- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫീസിൽ എത്തിയവർ കേൾക്കെയും മേലുദ്യാഗസ്ഥർ തെറി വിളിച്ചു; ഒറ്റപ്പെടുത്തലും ഗ്രൂപ്പിസവും സഹിക്ക വയ്യാതായി; ചില ഫയലുകൾ പൂഴ്ത്തി വച്ചു; മാനന്തവാടിയിൽ ആത്മഹത്യ ചെയ്ത സിന്ധുവിന്റെ ഡയറിയിൽ മേലുദ്യോഗസ്ഥയ്ക്ക് എതിരെ പരാമർശം എന്ന് സൂചന
മാനന്തവാടി: മാനസിക പീഡനത്താൽ ഒറ്റപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ സബ് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്ലാർക്ക് പി.എ.സിന്ധുവിന്റെ ഡയറി പൊലീസ് കണ്ടെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനകളുണ്ട്. സിന്ധുവിന്റെ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും വിശദമായി പരിശോധിക്കും.
സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശപ്രകാരം മോട്ടർവാഹനവകുപ്പ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. രാജീവ് കൽപറ്റ ആർടിഒ ഓഫീസിലെത്തി മൊഴിയെടുപ്പ് ആരംഭിച്ചു. ജോയിന്റ് ആർടിഒ വിനോദ് കൃഷ്ണയെ കൽപറ്റയിലേക്കു വിളിച്ചുവരുത്തിയിട്ടുണ്ട്. മാനന്തവാടി സബ് ആർടിഒ ഓഫിസ് പ്രവർത്തനങ്ങളിൽ പരാതിപ്പെട്ട സിന്ധുവിന്റെ സഹപ്രവർത്തകരുടെയും ആർടിഒയുടെയും മൊഴി രേഖപ്പെടുത്തുമെന്നും ആർ.രാജീവ് പറഞ്ഞു. വകുപ്പുതല അന്വേഷണത്തിനൊടുവിൽ സിന്ധുവിന്റെ മേലധികാരികളിൽ ചിലർക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന.
സിന്ധുവിന്റെ മുറിയിൽനിന്ന് 23 പേജുള്ള ഡയറിയും 8 പേജുകളുള്ള കുറിപ്പുകളും ലാപ്‌ടോപ്പും ഫോണുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിന്ധു ജോലി ചെയ്തിരുന്ന ഓഫിസിലെ മേലുദ്യോഗസ്ഥയ്‌ക്കെതിരെ ഇതിൽ പരാമർശങ്ങളുണ്ടെന്നാണ് സൂചന. ഓഫീസിലെത്തിയവർ കേൾക്കെ മേലധികാരികൾ ഉറക്കെ തെറിവിളിച്ചതായും ആരോപണമുണ്ട്. മേലധികാരികൾ ഓഫിസിലെ ചില ഫയലുകൾ പൂഴ്‌ത്തിവച്ചതായി ആർടിഒയോട് സിന്ധു പരാതിപ്പെട്ടിരുന്നു. ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ഒറ്റപ്പെടുത്തലും ഗ്രൂപ്പിസവും സഹിക്കാവുന്നതിലപ്പുറമാണെന്നും സിന്ധുവിനൊപ്പം ആർടിഒയെ കാണാനെത്തിയ 6 സഹപ്രവർത്തകരും പരാതിപ്പെട്ടു. സിന്ധു മരിക്കുന്നതിനു 3 ദിവസം മുൻപാണ് ആർടിഒയെ കാണാനെത്തിയത്. എന്നാൽ, കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പരാതിയൊന്നുമുണ്ടായില്ലെന്ന് ആർടിഒ ഇ. മോഹൻദാസ് പറഞ്ഞു.
ആർടിഒയോട് എന്തൊക്കെയാണു പരാതിപ്പെട്ടതെന്നു വെളിപ്പെടുത്താൻ സിന്ധുവിനൊപ്പം പോയ സഹപ്രവർത്തകർ ഇതുവരെ തയാറായിട്ടുമില്ല. മാനന്തവാടി സബ് ആർടിഒ ഓഫിസിലെ മേലധികാരികളുടെ സമ്മർദമാണു കാരണമെന്നാണു സൂചന. മുൻപ് ഈ ഓഫിസിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെതിരെയും സിന്ധുവിന്റെ കുറിപ്പുകളിൽ ആരോപണമുള്ളതായി ബന്ധുക്കൾ പറയുന്നു.
കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തതിനാലാണ് ഓഫിസിൽ ഒറ്റപ്പെടുത്തുന്നതെന്ന് സിന്ധു പറഞ്ഞിരുന്നതായി സഹോദരൻ നോബിൾ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായിരുന്നതായി ഡയറിക്കുറിപ്പുകളിലുണ്ട്. എന്നാൽ, പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഓഫിസിലുണ്ടായിട്ടില്ലെന്നാണ് മാനന്തവാടി ജോയിന്റ് ആർടിഒ അടക്കമുള്ളവർ വിശദീകരിക്കുന്നത്.
കെല്ലൂരിൽ പ്രവർത്തിക്കുന്ന മാനന്തവാടി ജോയിന്റ് ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്ലർക്കായിരുന്നു ജീവനൊടുക്കിയ സിന്ധു. മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി സഹോദരൻ പി.എ ജോസ് നൽകിയ പരാതിയിൽ മാനന്തവാടി പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭിന്നശേഷിക്കാരിയായ സിന്ധു കഴിഞ്ഞ 9 വർഷമായി ഈ ഓഫിസിൽ ജോലി ചെയ്യുന്നു.
കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തതു കാരണം ചില മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നതായും ഒറ്റപ്പെടുത്തുന്നതായും സിന്ധു പല തവണ പറഞ്ഞതായി സഹോദരൻ നോബിൾ പറഞ്ഞു.ഓഫിസിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു മാനന്തവാടി ജോയിന്റ് ആർടിഒ വിനോദ് കൃഷ്ണ പറഞ്ഞിരുന്നു. ഇത് പച്ചക്കള്ളമാണെന്നാണ് ആർ ടി ഒയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്നത്.
ഇതോടെ കൈക്കൂലി മാഫിയയുടെ ഇരയാണ് സിന്ധുവെന്ന് വ്യക്തമാകുകയാണ്. പൊലീസ് കൃത്യമായി അന്വേഷണം നടത്തിയാൽ മോട്ടോർ വാഹന വകുപ്പിലെ പല ഉദ്യോഗസ്ഥരും കുടുങ്ങും. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടത്. ഓഫീസിൽ ഗ്രൂപ്പിസമുണ്ട്, ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവർ ആർടിഒയോട് ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങാത്തത് കാരണം സിന്ധുവിനെ ഒറ്റപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നെന്നുമാണ് സഹോദരൻ നോബിൾ പറഞ്ഞത്
മറുനാടന് മലയാളി ബ്യൂറോ