ഡാൻസ് ഇഷ്ടപ്പെടുന്ന ഒരു നഴ്‌സ്, ബൈക്കപകടത്തിൽ പെടുന്നു, ആശുപത്രികളുടെ അവഗണന മൂലം ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾ അവളുടെ ശരീരത്ത് നടത്തപ്പെടുന്നു. അവസാനം ഒരു കാൽ മുറിച്ചുമാറ്റപ്പെടുന്നു മുറിച്ചുമാറ്റപ്പെട്ട കാലുമായി വീണ്ടും നൃത്തവേദിയിലേക്ക്, അവിടെനിന്ന് ഇന്ത്യ ഗോട്ട് ടാലന്റ് എന്ന മെഗാഷോയിൽ മത്സരാർത്ഥിയാവുന്നു, ലോകത്തെ ആവേശംകൊള്ളിച്ചുകൊണ്ട് രണ്ടാംസ്ഥാനക്കാരിയാവുന്നു. ഇതൊരു സിനിമയുടെ വൺലൈൻ കഥയാണെന്ന് തെറ്റിദ്ധരിക്കപ്പെടാം. ഇരുപത്തേഴുകാരിയായ സുഭ്രീത് കൗറിന് ഇത് കഥയല്ല, സ്വന്തം ജീവിതമാണ്. ഒരു കാൽ മുറിച്ചുമാറ്റിയതിനുശേഷം വെറും നാലുവർഷത്തിലുള്ളിൽ നൃത്തവേദിയിൽ വിസ്മയം തീർത്ത്, ലോകപര്യടനത്തിലാണ് ഈ താരം.

2009 ഒക്‌ടോബറിലാണ് സുഭ്രീതിന്റെ ജീവിതത്തെ മാറ്റിമറിച്ച അപകടം ഉണ്ടാവുന്നത്. കോളേജ് കഴിഞ്ഞ് വരുമ്പോൾ സുഹൃത്തിന്റെ മോപ്പഡിന്റെ പിന്നിൽ ഒരു ലിഫ്റ്റ് ലഭിച്ചപ്പോൾ സുഭ്രീത് ആലോചിച്ചിരുന്നില്ല, ആ യാത്ര ഏതാണ്ട് ഒരു വർഷം നീളുന്ന യാതനകളിലേക്കായിരിക്കുമെന്ന്. വഴിയിൽ വച്ച് തെന്നിമറിഞ്ഞ മോപ്പഡിൽ നിന്ന് വീണ സുഭ്രീതിനെ കാൽമുട്ട് ഒടിഞ്ഞ അവസ്ഥയിൽ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാണ്ട് രണ്ടാഴ്ച, വെറും ബാൻഡേജ് മാത്രമിട്ട് ഹോസ്പിറ്റലിൽ കിടന്ന അവരുടെ കാലിലെ ഒടിവ് ചികിത്സിക്കാൻ അമ്മയുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനക്കുശേഷവും ഡോക്ടർമാർ തയാറായില്ല.

അതിനിടയിൽ കാൽമുട്ടിൽ ആർട്ടീറിയോവീനസ് മാൽഫോർമേഷൻ (എവിഎം) എന്ന ഭീഷണമായ അവസ്ഥയും സംജാതമായി. ധമനികളും സിരകളും തമ്മിൽ കാപ്പില്ലറി സിരകളെകൂടാതെ രക്തചംക്രമണം നടത്തുന്ന കടുത്ത വേദനയുളവാക്കുന്ന മെഡിക്കൽ അവസ്ഥയാണ് എവിഎം. കുഴപ്പംപിടിച്ച അവസ്ഥയായതിനാൽത്തന്നെ ഡോക്ടർമാരും ശസ്ത്രക്രിയ ചെയ്യാൻ മടിച്ചുനിന്നു. അവസാനം നവംമ്പർ 5ന് അപകടത്തിന് പതിനഞ്ചുദിവസങ്ങൾക്ക് ശേഷം ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യാൻ തയാറായി.

അവിടംകൊണ്ടും തീർന്നില്ല, സർജറിക്കിടെ ഒരു ഡോക്ടരുടെ കയ്യബദ്ധം കൊണ്ട് കാലിലെ പ്രധാനസിരകളിലൊന്ന് മുറിയുകയും രക്തസ്രാവം നിയന്ത്രണാതീതമാവുകയും ചെയ്തു. രക്തമൊഴുക്ക് നിയന്ത്രിക്കാൻ സാധിച്ചുവെങ്കിലും, സർജറി നിർത്തിവയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. സിരയിലെ മുറിവ് ഭേദമാവാൻ സുഭ്രീതിനെ പതിനഞ്ച് ദിവസത്തേക്ക് വീട്ടിലേക്ക് അയക്കുകയാന് ഡോക്ടർമാർ ചെയ്തത്. 'എന്റെ കാലിലെ സംവേദനക്ഷമത ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരുന്നു, പെരുവിരൽ മുതൽ മുകലിലേക്ക് ക്രമേണ കറുപ്പുനിറം ബാധിക്കാനും തുടങ്ങി. അപ്പോഴേക്കും ഏതാണ്ട് രണ്ടുമാസങ്ങൾ കടന്നുപോയിരുന്നു.' മുറിവിലുണ്ടായ അണുബാധ കാലിൽ മുഴുവൻ വ്യാപിക്കാൻ തുടങ്ങി. വേദനകൊണ്ട് പിടഞ്ഞ സുഭ്രീത് അമ്മയോട് തന്റെ കാൽ മുറിച്ചുകളയാൻ യാചിക്കാൻ തുടങ്ങി. സുഭ്രീതിന്റെ അമ്മ അൻപത്താറുവയസ്സുകാരിയായ ചരൺജീത്ത് തങ്ങളുടെ നാട്ടിലെ ആശുപത്രിയിൽനിന്ന് ആശുപത്രിയിലേക്ക് മകളെയുംകൊണ്ട് നടന്നു. ഡോക്ടർമാരോട് യാചിച്ചു. ഒരാൾപോലും സഹായിക്കാനുണ്ടായിരുന്നില്ല. നിർജ്ജീവമായ കാലും, അസ്ഥികളെ കാർന്നുതിന്നുന്ന വേദനയുമായി സുഭ്രീത് നരകയാതന അനുഭവിക്കുകയായിരുന്നു.

ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഡോക്ടർ ഹരിന്ദർ ബേദി 2010 സെപ്റ്റംബർ 16ന് ശസ്ത്രക്രിയ ചെയ്യമെന്ന് സമ്മതിച്ചു. അപ്പോഴേക്കും ഒരുവർഷം കടന്നുപോയിരുന്നു. ' എനിക്ക് ഇതൊരു കടുത്ത തീരുമാനമായിരുന്നു. മുന്നിൽ മറ്റുവഴികളില്ലാതിരുന്നതുകൊണ്ട് മുന്നോട്ടുപോവാൻതന്നെ ഞാൻ തീരുമാനിച്ചു. ഒരു കാൽ മുറീച്ചുകളഞ്ഞാലും എനിക്ക് ജീവിക്കണം. അന്തസ്സോടെ ജീവിക്കാൻ ഒരു കാൽ മുറിച്ചുകളഞ്ഞിട്ടണെങ്കിലും വേണ്ടീല്ല എന്ന് ഉറപ്പിക്കുകയായിരുന്നു ഞാൻ ചെയ്യേണ്ടീയിരുന്നത്. ഞാൻ അത് ചെയ്തു.'സുഭ്രീത് പറഞ്ഞു.

വീണ്ടും നടക്കാൻ സാധിക്കാൻ ഏഴ് സർജറികൾ ചെയ്യേണ്ടിവന്നു, ഏതാണ്ട് ഏഴുലക്ഷം രൂപ സർജറീക്കുമാത്രം ചിലവായി. സുഭ്രീതിന്റെ കുടുംബം അവൾക്കുവേണ്ടി ഏതറ്റം വരെയും പോകുവാൻ തയാറായിരുന്നു. അവർ ലോണുകൾ വഴി ആശുപത്രി ചിലവ് കണ്ടെത്തി.

സർജറിക്കുശേഷമായിരുന്നു യഥർത്ഥ പരീക്ഷണങ്ങൾ വരാനിരുന്നത്. ആശുപത്രിവാസത്തിനുശേഷം സുഭ്രീത് വായനയിലേക്ക് തിരിഞ്ഞു. വികലാംഗരായ വ്യക്തികൾ കൈവരിച്ച നേട്ടങ്ങൾ അവൾക്ക് പ്രത്യാശയും പ്രതീക്ഷയും നൽകി. സ്വന്തം സ്വപ്നങ്ങൾ കൈവരിക്കാൻ തീരുമാനിച്ചുറച്ച അവളെ നിരുത്സാഹപ്പെടുത്തുന്ന ധാരാളം അനുഭവങ്ങൾ ഉണ്ടായി. 'എന്റെ സുഹൃത്തുക്കൾ എന്നെ അവഗണിക്കാൻ തുടങ്ങി. ആൾക്കാർ എന്നോട് സതാപം കാണീക്കാൻ തുടങ്ങി. എനിക്ക് ആരുടെയും സഹതാപം വേണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നു'

'എനിക്ക് ഡാൻസ് എന്നും ഇഷ്ടമായിരുന്നു. എന്നാൽ രക്ഷിതാക്കൾ ഞാൻ പഠിക്കണം എന്ന് ആഗ്രഹിച്ചു. നന്നായി പഠിച്ച് ഞാൻ ഒരു നഴ്‌സ് ആവുകയും ചെയ്തു. എന്നാൽ അപകടം എല്ലാം തകിടംമറിച്ചു. സുഭ്രീത് ഓർത്തെടുത്തു. 'വളരെ നാണംകുണുങ്ങിയായിരുന്നു ഞാൻ, അതിനാൽ തന്നെ ഒരാളോടും സംസാരിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. ഡാൻസ് ചെയ്യുന്നതുപോലും ബെഡ് റൂമിൽ മാത്രമായിരുന്നു. കാണീകളുടെ മുൻപിൽ ഡാൻസ് ചെയ്യാൻ എനിക്ക് മടിയുമായിരുന്നു. എന്റെ ഇഷ്ടമായിരുന്നു ഡാൻസ്, എന്നാൽ ഒരിക്കലും അത് ഒരു പ്രൊഫഷനാവും എന്ന് ഞാൻ കരുതിയതേയില്ല'

പല സ്റ്റുഡിയോകളിലും ഡാൻസ് സ്‌കൂളുകളിലും പ്രവേശനം ആഗ്രഹിച്ചെങ്കിലും അവയെല്ലാം അവളുടെ അപേക്ഷ നിഷ്‌കരുണം നിരസിക്കുകയായിരുന്നു. എന്നാൽ തളരാതെ പരിശ്രമിച്ച സുഭ്രീതിന് ആവേശമായി ചണ്ഡിഗഡിലെ റോക്സ്റ്റാർ അക്കാദമി പ്രവേശനം നൽകി. മകളുടെ ആവശ്യം കേട്ട് ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും പിന്നീട് അമ്മ നൽകിയ പിന്തുണയാണ് തന്നെ ഇന്ന് നിൽക്കുന്നിടത്ത് എത്തിച്ചതെന്ന് സുഭ്രീത് പറയുന്നു..

'എന്റെ മകൾ നല്ല ഒരു നർത്തകിയാണെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും ഞങ്ങൾ അവൾ പഠിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽതന്നെ നിർബ്ബന്ധമായി ഞങ്ങൾ അവളെ പഠിക്കാനയക്കുകയായിരുന്നു. ഓപ്പറേഷനുശേഷം ടി വി യിലെ ഡാൻസ് ഷോയിൽ പങ്കെടുക്കണം എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് അവളുടെ സ്വപ്നങ്ങളെ പിന്തുണക്കുകയായിരുന്നു' അമ്മ പറഞ്ഞു.

തുടർന്ന് സുഭ്രീത് ഇന്ത്യ ഗോട്ട് ടാലന്റ് എന്ന ഷോയിൽ പ്രവേശനം നേടുകയും, ഏത് കഴിവുറ്റ നർത്തകരെപ്പോലും അതിശയിപ്പിക്കുന്ന വിധം ഒറ്റക്കാലിൽ നൃത്തം ചെയ്യാൻ പരിശീലനം നേടുകയും ചെയ്തു. സ്റ്റേജ് ഷോയിൽ വിധികർത്താക്കളെയും കാണികളെയും അദ്ഭുതപരതന്ത്രരാക്കാൻ പോന്ന പ്രകടനമാണ് സുഭ്രീത് നടത്തിയത്. ആരുടെയും മനംകവരുന്ന പ്രകടനത്തിലൂടെ ഫൈനലിൽ എത്തിയെങ്കിലും രാഗിണി മഖറിനുപിന്നാലെ രണ്ടാംസ്ഥനക്കാരിയാവാനേ അവർക്ക് കഴിഞ്ഞുള്ളൂ. അതിൽ ഒട്ടും അസന്തുഷ്ടയല്ല താൻ എന്ന് അവർ പറയുന്നു. ഷോ അവരുടെ ജീവിതം മാറ്റിമറിച്ചു. സുഭ്രീത് ഒരു സെലിബ്രിറ്റിയാണ് ഇപ്പോൾ. ലോകം മുഴുവൻ അവർക്ക് ആരാധകർ, അവരുടെ സ്റ്റുഡിയോയിൽ എപ്പോഴും തിരക്ക്, 'എന്റെ ജീവിതം മാറിയിരിക്കുന്നു. ജീവിതത്തിന്റെ ഇരുണ്ട വശം ഞാൻ കണ്ടുകഴിഞ്ഞു. ഇപ്പോൾ ആളുകൾ എന്നെ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഇതൊരു നല്ല ജിവിതമാണ്. ഞാൻ നന്നായി ആസ്വദിക്കുന്നു. സുഭ്രീത് ഡാൻസ് ഫ്‌ലോറിൽ തിരക്കിലാണ്.