ലണ്ടൻ:'പെണ്ണൊരുത്തി', ധൈര്യമുള്ള പെണ്ണിനെ വിശേഷിപ്പിക്കാൻ മലയാളത്തിന്റെ മുഴുവൻ സൗന്ദര്യവും ഉള്ള വാക്ക്. കാലങ്ങൾക്ക് മുൻപ് അസാധ്യമായ കാര്യങ്ങൾ എന്ന് കരുതിയിരുന്ന വെല്ലുവിളികൾ ഏറ്റെടുക്കുന്ന സ്ത്രീകളെ അല്പം ആക്ഷേപ രൂപത്തിൽ വിശേഷിപ്പിക്കാനും പെണ്ണൊരുത്തി പ്രയോഗം വഴി സാധിച്ചിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ധീരതയുടെയും മറ്റാർക്കും കഴിയാത്ത കാര്യങ്ങൾ ഏറ്റെടുക്കുന്ന സ്ത്രീകൾക്കും ഒക്കെ അഭിമാനത്തോടെ സമൂഹം നൽകുന്ന വിളിപ്പേരായി മാറിക്കൊണ്ടിരിക്കുകയാണ് പെണ്ണൊരുത്തി. അത്തരം ഒരു വനിതയെ യുകെ മലയാളികൾക്കിടയിൽ തേടി ഇറങ്ങിയാൽ നിശ്ചയമായും ആദ്യം പറയേണ്ട പേരാണ് മൂന്നാർ സ്വദേശിനിയായ പോർട്സ്മൗത്തിലെ മലയാളി നഴ്സ് സിന്ധു വാഗാ ബോണ്ടിന്റേത്. യാത്രകളോടുള്ള പ്രണയം മൂത്താണ് പേരിനൊപ്പം അലഞ്ഞു നടക്കാൻ ഇഷ്ടമുള്ള ആളെന്ന അർത്ഥമുള്ള വാഗാബോൺഡ് പോലും സിന്ധുവിന്റെ പേരിനൊപ്പം കൂട്ടു കൂടിയിരിക്കുന്നത് .നിയമപരമായി തന്നെ സിന്ധു ഇപ്പോൾ സിന്ധു വാഗാ ബോണ്ടാണ്.

ജീവിതത്തിന്റെ രസച്ചരടുകൾ ചേർത്തെടുക്കുന്ന യാത്രകൾ

യാത്രകൾക്ക് വേണ്ടി ജീവിക്കുന്ന വനിതയെന്ന വിശേഷണവുമായാണ് ഇപ്പോൾ പ്രവാസി സമൂഹത്തിൽ സിന്ധു അറിയപ്പെടുന്നത്. വലിയ ധീരന്മാർ എന്ന് സ്വയം കരുതുന്ന പുരുഷന്മാർ പോലും മുട്ട് കൂട്ടിയിടിക്കുന്ന മരണപാത എന്നറിയപ്പെടുന്ന കില്ലർ കിഷ്തവറിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്തു യുകെ മലയാളികൾക്കിടയിൽ വേറിട്ട പാത നിർമ്മിച്ചിരിക്കുകയാണ് സിന്ധു. കുട്ടികളും കുടുംബവുമായി ഇതിനകം 12 ലേറെ രാജ്യങ്ങളിൽ എത്തിയ സിന്ധുവിന്റെ യാത്രകളിലൂടെ ഒരമ്മ എന്ന നിലയിൽ മക്കൾക്കായി മനോഹരമായ കുട്ടിക്കാലം നൽകിയെന്ന സന്തോഷത്തിലുമാണ്. ഇപ്പോഴും നല്ലൊരു വെയിൽ തെളിഞ്ഞാൽ വേഗം വണ്ടിയുമെടുത്തു ഒരൊറ്റ ട്രിപ്പാണ്. എവിടെയെത്തുന്നു, അതാണ് ഡെസ്റ്റിനേഷൻ. അത് നൽകുന്ന ത്രില്ലിലാണ് ജീവിതത്തിന്റെ രസച്ചരടുകൾ സിന്ധു കോർത്തെടുക്കുന്നത്.

ഒരു വർഷം മുൻപ് നടത്തിയ ഈ സോളോ യാത്രയുടെ വാർഷിക വിശേഷങ്ങളാണ് ഇപ്പോൾ മലയാളത്തിൽ ആയിരക്കണക്കിന് വായനക്കാരുള്ള യാത്ര മാസികയിലൂടെ പുറം ലോകത്തു എത്തിയിരിക്കുന്നത്. കോവിഡിന് ശേഷം പ്രത്യേകിച്ചും യാത്രകൾ ഹൃദയത്തിൽ ഏറ്റെടുക്കുന്നവരുടെ എണ്ണം കൂടുകയാണെങ്കിലും നല്ല പങ്കും ദുഷ്‌കര പാതകൾ ഒഴിവാക്കുകയാണ് പതിവ് .അഥവാ അത്തരം യാത്രകൾ വേണ്ടി വന്നാൽ ഒരു പങ്കാളിയെ എങ്കിലും കരുതുന്നവരാണ് കൂടുതലും. ഇവർക്കിടയിലാണ് സിന്ധു വേറിട്ട വഴികൾ എന്നും സ്വയം നിർമ്മിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുകെയിലും ഇന്ത്യയിലും അനേകം യാത്ര നടത്തിയ സിന്ധു കുളു - മണാലി പാതയിൽ ഒക്കെ ബുള്ളറ്റോടിച്ചു നടത്തിയ യാത്രകൾ ഏതൊരാളും ജീവിതത്തിൽ ഒരിക്കൽ എങ്കിലും നടത്തണമെന്ന് ആഗ്രഹിക്കുന്നവരുമായിരിക്കും. ഉള്ളിലെ ആഗ്രഹങ്ങൾ ഒതുക്കി വയ്ക്കാൻ മാത്രം ഉള്ളതല്ല അത് സാധിച്ചെടുക്കാൻ കൂടിയുള്ളതാണ് ഈ ജീവിതം എന്നോർമ്മിപ്പിക്കുകയാണ് സിന്ധു തന്റെ യാത്രകളിലൂടെ. ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയൊക്കെ യാത്ര ചെയ്തു മടങ്ങി എത്തുമ്പോൾ സിന്ധു ഓരോ തവണയും കൂടുതൽ പരുവപ്പെടുകയാണ് ,അടുത്ത യാത്രക്കായി. ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്നതാണ് പലപ്പോഴും മരണ പാതകളിലൂടെയുള്ള സാഹസിക യാത്രകൾ. അത്തരം യാത്രകളും സാധിച്ചെടുത്തതോടെ ജീവിതത്തിലെ ഏതു പ്രതിസന്ധിയും ഇപ്പോൾ ഈ യുവതിക്ക് മുന്നിൽ ഒന്നുമല്ലാതാകുകയാണ്.

എങ്ങനെ സാധിക്കുന്നു?

കുടുംബവും കുട്ടികളൂം ജോലിയും ഒക്കെയുള്ള ഒരു സ്ത്രീക്ക് എങ്ങനെ സാധിക്കുന്നു ഇതൊക്കെ? ജോലിക്കും വീടിനും ഇടയിലുള്ള പ്രാരാബ്ധമായി യുകെ ജീവിതം മാറിക്കൊണ്ടിരിക്കുമ്പോൾ വീടും കുട്ടികളും ഒക്കെ വിട്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രകളൊന്നും സ്വപനം പോലും കാണാനാകില്ല പലർക്കും. എന്നാൽ ഇതിനും സിന്ധുവിന് മറുപടിയുണ്ട്. '' ഇപ്പോൾ പഴയ പോലെയല്ല. ഒരുപാട് സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട്. പലരും അത് സ്വന്തം സ്വകാര്യതയായി ഒതുക്കി വയ്ക്കുന്നു. എന്നെ പോലെയുള്ളവർ സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ അതൊക്കെ എല്ലാവരും അറിയുന്നു. പിന്നെ നമ്മുടെ ഇഷ്ടം കൂടി അറിയുന്ന ഒരു പങ്കാളിയും ജീവിതത്തിൽ വേണം. പണമുണ്ടാക്കാനും കുട്ടികളെ ഉണ്ടാക്കാനും മാത്രമല്ല കൂടെയുള്ള പെണ്ണെന്നു തിരിച്ചറിയുന്ന പുരുഷന്മാരും ഓരോ പെണ്ണിന്റെയും ഭാഗ്യമാണ്. ജോലി ചെയ്തു ഇത്തരം ആഗ്രഹങ്ങൾ സാധിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് ജോലി രാജി വച്ച് ഞാൻ സ്വന്തം നഴ്‌സിങ് ഏജൻസി തുടങ്ങിയത്. അതിനാൽ സർവ സ്വതന്ത്ര. ഇതൊക്കെ എല്ലാവർക്കും സാധ്യമാകണമെന്നില്ല എന്റെ തീരുമാനങ്ങളിലും യാത്രകളിലും ഒക്കെ ഞാൻ സന്തുഷ്ടയാണ്''.

എങ്ങനെ, എന്ന് മുതൽ സോളോ യാത്രകൾ?

മൂന്ന് വര്ഷം മുൻപ് മുതലാണ് ഞാൻ സോളോ യാത്രകളുടെ ആരാധിക ആയത്. ഭർത്താവിന് അദേഹത്തിന്റെ ജോലി ഉപേക്ഷിക്കാനും, വീട്ടിലിരുന്നു, അവനവന്റെ ഇഷ്ടത്തിന് സ്വന്തം കമ്പനിക്ക് വേണ്ടി അദ്ദേഹത്തിന് വർക്ക് ചെയ്യാനും, എനിക്ക് സ്വന്തം കമ്പനിക്ക് വേണ്ടിയുള്ള സ്ഥിര ജോലിയിൽ നിന്നും മാറി ഒരു 'ഫ്രീ ലാൻസിങ് വർക്കിങ്' മോദിലേക്ക് മാറാനും കഴിയുന്ന വിധം ബിസിനസ്സ് വളർച്ച മാറ്റിയെടുത്തപ്പോൾ കുട്ടികളെ നോക്കാൻ ഞങ്ങൾ ഇരുവർക്കും ഇഷ്ടം പോലെ സമയം കണ്ടെത്താൻ കഴിഞ്ഞു. അതാണ് എന്റെ ഈ ബിസിനസ്സ് ഹാർഡ്ഷിപ്പ്കൊണ്ടുള്ള ഏറ്റവും വലിയ പ്രതിഫലം.. അങ്ങനെ ആണ് രണ്ടു കുട്ടികളുള്ള എനിക്ക് സോളോ ട്രിപ്പുകൾ നടത്താൻ കഴിഞ്ഞത്...ഇതു വരെ ഒരു മാസത്തോളം അവരെ വിട്ടു നിന്ന്, നാല് സോളോ ട്രിപ്പുകൾ നടത്തിയിട്ടുണ്ട്.. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ പതിനെട്ടിലും ഇതുവരെയുള്ള എന്റെ സോളോ ട്രിപ്പുകൾ കവർ ചെയ്തിട്ടുണ്ട്...ഇന്ത്യ സ്ത്രീകൾക്ക് തനിയെ യാത്ര പോകാൻ പറ്റുന്ന രാജ്യമല്ല എന്ന പൊതുധാരണ മാറ്റിയെടുക്കാൻ കൂടിയാണ് സ്ത്രീ പീഡനത്തിന്റെ ഭീകര കഥകൾ പരക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ സോളോ ട്രിപ്പുകൾ നടത്തിയത്..ഭാഗ്യ വശാൽ എനിക്ക് ഇതു വരെ ഒരു ബുദ്ധിമുട്ടും ഈ യാത്രകൾക്കിടയിൽ ഉണ്ടായിട്ടില്ല..ഞാൻ കണ്ടുമുട്ടിയ മനുഷ്യർ ഏല്ലാം നല്ലവരും, സഹാനുഭൂതിയും, കരുണയും,ഉള്ളവരായിരുന്നു..

കില്ലാറിലേക്കു പോകും മുൻപേ

മണാലിയിൽ ഉള്ള സാബിത് എന്ന സുഹൃത്ത് വഴിയാണ് ഹിമാലയൻ യാത്ര എന്ന ആശയം ഉണ്ടാകുന്നത്. അതും മരണപാതയായ കില്ലാറിലൂടെ. സത്യം അറിഞ്ഞാൽ പേടിച്ചേക്കും എന്ന് കരുതി സാബിത് യാത്രയുടെ ദുർഘട വശങ്ങൾ സിന്ധുവിനോട് പറഞ്ഞതുമില്ല. അതിനാൽ തന്നെ അത്യാവശ്യം വേണ്ടിയിരുന്ന ഒരുക്കങ്ങൾ ഒന്നും നടത്തിയതുമില്ല. കഴിഞ്ഞ വർഷം എന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഒരു സമയത്ത് ഇതുവരെ പോകാത്ത, എന്നാൽ അത്രമേൽ ദുർഘടമായ ഒരിടത്തേക്ക് ഒരു യാത്ര പോകണം എന്നൊരു തോന്നൽ എന്നിൽ ശക്തമായി. ഒരു മാസത്തെ അവധിക്ക് അങ്ങനെ പ്രത്യേകിച്ചു ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ ഞാൻ ഡൽഹിയിൽ എത്തി.. മണാലിയിൽ ഉള്ള സാബിത് എന്നൊരു സുഹൃത്തിനോട് ഒരു സോളോ ട്രിപ്പിന് പറ്റിയ സ്ഥലമുണ്ടോ എന്ന് തിരക്കിയപ്പോ അവനാണ്, പറഞ്ഞത് 'നിനക്കെന്ത് നോക്കാനിരിക്കുന്നു, ചുമ്മാ ഹിമാലയം പോകു.. മൈൻഡ് ഒക്കെ നല്ല സെറ്റ് ആയി വരാം, അതൊരു വേറെ റേഞ്ചാണ് എന്നൊക്കെ ഹിമാലയത്തെ ക്കുറിച്ചവൻ കൊതിപ്പിക്കുന്ന വിവരണം നൽകിയപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.

മഞ്ഞു വീണ മലനിരകളും, കുളിരും, കവിതയും,ആപ്പിൾ തോട്ടങ്ങളും ഉള്ളൊരു പറുദീസയാണ് സാബിത്തിന്റെ കൊച്ചു വീട്.. ആദംസ് ഹെവൻ എന്നാണു അവന്റെ ട്രാവൽലോഡ്ജിന്റെ പേര് തന്നെ..മണാലിയിൽ നിന്നും ഹിമാലയം പോകേണ്ട വഴികൾ പറഞ്ഞു തന്നതും, സാബിതാണ്..പക്ഷെ പോകുന്ന വഴികൾ ഇത്രമേൽ ഭീകരമാണെന്ന് മാത്രം അവൻ പറഞ്ഞില്ല.. അതുകൊണ്ട് തന്നെ ആ യാത്രക്ക് വേണ്ട അത്യാവശ്യം മുന്നൊരുക്കങ്ങൾ നടത്താനും എനിക്ക് കഴിഞ്ഞില്ല...

അതുകൊണ്ട് തന്നെ പോകുന്ന വണ്ടിക്ക് കേടുപറ്റിയാൽ, രണ്ടു ദിനം അടുപ്പിച്ചു മലകയറ്റത്തിൽ താമസിക്കേണ്ടിവന്നാൽ... അസുഖം വന്നാൽ.. മലമുകളിൽ ഓക്സിജൻ ക്ഷാമം നേരിട്ടാൽ,അങ്ങനെ പ്രധാനപെട്ട ഒന്നിനെയും കുറിച്ച് ഒരാവലാതികളും എനിക്കുണ്ടായിരുന്നില്ല. വിശപ്പിനുള്ള അവശ്യ ഭക്ഷ്യ സാധനങ്ങൾ കരുതിയിരുന്നു.. നിർച്ചാലുകൾ ഇടക്കിടെ ഉണ്ടാകും എന്ന് പറഞ്ഞതുകൊണ്ട് വെള്ളവും അധികം കരുതിയില്ല..മല മുകളിൽ ഓക്സിജൻ കുറവായതുകൊണ്ട് അക്ലയിമറ്റേഷൻ നടത്താൻ അത്യാവശ്യം വേണ്ട മരുന്നുകൾ കരുതാൻ മറക്കരുത്.

കില്ലാറിലൂടെ പോയത് സത്യം അറിയാതെ

ഒരിക്കൽ ഡൽഹിയിൽ എത്തിയപ്പോൾ ഒരു കൂട്ടുകാരി പറഞ്ഞാണ് കില്ലർ വിശേഷങ്ങൾ അറിയുന്നത്. സത്യത്തിൽ ഒട്ടേറെ തയ്യാറെടുപ്പു നടത്തേണ്ട യാത്രയാണ്. എന്നാൽ കേട്ടപ്പോൾ മുതൽ മനസ്സിൽ തോന്നിയ തരിപ്പ് അടക്കാനാകാതായയോടെ വാടകക്ക് എടുത്ത കാറിൽ ഒറ്റ യാത്ര ആയിരുന്നു. ഒരു വശം ചെങ്കുത്തായ കൂറ്റൻ പാറക്കെട്ടുകൾ. മറുവശം 2000 അടി താഴ്ചയുള്ള മരണ താഴവര. ഒരു വാഹനം മുട്ടിയുരുമ്മി കടന്നു പോകാൻ പാകത്തിൽ ഉള്ള റോഡെന്ന് വേണമെങ്കിൽ പറയാവുന്ന കുണ്ടും കുഴിയും നിറഞ്ഞ മലമ്പാത. പലയിടത്തും നൂറു മീറ്റർ വരെ ഉയരത്തിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന പാറക്കൂട്ടം ഇപ്പോൾ ഇടിഞ്ഞു താഴേക്ക് വരുമോ എന്ന ഭീതി പരത്തുന്ന കാഴ്ചയാണ്. ഉയരവും താഴ്ചയും പേടിപ്പെടുത്തുന്ന അനുഭവമായി കരുതുന്നവർ ഒരിക്കലും ഈ വഴിക്കു യാത്ര ചെയ്യാൻ പാടില്ല എന്നാണ് സിന്ധുവിന്റെ ലളിതമായ ഉപദേശം. ചെറിയൊരു കൈപ്പിഴ മരണത്തിലേക്കുള്ള ലോട്ടറിയാണ് ഈ മരണപാതയിൽ.

പലയിടത്തും കല്ലുകൾ അടർന്നു വീണ കാഴ്ചകൾ കൂടിയാകുമ്പോൾ എപ്പോഴാണ് നമ്മുടെ തലയിലേക്ക് ഒരെണ്ണം വന്നു വീഴുന്നതെന്നു ഏതു സഞ്ചാരിയും ഓർക്കാതിരിക്കില്ല. അത് തന്നെയാണ് ഈ യാത്രയുടെ ത്രില്ലും . എതിരെ വാഹനമൊന്നും വരരരുതേ എന്ന് സദാസമയം പ്രാർത്ഥിക്കാതെ 141 കിലോമീറ്ററുള്ള ഈ അപകട പാതയിലെ യാത്ര പൂർത്തിയാകാനാകില്ല. അതിനാൽ തന്നെ മിക്കവർക്കും യാത്രയുടെ സാഹസികത ആസ്വദിക്കാനും കഴിഞ്ഞെന്നു വരില്ല. കാശ്മീരിലേക്കും ഹിമാചൽ പ്രദേശിലേക്കുമുള്ള വഴിത്താരകൾ ആരംഭിക്കുന്നതും ഇന്ത്യയിലെ ചഒ 26 ലൂടെയാണ്. ഈ മരണപതയുടെ നിർമ്മാണത്തിൽ നൂറുകണക്കിന് ആളുകൾക്കാണ് സ്വന്തം ജീവൻ ബലി നൽകേണ്ടി വന്നിട്ടുള്ളതും.

താഴവരയിൽ ചിനാബ് നദിയുടെ തെളിമയും നീണ്ട താഴ്‌വരകളും ഭൂമിയിൽ മറ്റെവിടെയും ലഭിക്കാത്ത അസാധാരണ കാഴ്ചകളും ഒക്കെ നിറഞ്ഞ ഈ യാത്രാപഥം ഒരു സഞ്ചരിക്കും നഷ്ടമല്ല. ജീവിതത്തിന്റെ അർത്ഥവും അര്ഥമില്ലായ്മയും ഒക്കെ ഒരു ക്യാൻവാസിൽ കോറിയിട്ട ചിത്രം പോലെ മനസ്സിൽ വന്നു കിന്നാരം പറയാൻ ചിനബിനെ നോക്കി അൽപ നേരം നിന്നാൽ മതിയാകും. അത്ര മനോഹാരിയാണ് ഈ നദി. പരുക്കൻ റോഡ് ആണെങ്കിലും ആ വഴിത്താരയും ഓരോ കിലോമീറ്ററും പിന്നിടും തോറും സഞ്ചാരിയുടെ മനസിലും പുതിയ വഴികൾ തുറന്നുകൊണ്ടിരിക്കും. ഇത്രയും അപകടം ഉണ്ടെന്നു അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ആ യാത്ര പിന്നൊരിക്കലേക്കു മാറ്റി വച്ചേനെ എന്നും സിന്ധു പറയുന്നത് വെറും വാക്കല്ല.

കില്ലാറും ഹിമാലയവും ഒന്നിച്ചു നൽകുന്ന മാജിക് ഫീൽ, അത് പറയാൻ ഒരു വാക്കും മതിയാകില്ല

കില്ലർ, കിസ്തു വാട്,പാങ്ങി,റോഡ് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോടാണെന്ന് അമ്മച്ചിയാണേ,യാത്രക്ക് മുൻപ് എനിക്കറിയില്ലായിരുന്നു, ആരും പറഞ്ഞില്ല, പ്രത്യേക മാനസിക അവസ്ഥയിൽ, എന്റെ വീട്ടിൽ പോലും ആരോടും പറയാതെ ആണ് ആ യാത്ര ഞാൻ തിരഞ്ഞെടുത്തത്, അതു കൊണ്ട് തന്നെ കൂടുതൽ വിവരങ്ങൾ ഞാൻ ആരോടും തിരക്കിയതുമില്ല..നെറ്റ് വർക്ക് ഇല്ലാത്തതിനാൽ ഗൂഗിൾ ചെയ്തു റോഡിന്റെ അവസ്ഥ മനസ്സിലാക്കാനും കഴിഞ്ഞില്ല... കില്ലർ റോഡിന്റെ ബേസ്മെന്റ് കടന്നു കഴിഞ്ഞപ്പോ ആണ്.. കാഴ്ചകളുടെ തിരമാലകൾ ആഞ്ഞടിക്കാൻ തുടങ്ങിയത്... ഉയരം ഭയമായിരുന്ന ഞാൻ, മുകളിലേക്ക് കയറും തോറും,കാഴ്ചകളുടെ മനോഹാരിത കൊണ്ട് ആ ഭയത്തെ വരുതിയിൽ ആക്കി. ഇംഗ്ലണ്ടിലെ തണുപ്പ് ശീലമായതിനാൽ, മഞ്ഞിന്റെ ചെറു കുളിര് ഒരു പ്രശ്നമേ ആയില്ല..കില്ലർ റോഡിന്റെ അഗാധ ഗർത്തങ്ങളിലൂടെ ഒഴുകുന്ന ചെണാബ് നദി, ചിലയിടങ്ങളിൽ പച്ച മരതക നിറത്തിൽ, ചിലയിടങ്ങളിൽ നീല വര്ണ്ണത്തിലങ്ങനെ ഒഴുകുന്ന കാഴ്ചയും , മഞ്ഞിന്റെ ആവരണ ത്താൽ പൊതിഞ്ഞു നിൽക്കുന്ന ഹിമാലയൻ മലനിരകളുടെ നിഗൂഢതകളും, അവിടമാകെ നിറഞ്ഞു നിൽക്കുന്ന നിശബ്ദയും, സഞ്ചരിക്കുന്ന വാഹനത്തിന്റെ ടയർപാടൊന്ന് മാറിയാൽ പതിക്കുന്ന,കണ്ണെത്താ ദൂരത്തെ താഴ്ചയിലെ അഗാധ ഗർത്തങ്ങളും , താഴ്‌വരയിൽ അപകടത്തിൽ പെട്ട മറ്റ് വാഹനങ്ങളുടെ ആവശിഷ്ട്ടങ്ങളും, അങ്ങനെ കില്ലർ റോഡിലൂടെയുള്ള യാത്ര തുടങ്ങിയാൽ ആകെമൊത്തം നമ്മൾ മറ്റൊരു ലോകത്ത് എത്തിയപോലെ തോന്നും..

ജീവിതമവിടെയെങ്ങനെ ശാന്തമായി ഒഴുകുന്ന ചെണാബ് നദി പോലെ.. നമ്മുടെ മനസ്സ് പ്രാർത്ഥനകൾ നാം പോലും അറിയാതെ താനേ ഉരുവിടും, നാം ആരെന്നും, എന്താണ് നമ്മുടെ ജീവിതത്തിന്റെ പർപ്പസ് എന്നും അവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും മനസ്സിലാക്കി കൊടുക്കുന്ന ഒരു മാജിക് ഉണ്ട് ഈ ഹിമാലയത്തിന്

ഒരു സ്ത്രീ ഒറ്റയ്‌ക്കെന്തിന് അപകട പാതയിൽ യാത്ര ചെയ്തു?

വഴിയിൽ പലയിടത്തും മലയിടിച്ചിൽ ഉണ്ടായതിന്റെ അടയാളങ്ങൾ, വലിയ ഉരുളൻ കല്ലുകൾ അവിടവിടെ ചിതറി കിടക്കുന്നു.. അവിടെ ഒരു മഴ പെയ്താൽ യാത്ര ഏറെ അപകടവും, ആപത്തുമാണ്...വിട്ടു പോന്ന സ്ഥലത്തേക്കു തിരികെയൊരു യാത്രയോ നമ്മുടെ ലക്ഷ്യത്തിലേക്ക് മുന്നോട്ടുള്ള യാത്രയോ സാധ്യമാകുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത ഒരു അവസ്ഥയാണ് ഹിമാലയൻ മലനിരകളുടെ ഏറ്റവും മുകളിലെത്തിയാൽ..

മൺ പാതകൾ മുൻപ് പെയ്ത് മഴയിൽ കുതിർന്നു ടിയാഗോയുടെ ടായറുകൾ ചെളിയിൽ പൂണ്ടു പോയി, മുൻഭാഗത്തെ എഞ്ചിന്റെ താഴോട്ടുള്ള ഒരു ചെറിയ ഭാഗവും പൊട്ടി അടർന്നു പോയത് തുടർ യാത്രയെ അത്രമേൽ ദുർഘടമാക്കി..മലമുകളിലെ ബോർഡർ സെക്യുരിറ്റി ഫോഴ്സിന്റ സഹായത്തോടെ ആണ് കാറിന്റെ ചെറിയ അറ്റകുറ്റ പണികൾ നടത്തി യാത്ര മുന്നോട്ട് നീക്കിയത്,.. ശത്രു രാജ്യങ്ങളുടെ അറ്റാക്ക് ഇടക്കിടക്ക് ഉണ്ടാകുന്നതുകൊണ്ട് നമ്മുടെ പട്ടാളക്കാർ സദാ അവിടെ താവളം അടിച്ചിട്ടുണ്ട്.. മനുഷ്യ വാസമുള്ള ഒരിടമാണ് അവിടം എന്ന്, ചിരിക്കുന്ന നമ്മുടെ സ്വന്തം പട്ടാളക്കാരെ കാണുമ്പോ ആശ്വാസമേകും..ഹിമാലയൻ മല കയറ്റം അവസാനിക്കുന്നിടത്തു നിന്നും സർക്കാർ ഗസ്റ്റ് ഹൗസുകൾ യാത്രക്കാർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.. ഏകദേശം 18 മണികൂറോളം നീണ്ട യാത്ര ആയതിനാൽ ഒന്നു ഫ്രഷ് ആയി തുടരാം എന്ന് കരുതി ആണ് ഞാൻ അവിടെ എത്തിയത്.. മുൻപേ ബുക്ക് ചെയ്യാത്തതിനാൽ താമസം ബുദ്ധിമുട്ടാണെന്നു അവിടുത്തെ നടത്തിപ്പുകാരൻ പറഞ്ഞെങ്കിലും, ഞാൻ സാഹചര്യം വിശദമാക്കി ഒരു ആയിരം രൂപയിൽ അന്നത്തെ താമസം സെറ്റ് ആക്കി.ആ രാത്രി മഴയും കാറ്റും ആയതിനാൽ കറന്റ് ഇല്ലെന്നും, തണുത്തുറഞ്ഞ വെള്ളമാണ് ബാത്റൂമിൽ ഉള്ളതെന്നും അയാൾ പറഞ്ഞു.അയാളുടെ കയ്യിൽ ഒരു റാന്തൽ വിളക്കുണ്ടായിരുന്നു.. അതുമായി മുന്നേ നടന്നയാൾ വഴി കാണിച്ചു..തീയിടാനുള്ള പുക അടുപ്പും, അടുക്കളയും അയാൾ കാണിച്ചു തന്നു..ഹിമാലയൻ ജീവിതത്തേക്കുറിച്ച് ആ തീവേട്ടത്തിൽ ഇരുന്നയാൾ ഒരുപാട് സംസാരിച്ചു.. ജീവിതം ഒരു ഒറ്റപെട്ട തുരുത്തിൽ ആണെങ്കിലും വല്ലപ്പോഴും സ്വന്തം വീട്ടിൽ പോകാൻ പറ്റുന്നുണ്ടെന്നും മക്കളേം ഭാര്യയെയും കാണാൻ കഴിയുമെന്നും അയാൾ പറഞ്ഞു..വന്യ മൃഗങ്ങൾ ധാരാളം ഉള്ള സ്ഥലമാണ്, പുലിയും, കരടിയും ഒക്കെ അവിടങ്ങളിൽ ഉണ്ടെന്നും അയാൾ എനിക്ക് മുന്നറിയിപ്പ് നൽകി. സ്ത്രീകൾ തനിച്ച് ഇതുവരെ ഇവിടെയിങ്ങനെ എത്തിയിട്ടില്ലെന്നും, എന്താണ് ഇങ്ങനെ ഒരു യാത്രക്ക് കാരണമെന്നും ആയാൾ ഹിന്ദിയിൽ ചോദിച്ചു..നിങ്ങളെപ്പോലുള്ള നല്ല മനുഷ്യരെ കാണുക, ഇത്ര ഗൂഢമായ, മനോഹരമായ ഹിമാലയത്തെക്കുറിചുള്ള കഥകൾ കേൾക്കുക എന്നതാണ് എന്റെ പ്രേരണ എന്ന് പറഞ്ഞപ്പോൾ അയാൾ പുകയില കറ പുരണ്ട പല്ലുകൾ കാട്ടി ഉറക്കെ ചിരിച്ചു..

അപരിചിതരായ മനുഷ്യർക്കിടയിൽ അവരിൽ ഒരാളെ പോലെ, വിജനമായ ആ താമസ സ്ഥലത്ത്, ഒരന്തിയുറങ്ങാൻ കഴിയുന്ന സുരക്ഷയും, ആത്മ ബലവും ആയിരുന്നു ഈ യാത്രയിൽ എനിക്കുണ്ടായ സന്തോഷം. മനുഷ്യരെപോലെ മനുഷ്യർ മാത്രം..

നമ്മളാരെന്നു നമ്മളെ ബോധ്യപ്പെടുത്തുന്നത് ഒറ്റയ്ക്കുള്ള യാത്രകൾ മാത്രം

''ഒരോ യാത്രകളും നിങ്ങളെ അടിമുടി മാറ്റുന്നില്ലെങ്കിൽ നിങ്ങളൊരു യാത്രികനല്ല, നിങ്ങളൊരു ടൂറിസ്റ്റ് മാത്രമായിരിക്കും എന്നാണ് എന്റെ വിശ്വാസം...ഈ ഹിമാലയൻ യാത്ര ജീവിതത്തോട് അതുവരെയുള്ള എന്റെ എല്ലാ സമീപനങ്ങളെയും അടിമുടി മാറ്റിയെഴുതിച്ചു കളഞ്ഞു...എന്റെ ഭയങ്ങളെ, ആകുലതകളെ, വെറുപ്പിനെ, അഹങ്കാരത്തെ, അജ്ഞതകളെ ഒക്കെ പാടെ ഒഴുക്കി കളഞ്ഞു ഉടച്ചു വാർത്തു എന്ന് പറയുന്നതാവും ശരി...

നമ്മൾ ആരെന്ന് മനസ്സിലാക്കി തരാൻ, നമ്മുടെ ശക്തി എന്തെന്നും ഓർമ്മപെടുത്താൻ പ്രകൃതി നടത്തുന്ന വികൃതികളാണ് ഇത്തരം യാത്രാ ഉൾവിളികൾ. ഒരിക്കലെങ്കിലും നമ്മുടെ മനസ്സ് പറയുന്നത് മാത്രം ഒന്ന് ശ്രവിക്കൂ... നിങ്ങൾ ലക്ഷ്യം കാണുക തന്നെ ചെയ്യും..'' തന്റെ യാത്രകളെ ഓർമ്മിച്ചെടുക്കുമ്പോൾ സിന്ധു വീണ്ടും സ്വയം തിരിച്ചറിയുന്നതും ഇങ്ങനെയൊക്കെയാണ് .

ഇങ്ങനെയൊക്കെ അറിഞ്ഞു വരുമ്പോൾ സിന്ധുവിന് വാഗാബോൻഡ് എന്ന പേരിനേക്കാളും യോജിക്കുക മലയാളത്തിലാകുമ്പോൾ പെണ്ണൊരുത്തി എന്ന് തന്നെയാകും, കാരണം ഇതൊന്നും പറഞ്ഞു കേൾക്കും പോലെ ജീവിതത്തിൽ ചെയ്യാനാകുന്ന കാര്യങ്ങളല്ല. സിന്ധുവിനെ പോലെ അപൂർവങ്ങളിൽ അപൂർവം ആയ വക്തികൾക്ക് മാത്രം സാധിക്കുന്ന കാര്യം. യാത്രകൾ കഴിഞ്ഞാൽ സിന്ധുവിന്റെ ലോകം ബിസിനസാണ്. യുകെയിൽ പലരും കൈവയ്ക്കാത്ത നിരവധി ബിസിനസുകളിൽ കൈവച്ച സിന്ധു അവയിൽ എല്ലാം തന്നെ തിളങ്ങുകയാണ്. തന്റെ യാത്രകൾ പോലെ തന്നെ , ബിസിനസും സിന്ധുവിന്റെ ഇച്ഛാശക്തിക്കു മുൻപിൽ കീഴടങ്ങുന്നു എന്നതാണ് വാസ്തവം.