പഞ്ചാബ്: പ്രശസ്ത പഞ്ചാബി ഗായകൻ നവ്‌ജോത് സിങ് വെടിയേറ്റ് മരിച്ച നിലയിൽ. ശരീരത്തിൽ അഞ്ചോളം വെടിയുണ്ടകളേറ്റ നിലയിൽ പഞ്ചാബിലെ ദേര ബസിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം. മൃതദേഹത്തിന്റെ അടുത്തായി നവജോതിന്റെ കാറും കണ്ടെത്തിയിട്ടുണ്ട്.

എസ്.എസ് നഗറിലെ വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു സംഭവം. സംഭവത്തിന് തൊട്ട് മുമ്പ് നവ്‌ജോത് അമ്മയെ വിളിച്ചിരുന്നു. എന്നാൽ ഏറെ വൈകിയും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.

മോഷണ ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും അതുകൊണ്ട തന്നെ മറ്റെന്തെങ്കിലും കാരണമാകാം കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. നവ്‌ജോതിനെ രാത്രി ഒരു പെൺകുട്ടിയോടൊപ്പം മകഡൊണാൾഡ്‌സിൽ കണ്ടതായി കുടുംബ സുഹൃത്ത് പൊലീസിനോട് പറഞ്ഞിരുന്നു. ഗായകന്റെ മരണത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.