സ്വിസ് ബാങ്കുകളിലും മറ്റുമായി ശേഖരിച്ചിട്ടുള്ള കള്ളപ്പണം മുഴുവൻ തിരികെ ഇന്ത്യയിലെത്തിക്കുമെന്നും ഓരോരുത്തരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നുമൊക്കെയായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ വാഗ്ദാനം. സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും ഒരു ചില്ലിക്കാശുപോലും ആരുടെയും അക്കൗണ്ടിലേക്ക് എത്തിയില്ലെന്ന് മാത്രമല്ല, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയുമാണ്. ഇതിനിടെ, ധനാഢ്യർ ബാങ്കുകളെയും മറ്റും തട്ടിച്ച് വിദേശത്തേക്ക് കടക്കുന്നതും പതിവായി.

എന്നാൽ, അന്ന് മോദി പറഞ്ഞകാര്യം വേണമെങ്കിൽ നടപ്പാക്കാവുന്നതേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് സിംഗപ്പുർ. വരുമാനം വർധിച്ചതോടെ രാജ്യത്തിനുണ്ടായ അഭിവയോധികി പൗരന്മാർക്കും സമ്മാനിക്കുകയാണ് സർക്കാർ. 21 വയസ്സിന് മുകളിലുള്ള മുഴുവൻ പൗരന്മാർക്കും 100 മുതൽ 300 ഡോളർവരെ ബോണസ് നൽകുമെന്ന് സർ്ക്കാർ പ്രഖ്യാപിച്ചു. 27 ലക്ഷം പേർക്കാണ് ബോണസ് ലഭിക്കുക. മിച്ചബജറ്റ് വന്നതോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

മൂന്ന് തലങ്ങളിലായാണ് ബോണസ് വിതരണം. 28000 ഡോളർവരെ വാർഷിക വരുമാനമുള്ളവർക്ക് 300 ഡോളർ, അതിന് മുകളിൽ ഒരുലക്ഷം ഡോളർവരെ വരുമാനമുള്ളവർക്ക് 200 ഡോളർ, അതിനും മുകളിലുള്ളവർക്ക് 100 ഡോളർ എന്നിങ്ങനെയാണ് ബോണസ്. 2017-ലെ ബജറ്റിൽ ഏതാണ്ട് 10,000 കോടി സിംഗപ്പുർ ഡോളറോളം മിച്ചം വന്നതോടെയാണ് ആ തുക ജനങ്ങൾക്ക് വീതിച്ചുനൽകാൻ സർക്കാർ തീരുമാനിച്ചത്.

ധനമന്ത്രി ഹെങ് സ്വീ കീറ്റാണ് ബോണസ് നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. സിംഗപ്പുരിന്റെ വികസനത്തിന്റെ മധുരം ജനങ്ങളുമായി പങ്കുവെക്കുകയെന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബോണസ് വിതരണത്തിനായി 53.33 കോടി ഡോളറാണ് സർക്കാർ ചെലവാക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ബോർഡുകളിൽനിന്നും ലഭിച്ച വരുമാനമാണ് ബജറ്റിൽ പ്രഖ്യാപിച്ചതെല്ലാം ചെയ്തുതീർത്തിട്ടും സർക്കാരിന് മിച്ചം നേടിക്കൊടുത്തത്.