സിംഗപ്പൂർ: സിംഗപ്പൂരിന്റെ മുൻ പ്രധാനമന്ത്രിയായ ലീ ക്വാൻ യു(91) അന്തരിച്ചു. ആധുനിക സിംഗപ്പൂരിന്റെ ശിൽപ്പിയായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം ന്യൂമോണിയ ബാധയെ തുടർന്ന് ഇന്ന് പുലർച്ചെ 3.15 ഓടെയായിരുന്നു. ചെറിയ തുറമുഖ നഗരമായിരുന്ന സിംഗപ്പുരിനെ ഇന്നത്തെ നിലയിലെത്തിച്ചത് ക്വാൻ യുവിന്റെ ഭരണ നൈപുണ്യം കൊണ്ടാണ്. സമ്പന്നവും അഴിമതി കുറഞ്ഞതുമായ രാഷ്ട്രമാക്കി സിംഗപ്പൂരിനെ മാറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ലീ 1959 മുതൽ 1990 വരെ സിംഗപ്പൂരിന്റെ പ്രധാനമന്ത്രിയായിരുന്നു.

കഴിഞ്ഞ 45 ദിവസമായി സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ക്വാൻ യുവിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസമായി മോശമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ക്വാൻ യുവിന്റെ മരണവാർത്ത സ്ഥിരീകരിച്ചു.

1959 ലാണ് ലീ ക്വാൻ യു സിംഗപ്പുരിന്റെ ഭരണം ഏറ്റെടുക്കുന്നത്. മലേഷ്യയിൽനിന്നു വേർപെട്ട സിംഗപ്പുരിനെ സ്വന്തം കാലിൽ ലോകത്തെ മുൻനിര വികസിത രാജ്യങ്ങളുടെ ഒപ്പമെത്തിക്കാൻ മൂന്നു ദശാബ്ദം നീണ്ട ക്വാൻ യു ഭരണത്തിനായി. സിംഗപ്പൂരിലെ പീപ്പിൾസ് ആക്ഷൻ പാർട്ടി സ്ഥാപകനായ ലീ, സിംഗപ്പൂരിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിസഭയിൽ അംഗമായിരുന്ന വ്യക്തി എന്ന നിലയിലും ശ്രദ്ധേയനാണ്.

ഔദ്യോഗിക പദവികളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ഉപദേശക മന്ത്രി (മിനിസ്റ്റർ മെന്റർ) എന്ന പദവിയിൽ ഭരണരംഗത്ത് സജീവമായിരുന്ന ലീ ക്വാൻ 2011ൽ ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിക്കെതിരെ പ്രതിഷധമുണ്ടായപ്പോൾ സ്ഥാനം രാജിവച്ചു.