- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംശയത്തെച്ചൊല്ലി വഴക്കുണ്ടായി; മരണം ഉറപ്പാക്കുന്നത് വരെ കഴുത്തു ഞെരിച്ചു'; കുഴിച്ച് മൂടിയത് അടുക്കളയിൽ'; പണിക്കൻകുടിയിൽ വീട്ടമ്മയെ അടുക്കളയിൽ കൊന്നുകുഴിച്ചുമൂടിയ കേസിൽ കുറ്റം സമ്മതിച്ച് ബിനോയ്; പ്രതിയെ ചൊവ്വാഴ്ച കൊല നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കാൻ പൊലീസ്
തൊടുപുഴ: ഇടുക്കി പണിക്കൻകുടിയിൽ സിന്ധുവെന്ന വീട്ടമ്മയെ അടുക്കളയിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പിടിയിലായ പ്രതി ബിനോട് കുറ്റം സമ്മതിച്ചു. സിന്ധുവിനോട് തോന്നിയ സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ബിനോയുടെ കുറ്റസമ്മതം.
കൊലപാതകം നടന്ന ദിവസം സിന്ധുവും ബിനോയും തമ്മിൽ വഴക്കുണ്ടായി. കഴുത്തു ഞെരിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം കേരളം വിട്ട ബിനോട് തമിഴ്‌നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവിൽ കഴിഞ്ഞത്. രണ്ട് ദിവസം മുൻപ് പെരിഞ്ചാംകുട്ടിയിൽ എത്തി. ഇവിടെ വച്ചാണ് പൊലീസ് പിടിയിലായത്. പ്രതിയെ ചൊവ്വാഴ്ച കൊലനടന്ന സ്ഥലത്തെത്തിച്ചു തെളിവെടുക്കും.
കഴിഞ്ഞ ഇരുപതുദിവസമായി ഒളിവിലായിരുന്ന ബിനോയ് തിങ്കളാഴ്ചയാണ് പൊലീസിന്റെ പിടിയിലായത്. പിടിയിലാകുമെന്ന് കരുതിയ പ്രതി സ്ഥിരമായി ഉപയോഗിച്ചിരുന്ന സിംകാർഡ് ഉപേക്ഷിച്ചിരുന്നു. പ്രതിയുടെ തന്നെ മറ്റൊരു ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്. വനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ വലയിലായത്.
ഒളിവിൽ കഴിയവെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ പെരിഞ്ചാംകുടിയിലെത്തി. രണ്ട് ദിവസമായി ഒരു പാലത്തിന് കീഴിൽ കഴിഞ്ഞു വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ആർക്കറിയാം എന്ന മലയാള ചിത്രത്തിന്റെ ഇതിവൃത്തതിന് സമാനമായിട്ടാണ് പ്രതി സിന്ധുവിന്റെ മൃതദേഹം കുഴിച്ചുമൂടിയത്. അതേസമയം സിനിമയാണോ ഇത്തരമൊരു നീക്കത്തിന് പ്രചോദനമായതെന്ന് വ്യക്തമല്ല.
പണിക്കൻകുടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കാമാക്ഷി താമഠത്തിൽ സിന്ധുവിന്റെ മൃതദേഹം ഈ മാസം മുന്നിനാണ് അയൽവാസിയായി ബിനോയിയുടെ വീട്ടിലെ അടുക്കളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
കാണാതായ സിന്ധുവിനായി പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. സംശയത്തെ തുടർന്ന് സിന്ധുവിന്റെ മകനും സുഹൃത്തുക്കളും അയൽവാസിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സിനിമക്കഥയെ വെല്ലുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് പ്രതി ബിനോയ് മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത്. അടുപ്പിന് താഴെ രണ്ടര അടി താഴ്ചയിൽ കുഴിയെടുത്തു. പൊലീസ് നായക്ക് പോലും മണം കിട്ടാതിരിക്കാൻ കുഴിയിൽ മുളക് വിതറി. വസ്ത്രങ്ങളെല്ലാം ഒഴിവാക്കി മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷം മറവ് ചെയ്തു. കുഴിക്ക് മുകളിൽ ചാക്ക് വിരിച്ച് അതിൽ ഏലക്ക ഉണക്കാനിട്ടു. പലകുറി പരിശോധിച്ചിട്ടും പൊലീസിന് ഇതൊന്നും കണ്ടെത്താനായിരുന്നില്ല.
ബിനോയിയുടെ വീടിന്റെ അടുത്തുള്ള ചക്കാലയ്ക്കൽ ബെന്നി എന്നയാളുടെ വീട്ടിലാണ് സിന്ധുവും 12 വയസ്സുകാരൻ മകനും അഞ്ച് വർഷത്തോളമായി വാടകയ്ക്ക് താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന സിന്ധു കുറച്ചു കാലങ്ങളായി ബിനോയിയുമായി ഒരുമിച്ച് ജീവിച്ചു വരുകയായിരുന്നു. എന്നാൽ സിന്ധു വീണ്ടും ഭർത്താവുമായി അടുത്തതാണ് കൊലപാതത്തിന് പ്രേരണയായതെന്നാണ് സൂചന.
ബിനോയും സിന്ധും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രതി ഇവരെ മർദ്ദിച്ചിരുന്നതായും സിന്ധുവിന്റെ അമ്മ വെള്ളത്തൂവൽ പൊലീസിൽ പരാതിപ്പെട്ടത്. ഡിവൈഎസ്‌പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ, എസ്ഐമാരായ രാജേഷ്‌കുമാർ, സി.ആർ.സന്തോഷ്, സജി എൻ.പോൾ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്.
ബിനോയി ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം എട്ട് ക്രിമിനൽകേസുകളിൽകൂടി പ്രതിയാണ്. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടതിൽ അടിപിടി കേസുകളാണ് കൂടുതലും. ഭാര്യയെ ഉപദ്രവിച്ച കേസിൽ ഇയാൾ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്
അമ്മയെ കാണാതായതിന്റെ പിറ്റേന്ന് ബിനോയി അടുക്കളയിൽ നിർമ്മാണപ്രവൃത്തി നടത്തുന്നതായി കണ്ടെന്ന് സിന്ധുവിന്റെ ഇളയ മകൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇത് വേണ്ട രീതിയിൽ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ല. സിന്ധുവിനെ കാണാതായി ഒന്നുരണ്ടുദിവസങ്ങൾക്കുശേഷമാണ് ബിനോയി സ്ഥലത്ത് നിന്നും മുങ്ങിയത്. പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇയാൾക്ക് രക്ഷപ്പെടാനാവുമായിരുന്നില്ലെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ