് വസ്തുത.

ഷൂസിലും മറ്റും പണം വെച്ച് ഓഫീസിലെ ചിലർ കൈക്കൂലിക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് സഹോദരങ്ങൾ ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. രാജീവിന് മൊഴിനൽകി. ഓഫീസിൽ പലരും സിന്ധുവിനോട് സംസാരിച്ചിരുന്നില്ലെന്നും അത്യാവശ്യമായ കാര്യങ്ങൾ എഴുതിനൽകുകയായിരുന്നുവെന്നും സഹോദരങ്ങളായ പി.എ. ജോസും നോബിളും പറഞ്ഞു. കടുത്ത മാനസിക സമ്മർദ്ദമാണ് സിന്ധു അനുഭവിച്ചിരുന്നത്. ഇത് പൊലീസിനേയും അറിയിച്ചിട്ടുണ്ട്.

വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ സിന്ധുവിന്റെ എള്ളുമന്ദത്തെ വീട്ടിലും മാനന്തവാടി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലും എത്തിയത്. വയനാട് ആർ.ടി.ഒ. ഇ. മോഹൻദാസ്, മാനന്തവാടി ജോയന്റ് ആർ.ടി.ഒ. വിനോദ് കൃഷ്ണ എന്നിവരുടെ മൊഴി കഴിഞ്ഞദിവസംതന്നെ രേഖപ്പെടുത്തിയിരുന്നു. ഇതിൽ നിന്നെല്ലാം സിന്ധുവിനെതിരെ നടന്ന നീക്കങ്ങൾ വ്യക്തമായിട്ടുണ്ട്.

രാവിലെ പത്തോടെയാണ് മാനന്തവാടി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെത്തിയത്. ഏഴരമണിക്കൂർ നീണ്ട മൊഴിയെടുപ്പാണ് ഓഫീസിൽ നടന്നത്. എ.എം വിഐ, പാർട്ട് ടൈം സ്വീപ്പർമാർ എന്നിവർ ഒഴികെയുള്ള 11 ജീവനക്കാരുടെ മൊഴിയെടുത്തു. ആരോപണ വിധേയയായതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽനിന്ന് 15 ദിവസത്തേക്ക് മാറ്റിനിർത്തിയ ജൂനിയർ സൂപ്രണ്ട് അജിതകുമാരിയും വെള്ളിയാഴ്ച ഓഫീസിലെത്തി മൊഴി നൽകി.

കൈക്കൂലി വാങ്ങാതിരുന്നതിന് നേരിട്ട പീഡനമാണ് ഈ ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം. ആത്മഹത്യ റിപ്പോർട്ട് ചെയ്തപ്പോൾ ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞെത്തിയ ഉദ്യോഗസ്ഥന്റെ അടക്കം കള്ളമാണ് സിന്ധുവിന്റെ ഡയറി കുറിപ്പ് പൊളിക്കുന്നത്. 'മോട്ടർ വാഹനവകുപ്പിൽ ജോലിക്കു പ്രത്യേക പരിശീലനം ആവശ്യമാണ്. അഴിമതിക്കു തയാറല്ലെങ്കിൽ സർക്കാർ ജോലിക്കു നിൽക്കരുത്.'- സിന്ധുവിന്റെ ഡയറിയിലെ ഈ വരികൾ അവർക്ക് ഓഫിസിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളുടെ നേർസാക്ഷ്യമാണ്. വീട്ടിൽ സിന്ധുവിന്റെ മുറിയിൽനിന്നാണു ഡയറിയും 8 പേജുള്ള കുറിപ്പുകളും പൊലീസ് കണ്ടെടുത്തത്. മേലധികാരികളിൽനിന്നു നേരിടേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ചും ചിലർ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ചും ഡയറിയിൽ പരാമർശമുണ്ട്.

'മറ്റുള്ളവരുടെ കാപട്യം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കൈക്കൂലി വാങ്ങിയില്ലെങ്കിൽ നിങ്ങൾക്കു സ്വസ്ഥത ഉണ്ടാകില്ല. ജോലി കൃത്യമായി ചെയ്യാനായി ദൈവത്തെ വിളിച്ചു കരഞ്ഞു, ജോലി പോകുമോയെന്നു ഭയമുണ്ട്'- കുറിപ്പിലെ വരികൾ ഇങ്ങനെ പോകുന്നു. മേലുദ്യോഗസ്ഥ ചില ഫയലുകൾ പൂഴ്‌ത്തിവയ്ക്കുകയും താങ്ങാവുന്നതിൽ കൂടുതൽ ജോലി അടിച്ചേൽപിക്കുകയും ചെയ്തതായി സിന്ധു പറഞ്ഞുവെന്നു സഹോദരൻ നോബിൾ പറയുന്നു. ഓഫിസിൽ സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്ന് സിന്ധുവിനൊപ്പം പരാതിയുമായി ആർടിഒ ഇ.മോഹൻദാസിനെ കണ്ട സഹപ്രവർത്തകരും പറയുന്നു.

ഓഫിസിലെ ചേരിപ്പോരും ജോലി സമ്മർദവും മാനസിക സംഘർഷമുണ്ടാക്കുന്നതായിരുന്നു. ഓഫിസിൽ പരിശോധനയ്ക്കെത്തിയ മേലധികാരികളോട് ഓഫിസിലെ പ്രശ്നങ്ങൾ പങ്കുവച്ചിരുന്നു. പക്ഷേ അവരും സിന്ധുവിന്റെ വാക്ക് കേട്ടില്ല. കൈക്കൂലി വാങ്ങാത്തവർ കുറ്റക്കാരായി. ആ മാനസിക സമ്മർദ്ദമാണ് സിന്ധുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. എന്നിട്ടും ആത്മഹത്യാ പ്രേരണയിൽ ആർക്കെതിരേയും പൊലീസ് നടപടി എടുക്കുന്നില്ല. കുറ്റവാളികളുടെ ഉന്നത സ്വാധീനമാണ് ഇതിന് കാരണം.

'പാറയുടെ മുകളിൽനിന്നു തള്ളിത്താഴെയിട്ടാൽ പെട്ടുപോകും. എന്നെ ആരെയെങ്കിലും തള്ളിയിട്ടാൽ ഞാൻ ഒറ്റപ്പെട്ടുപോകും. ഭക്ഷണം കിട്ടാതെ മരിക്കും. അതിനാൽ എനിക്കു പേടിയാണ്. ഞാൻ ഈ ലോകത്തോടു വിടപറയുന്നു'- സിന്ധുവിന്റെ ഡയറിയിലെ അവസാനവാചകം ആരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. ഭിന്ന ശേഷിക്കാരിയായ സിന്ധു അവിവാഹിതയായിരുന്നു. അതുകൊണ്ട് തന്നെ ജോലി അനിവാര്യതയും. കൈക്കൂലി വാങ്ങുന്നവർ കള്ളക്കഥകൾ ഉണ്ടാക്കി ഒറ്റപ്പെടുത്തിയപ്പോൾ അവർ മരണം തെരഞ്ഞെടുത്തു.

'ഞാൻ മാത്രമാണ് എന്റെ മരണത്തിന് ഉത്തരവാദി. എന്റെ വീട്ടുകാർ നിരപരാധികളാണ്' എന്നും ഡയറിക്കുറിപ്പിലുണ്ട്. സിന്ധുവിന്റെ ലാപ്ടോപ്പും ഫോണും കൂടി പരിശോധിച്ച് മരണത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. മേലുദ്യോഗസ്ഥരിൽ ചിലർ ഓഫിസിൽ സിന്ധുവിനെ പരസ്യമായി അവഹേളിക്കുന്നതു കണ്ടവരുണ്ടെന്ന് എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് പറയുന്നു. ഓഫിസിലെത്തിയവർ കേൾക്കെ മേലുദ്യോഗസ്ഥർ ഉറക്കെ തെറി വിളിച്ചതായും ആരോപണമുണ്ട്. ഈ മൊഴി ഉണ്ടായിട്ടും പൊലീസ് ആരേയും അറസ്റ്റു ചെയ്യുന്നില്ല. പ്രതിയാക്കുന്നതുമില്ല.

ജോയിന്റ് ആർടി ഓഫിസിൽനിന്നു സിന്ധു കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നതു കണ്ടതായി സിന്ധുവിന്റെ അയൽവാസിയും കർഷകനുമായ ജോൺസൺ കുന്നുമ്പുറത്ത് പറഞ്ഞു. കഴിഞ്ഞ 30ന് ഉച്ചയോടെ ഓട്ടോറിക്ഷയുടെ പേപ്പർ ശരിയാക്കാനാണ് ഓഫിസിൽ പോയത്. കാര്യങ്ങൾ ചെയ്തുതരാനായി ഏജന്റും ഒപ്പമുണ്ടായിരുന്നു. ഓഫിസിനു പുറത്തുനിന്നപ്പോഴേ അകത്തു വലിയ ബഹളം കേട്ടു. ജീവനക്കാരിലാരോ വലിയ ശബ്ദത്തിൽ സംസാരിക്കുന്നതായാണു കേട്ടത്. എന്താണ് പറയുന്നതെന്നു വ്യക്തമായിരുന്നില്ല. അൽപസമയം കഴിഞ്ഞ് സിന്ധു ബാഗുമായി പുറത്തേക്കിറങ്ങി വരുന്നതു കണ്ടു. അവർ കരയുന്നുണ്ടായിരുന്നു- ജോൺസൺ പറയുന്നു.

ഈ മൊഴികൾ മതി ആ ഓഫീസിലെ ഉദ്യോഗസ്ഥരെ കൈയാമം വച്ച് ജയിലിൽ അടയ്ക്കാൻ. എന്നാൽ സംഘടനാ കരുത്തിൽ ഓഫീസ് ഭരിക്കുന്ന അഴിമതിക്കാരെ തൊടാൻ പൊലീസിനും പേടിയാണെന്നതാണ് വസ്തുത.