മുംബൈ: ഒരുകാലത്ത് ഇന്ത്യയിലെ പുരുഷന്മാർ എന്തു വസ്ത്രം ധരിക്കണമെന്നു തീരുമാനിച്ചിരുന്ന റെയ്മണ്ട്സ് എന്ന വസ്ത്രനിർമ്മാണ ബ്രാൻഡിന്റെ ഉടമ വാടകവീട്ടിൽ ഏകാന്തജീവിതം നയിക്കുന്നു. ഒരുകാലത്ത് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയിരുന്ന ഡോ. വിജയ്പത് സിംഗാനിയ ആണ് ഇന്ന് വാടക വീട്ടിൽ ഏകാന്ത ജീവിതം നയിക്കുന്നത്.

വസ്ത്രവ്യാപര രംഗത്ത് ഇന്ത്യയിലെ പ്രമുഖ ബ്രാൻഡായി റെയ്മണ്ട്സ് ലിമിറ്റഡിനെ വളർത്തിയെടുത്തത് വിജയ്പത് ആയിരുന്നു. എന്നാൽ ഇപ്പോഴത്തെ തന്റെ അവസ്ഥയ്ക്കു കാരണം മകൻ ഗൗതമം ആണെന്നാണ് ഇദ്ദേഹം പറയുന്നത്.

ഇതിനിടെ മലബാർ ഹില്ലിലെ 36 നിലകളുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ്പത് മുംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വ്യവസായരംഗത്തുനിന്ന് വിരമിച്ച ഇദ്ദേഹം കടത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്. 1960-ൽ ആണ് മലബാർ ഹില്ലിൽ ജെകെ ഹൗസ് എന്ന കെട്ടിടം വിജയ്പത് നിർമ്മിച്ചത്. അന്ന് 14 നിലകളാണ് ഇതിനുണ്ടായിരുന്നത്.

2007-ൽ ആണ് ഈ കെട്ടിടം പുതുക്കിപ്പണിതത്. ഈ കെട്ടിടത്തിൽ വിജയ്പത് സിംഗാനിയ, ഗൗതം, സിംഗാനിയയുടെ സഹോദരന്റെ ഭാര്യ വീണാദേവി, അവരുടെ മക്കളായ അനന്ത്, അക്ഷയ്പത് എന്നിവർക്ക് അപ്പാർട്ട്മെന്റ് ലഭ്യമാക്കുമെന്നായിരുന്നു കരാർ. നേരത്തെതന്നെ വീണാദേവിയും മക്കളും കരാർപ്രകാരമുള്ള അപ്പാർട്ട്മെന്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിംഗാനിയയും കോടതിയെ സമീപിച്ചത്. 78 വയസുള്ള വിജയ്പത് സ്ംഗാനിയെ മകൻ പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണെന്നും ബിസിനസ് കൈവശപ്പെടുത്തിയെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്.

റെയ്മണ്ട്സിൽ 1000 കോടി മൂല്യമുള്ള തന്റെ ഓഹരി മകനുവേണ്ടി സിംഗാനിയ ഉപേക്ഷിച്ചെന്നാണ് അഭിഭാഷകൻ പറയുന്നത്. എന്നാൽ ഗൗതം ഇപ്പോൾ പിതാവിനെ പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണ്. സിംഗാനിയ ഉപയോഗിച്ചു കൊണ്ടിരുന്ന കാർ പോലും ഇപ്പോൾ നൽകുന്നില്ല. ജെകെ ഹൗസിലെ 27, 28 നിലകൾ തനിക്കു വിട്ടു നൽകണമെന്നും നൽകണമെന്നാണ് കോടതിയിൽ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

1980-കളിൽ ബോംബെയിൽ നിന്ന് ഇന്ത്യൻ പോസ്റ്റ് എന്ന പത്രവും സിംഗാനിയ ആരംഭിച്ചിരുന്നു. എന്നാൽ 1990-ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു. പ്രമുഖ പത്ര പ്രവർത്തകനായിരുന്ന വിനോദ് മേത്തയായിരുന്നു ഇന്ത്യൻ പോസ്റ്റിന്റെ സ്ഥാപക പത്രാധിപർ.

അതേസമയം കമ്പനിയുടെ മറ്റ് ഓഹരി ഉടമകൾ സിംഗാനിയിക്ക് അപ്പാർട്ട്മെന്റ് നൽകുന്നതിനെ എതിർത്തെന്നാണ് ഗൗതമിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതോടെ പരസ്പരം സംസാരിച്ചു ധാരണയിൽ എത്താൻ കോടതി ഇരുവരോടും നിർദ്ദേശിച്ചു. ഈ മാസം 22-ന് കേസ് വീണ്ടി പരിഗണിക്കും.