പത്തനംതിട്ട: കഴിഞ്ഞ തിരുവോണ നാളിൽ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട അത്തിക്കയം മടന്തമൺ മമ്മരപ്പള്ളിൽ ജേക്കബ് ജോർജിന്റെ മകൻ സിൻജോ ജേക്കബ് ജോർജി (സിൻജോ മോൻ-21) ന്റെ മരണം കൊലപാതകമാണെന്നുള്ള ആദിവാസി യുവതിയുടെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടോയെന്ന് അറിയാൻ കഴിയാതെ അന്വേഷണ സംഘം കുഴങ്ങുന്നു. തന്നെ നിരന്തരമായി ഉപദ്രവിക്കുന്ന, ഒപ്പം താമസിക്കുന്ന യുവാവിനോട് പ്രതികാരം ചെയ്യാൻ യുവതി മെനഞ്ഞ കഥയാണോ ഇതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

സിൻജോയുടെ കൊലപാതകത്തിൽ തന്റെ ഭർത്താവിനു മനസറിവുണ്ടെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസമാണ് ആദിവാസി യുവതി രംഗത്തെത്തിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് വെളിപ്പെടുത്തൽ നടന്നത്. യുവാവിന്റെ മർദനവും വധഭീഷണിയും ഭയന്ന് അജ്ഞാത കേന്ദ്രത്തിൽ, സിൻജോ മോന്റെ മാതാപിതാക്കളുടേയും അടുത്ത ബന്ധുക്കളുടേയും സാന്നിധ്യത്തിലാണ് മാധ്യമങ്ങൾക്ക് മുന്നിൽ യുവതി വെളിപ്പെടുത്തൽ നടത്തിയത്. സിൻജോ മരണപ്പെട്ട രാത്രി പുലർച്ചെ വീട്ടിൽ എത്തിയ യുവാവിന്റെ വസ്ത്രങ്ങളിൽ രക്തക്കറ കണ്ടുവെന്നും തന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാതെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നുമാണ് വെളിപ്പെടുത്തൽ.

ചോരക്കറ കഴുകി കളയാമെന്നു പറഞ്ഞതു കൂട്ടാക്കാതെ വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞുവെന്നും അയാളുടെ കൈവശം അഞ്ഞൂറു രൂപയുടെ നോട്ടു കെട്ടുകൾ കണ്ടുവെന്നും യുവതി പറയുന്നു. അടുത്ത ദിവസം ഈ തുകയുടെ വീതം ആവശ്യപ്പെട്ട് രണ്ടു യുവാക്കൾ എത്തിയെന്നും അവരുടെ സംഭാഷണം ഒളിഞ്ഞു നിന്നു കേട്ടതിന് തനിക്ക് വീണ്ടും മർദനം ഏൽക്കേണ്ടി വന്നുവെന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ തിരുവോണ ദിവസം ഉച്ചയോടെയാണ് വീടിനു സമീപത്തെ കുളത്തിൽ സിൻജോ മോന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ടത്. തലേന്നു വൈകിട്ട് സ്വന്തം ബൈക്കിൽ അത്തിക്കയത്തുള്ള ബന്ധു വീട്ടിലേക്കു പോയ സിൻജോ അന്നു മടങ്ങി എത്തിയിരുന്നില്ല.

വീട്ടിൽ ബൈക്കു പതിവായി വയ്ക്കുന്ന സ്ഥലത്തു നിന്നും മൂന്നൂറു മീറ്ററോളം മാറി കുളത്തിന്റെ കരയിൽ പിറ്റേന്ന് ബൈക്ക് ഇരിക്കുന്നതു കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മൃതദേഹം കാണപ്പെട്ടത്. ബൈക്കിൽ ഇരിക്കുന്ന നിലയിലായിരുന്നു കുളത്തിൽ മൃതദേഹം കാണപ്പെട്ടത്. സിൻജോ മോന്റെ ശരീരത്തിൽ കഴുത്ത് ഞെരിച്ചതിന്റേയും അടിവയർ ചതഞ്ഞതിന്റേയും അടയാളങ്ങളും ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ചോരപ്പാടുകളും കണ്ടതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ വഴിയിൽ എവിടെയോ ബൈക്കു മറിഞ്ഞ് അപകടം ഉണ്ടായതാകാമെന്നും ശരീരത്തു പറ്റിയ ചെളി കഴുകി കളയുന്നതിന് വീടിനോടു ചേർന്നുള്ള കുളത്തിൽ ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി വീണ് ശ്വാസം മുട്ടി മരിച്ചതാകാമെന്നുമായിരുന്നു തുടക്കം മുതൽ കേസ് അന്വേഷിച്ച വെച്ചൂച്ചിറ പൊലീസിന്റെ നിലപാട്.

പൊലീസ് വിശദീകരണം ആദ്യം തന്നെ തള്ളിയ വീട്ടുകാരും നാട്ടുകാരും മരണത്തിന്റെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി വിവിധ സമര മാർഗങ്ങൾ അവലംബിച്ചിരുന്നു. തുടർന്ന് പിതാവ് സജി ഹൈക്കോടതിയെ സമീപിച്ച് മൃതദേഹം റീ പോസ്റ്റുമാർട്ടം നടത്താനുള്ള അനുമതിയും സമ്പാദിച്ചു. മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ഒക്ടോബർ 28ന് നാറാണംമൂഴി നിലയ്ക്കൽ മർത്തോമ്മാ പള്ളിയിലെ മമ്മരപ്പള്ളിൽ കുടുംബ കല്ലറ തുറന്ന് തിരുവല്ല ആർ.ഡി.ഒ വിജയമോഹന്റേയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി സുധാകരൻ പിള്ളയുടേയും സിൻജോ മോന്റെ പിതാവ് സജിയുടേയും സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ചീഫ് ഡോ. രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റുമാർട്ടം.

ലോക്കൽ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗവും അന്വേഷിച്ച കേസ് ഇപ്പോൾ ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്. ഇതിനിടയിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം യുവാവിനെതിരെ യുവതി ജില്ലാ പൊലീസ് സൂപ്രണ്ടിനു നൽകിയ പരാതി അന്വേഷണത്തിനായി റാന്നി സിഐക്കു കൈമാറിയിരുന്നു. ഇരുവരെയും റാന്നി സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നെങ്കിലും ഭർത്താവു മാത്രമാണ് എത്തിയത്. ഇദ്ദേഹത്തിൽ നിന്നും മണിക്കൂറുകളോളം മൊഴിയെടുത്ത പൊലീസിന് സിൻജോ മോന്റെ മരണവുമായി ബന്ധപ്പെട്ട ഒരു സൂചനയും ലഭിച്ചതായി അറിവില്ല.

എന്നാൽ യുവതിയുടെ മൊഴി പൂർണ വിശ്വാസത്തിൽ എടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന നിലപാടിലാണ് പൊലീസ്. ഇവർ ഇതിനു മുമ്പും ഭർത്താവ് അടക്കം പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.