ക്വലാലംപൂര്‍: അശാന്തിയും അസ്ഥിരതയും വര്‍ധിച്ചുവരുന്ന ലോകത്ത് സാമൂഹിക സുസ്ഥിതി സാധ്യമാക്കാന്‍ തിരുനബി സന്ദേശങ്ങള്‍ മുറുകെ പിടിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയില്‍ ആഗോള പണ്ഡിതരും ഭരണാധികാരികളും മന്ത്രിമാരും അറിവന്വേഷകരും തിങ്ങിനിറഞ്ഞ പ്രൗഢ സദസ്സില്‍ അന്താരാഷ്ട്ര സ്വഹീഹ് മുസ്ലിം പാരായണ സദസ്സിന്റെ സമാപന സമ്മേളനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികള്‍ക്കുള്ളിലും കുടുംബത്തിലും പൊതുമണ്ഡലത്തിലും രാഷ്ട്രങ്ങള്‍ക്കിടയിലും സമാധാനം സൃഷ്ടിക്കാന്‍ ഹദീസുകള്‍ മനുഷ്യരെ സഹായിക്കും. തിരുനബിചര്യകള്‍ അടുത്തറിയുന്നതിനും അതിലൂടെ ലോകം നേരിടുന്ന മാനവികവും സാമൂഹ്യവുമായ പ്രതിസന്ധികളെ അതിജയിക്കുന്നതിനും ഹദീസ് ഗ്രന്ഥങ്ങളുടെ ആഴത്തിലുള്ള പഠനവും ഗവേഷണവും കൂടുതല്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലേഷ്യന്‍ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രശസ്ത പണ്ഡിതരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ 19 മുതല്‍ പത്തു ദിവസമായി നടന്ന സംഗമത്തിന്റെ സമാപനം പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം ഉദ്ഘാടനം ചെയ്തു. നബിചര്യകളും തനത് മൂല്യങ്ങളും വിളംബരം ചെയ്യാന്‍ മലേഷ്യന്‍ മതകാര്യവകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മാനവ നന്മക്കാണ് വിശുദ്ധ ഖുര്‍ആനും ഹദീസുകളും പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യ മദനി നയത്തിന് കീഴില്‍ പാരമ്പര്യ ഇസ്ലാമിന്റെ വ്യാപനത്തിനും വളര്‍ച്ചക്കുമായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രിയുടെ കീഴിലുള്ള മതകാര്യ വകുപ്പ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 2023 മുതല്‍ പുത്ര മസ്ജിദില്‍ വാര്‍ഷിക ഹദീസ് സംഗമങ്ങള്‍ ആരംഭിച്ചത്. മതപണ്ഡിതര്‍ക്കുള്ള മലേഷ്യന്‍ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയായ മഅല്‍ ഹിജ്റ പുരസ്‌കാരം നേടിയതിന് പിറകെ നടന്ന ആദ്യ സംഗമത്തിന് തുടക്കമിട്ടതും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയായിരുന്നു. ഹദീസ് പഠനത്തിനും വ്യാപനത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹദീസ് പണ്ഡിതര്‍ പങ്കെടുക്കുന്ന വൈജ്ഞാനിക-ആത്മീയ ചടങ്ങിന് നേതൃത്വം നല്‍കാന്‍ ഗ്രാന്‍ഡ് മുഫ്തി തിരഞ്ഞെടുക്കപ്പെടുന്നത്.

സ്വഹീഹ് മുസ്ലിം പൂര്‍ണമായും പാരായണം ചെയ്ത സദസ്സില്‍ തിരഞ്ഞെടുക്കപ്പെട്ട 1000 പേരാണ് മുഴുസമയ ശ്രോതാക്കളായി ഉണ്ടായിരുന്നത്. സമാപന സംഗമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൊതുജനങ്ങള്‍ ഉള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ പങ്കെടുത്തു. സ്വഹീഹ് മുസ്ലിം ദര്‍സിന് പുറമെ ഇജാസത്ത് കൈമാറ്റവും പ്രാര്‍ഥനയും സംഗമത്തിന്റെ ഭാഗമായിരുന്നു. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിന്‍ മുഖ്താര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി ശൈഖ് വാന്‍ മുഹമ്മദ് ഇസ്സുദ്ദീന്‍, ശൈഖ് മുഹമ്മദ് അല്‍ ഹസന്‍, ശൈഖ് ഹുസൈന്‍ അബ്ദുല്‍ ഖാദിര്‍ അല്‍ യൂസുഫി, ശൈഖ് നൂറുദ്ദീന്‍ മര്‍ബു അല്‍ മക്കി, ഡോ. നാജി അല്‍ അറബി തുടങ്ങി പ്രമുഖര്‍ സംസാരിച്ചു. ഗ്രാന്‍ഡ് മുഫ്തിക്ക് പുറമെ ഇന്ത്യയില്‍ നിന്ന് ജാമിഉല്‍ ഫുതൂഹ്- ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും സമ്മേളനത്തില്‍ സംബന്ധിച്ചു.