പത്തനംതിട്ട: അത്തിക്കയം ചന്തമൺ മമ്മരപ്പള്ളിൽ സിൻജോ മോന്റെ ദുരൂഹ മരണം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും തുമ്പൊന്നും ഉണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതിനിടെ കഴിഞ്ഞ തിരുവോണ ദിവസം കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പത്തനംതിട്ട അത്തിക്കയം സ്വദേശി സിൻജോമോൻ കൊല്ലപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത് വന്നിപിര്രുന്നക്. കൊലപ്പെടുത്തിയത് തന്റെ ഭർത്താവ് ജോബിയാണെന്ന് റാന്നി സ്വദേശിയായ ശ്രീനിയാണ് വെളിപ്പെടുത്തൽ നടത്തിയത്. എത്രമാത്രം വിശ്വാസയോഗ്യമാണ് വെളിപ്പെടുത്തൽ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊലീസും ഇക്കാര്യത്തിൽ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കേസ് പുതിയ തലത്തിലെത്തുകയാണ്.

വീട്ടിലെ പശുക്കളുടെ പാൽ കടകളിൽ വിതരണം ചെയ്യാൻ പോയ യുവാവിനെയാണ് ഉത്രാട ദിനം കാണാതായത്. വീടിന് സമീപത്തെ കുളത്തിനരികിൽ ബൈക്ക് കണ്ടപ്പോൾ അവിടെ മുങ്ങിത്തപ്പിയപ്പോൾ മൃതദേഹം കിട്ടി. ബൈക്കിൽ കാണപ്പെട്ട ചോരപ്പാടുകൾ ദുരൂഹത വർധിപ്പിക്കുകയും ചെയ്തു. ഉത്രാടം നാൾ വൈകിട്ട് വീട്ടിൽ നിന്നും ബൈക്കിൽ പാലുമായി അത്തിക്കയത്ത് കടകളിൽ നൽകാനായി പോയതായിരുന്നു സിജോ. രാത്രി വൈകിയും എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരുവോണ ദിവസം രാവിലെയാണ് സിജോയുടെ മോട്ടോർ ബൈക്ക് കുളത്തിന്റെ കരയിൽ കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

'എനിക്ക് വേണ്ടത് പണമാണ് പണത്തിന് വേണ്ടി ഞാൻ എന്തും ചെയ്യും' എന്ന് ജോബി പറഞ്ഞെന്നാണ് ഭാര്യ ശ്രീനി വെളിപ്പെടുത്തൽ നടത്തിയത്. സിൻജോമോന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ അത്തിക്കയത്ത് നടന്നിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഒക്ടോബർ 28-ന് അത്തിക്കയം നിലയ്ക്കൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നിന്നും മൃതദേഹം പുറത്തെടുത്ത് പുന പരിശോധനയും നടത്തിയിരുന്നു. തന്റെ ഭർത്താവായ ജോബി സിൻജോമോന്റെ മരണ ദിവസം പുലർച്ചെ ചോരപുരണ്ട വസ്ത്രങ്ങളുമായി വീട്ടിൽ എത്തിയിരുന്നുവെന്നും ഭർത്താവിനോട് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തുന്നു. ഭർത്താവ് കുളിക്കാൻ പോയ സമയം ജോബിയുടെ കവർ പരിശോധിച്ചപ്പോൾ 500ന്റെ നോട്ട് കെട്ടുകൾ കണ്ടിരുന്നു. പിന്നീട് വീട്ടിൽ ചിലരെത്തുകയും ഷെയർ വേണമെന്ന് ഭർത്താവിനോട് ആവശ്യപ്പെടുകയും ചെയ്തു. സിൻജോ മോനെ കൊന്നുവെന്ന സംഭാഷണം അന്ന ശ്രവിച്ചിരുന്നു. എന്നാൽ ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി.മാത്രമല്ല മദ്യലഹരിയിൽ പലപ്പോഴും സിൻജോമോനെ കൊന്നുവെന്ന വെളിപ്പെടുത്തി എന്നിങ്ങനെയാണ് യുവതിയുടെ വെളിപ്പെടുത്തൽ.

മൃതദേഹം പുറത്തെടുത്തപ്പോൾ ശരീരത്തിൽ നിരവധി പാടുകൾ ഉണ്ടായിരുന്നു. കഴുത്തിൽ ഞെരിച്ച പാടും അടിവയറ്റിൽ ചതവും ഉണ്ടായിരുന്നു. കാലുകൾ മടങ്ങിയ നിലയിൽ ചരിഞ്ഞാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ബൈക്കിലെ രക്തകറകളും ഉണ്ടായിരുന്നു. ഇതെല്ലാമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കാൻ കാരണമെന്ന് ജേക്കബ് പറഞ്ഞു. മരണം നടന്ന ദിവസം സിൻജോയുടെ ബൈക്ക് സാധാരണ വീട്ടിൽ കൊണ്ടുവെയ്ക്കുന്നിടത്ത് നിന്നും മുപ്പത് മീറ്ററോളം മാറ്റിയാണ് വെച്ചിരുന്നത്. ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ചോരപ്പാടും ചെളിയും കണ്ടിരുന്നതും സംശയത്തിന് കാരണമായി. ഇത്തരത്തിലൊരു കേസിനാണ് ശ്രീനിയുടെ വെളിപ്പെടുത്തലോടെ പുതിയ തലം വരുന്നത്.

തുടക്കം മുതൽ പൊലീസ് മരണം അപകടം മൂലമാണെ് ഉറപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ബൈക്കിൽ വരുന്ന വഴി പലയിടത്തും സിൻജോ വീണെന്നും ശരീരത്തിലെ രക്തം കഴുകിക്കളയാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ ബോധം കെട്ട് വീണ് മരിച്ചുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. തുടക്കത്തിൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിൻജോയുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുണ്ടായിരുന്നു. ഇത് പൊലീസിനെ പരാതിയായി അറിയിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിന് മുൻപ് തന്നെ മരണം ആത്മഹത്യയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. കൊലപാതകമെന്ന് സംശയിക്കാനുള്ള നിരവധി കാരണങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും മുഖവിലക്ക് എടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും സിൻജോയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനിടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ വരുന്നത്.

മരണത്തിന് മുൻപായി സമീപവാസികളുമായി സിൻജോ വഴക്കുണ്ടായെന്നും സമീപ ദിവസങ്ങളിൽ വന്ന ചില വാട്സ്അപ്പ് സന്ദേശങ്ങൾ ദുരൂഹാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സിൻജോയുടെ മരണത്തിൽ നീതി ലഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ആക്ഷൻ കൊൺസിൽ രൂപീകരിച്ചിരുന്നു. പൊലീസിന്റെ ഉദാസീനതയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു. പിന്നീടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.

ഇടവകയിലെ യുവജനങ്ങളുടെ കൂട്ടായ്മയായ യുവജനസഖ്യത്തിന്റ സെക്രട്ടറിയും സെന്റർ ഭരവാഹിയും ആയിരുന്നു സിൻജോ മോൻ. കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു ഇടവകയിലെ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനു ഒരു വിലയും നൽകാതെ ഭദ്രാസന അധികൃതർ മുഖം തിരിക്കുകയായിരുന്നു. ഭദ്രാസന ചുമതലക്കാരുടെ ഈ പ്രവൃത്തിയിൽ പ്രതിഷേധിച്ച് ഇടവകയിലെ കൈസ്ഥാന സമിതി ഒന്നടങ്കം രാജി വച്ച സംഭവവും ഉണ്ടായി.