പത്തനംതിട്ട: സെപ്റ്റംബർ മാസം 4ാം തിയതി തിരുവോണദിവസമാണ് സിൻജോ ജേക്കബിനെ(21) വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അനാസ്ഥയെ തുടർന്ന് വഴിമുട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉറപ്പായതോടെ സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷയിലാണ് സിൻജോയുടെ മാതാപിതാക്കൾ. ഇടവകയിലെ യുവജനസഖ്യം സെക്രട്ടറിയായിരുന്ന സിൻജോ ദുരൂഹ മരണത്തിൽ സഭാ നേതൃത്വം തിരിഞ്ഞുനോക്കാതായതോടെ പ്രതിഷേധമായി പള്ളി കമ്മിറ്റിയിൽ കൂട്ടരാജി വെച്ചിരുന്നു. പള്ളി കമ്മറ്റിക്കാരെ അനുനയിപ്പിക്കാനുള്ള സഭ നേതൃത്വത്തിന്റെ നീക്കം സജീവമാണ്.

സെപ്റ്റംബർ മൂന്നിന് വൈകിട്ട് വീട്ടിൽ നിന്നും പുറത്ത്‌പോയ സിജോയെ പിറ്റെദിവസം തിരുവോണത്തിന് ഉച്ചയോടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിൻജോയുടെ മാതാപിതാക്കളും ബന്ധുക്കളും അന്ന് തന്നെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ മരണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇപ്പോൾ പത്തനംതിട്ട ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ സത്യം പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് സിൻജോയുടെ മാതാപിതാക്കളും സുഹൃത്തുക്കളും.

സിൻജോയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. തുടക്കത്തിൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിൻജോയുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുണ്ടായിരുന്നു. ഇത് പൊലീസിനെ പരാതിയായി അറിയിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിന് മുൻപ് തന്നെ മരണം ആത്മഹത്യയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. കൊലപാതകമെന്ന് സംശയിക്കാനുള്ള നിരവധി കാരണങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും മുഖവിലക്ക് എടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും സിൻജോയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് ഭാഷ്യം. മരണത്തിന് മുൻപായി സമീപവാസികളുമായി സിൻജോ വഴക്കുണ്ടായെന്നും സമീപ ദിവസങ്ങളിൽ വന്ന ചില വാട്‌സ്അപ്പ് സന്ദേശങ്ങൾ ദുരൂഹാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. സിൻജോയുടെ മരണത്തിൽ നീതി ലഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. പൊലീസിന്റെ ഉദാസീനതയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ ശക്തമായി മുന്നോട്ട് പോയതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്.

ഇടവകയിലെ യുവജനങ്ങളുടെ കൂട്ടായ്മയായ യുവജനസഖ്യത്തിന്റ സെക്രട്ടറിയും സെന്റർ ഭാരവാഹിയും ആയിരുന്നു സിൻജോ മോൻ. കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കണമെന്ന് ഇടവകയിലെ അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തിനു ഒരു വിലയും നൽകാതെ ഭദ്രാസന അധികൃതർ മുഖം തിരിക്കുകയായിരുന്നു. ഭദ്രാസന ചുമതലക്കാരുടെ ഈ പ്രവൃത്തിയിൽ പ്രതിഷേധിച്ച് ഇടവകയിലെ കൈസ്ഥാന സമിതി ഒന്നടങ്കം രാജി വെച്ചു. കേസ് ശക്തമായി മുന്നോട്ടു കൊണ്ടു പോകുവാനോ പൊലീസിലോ ഉന്നത തലങ്ങളിലോ സമ്മർദം ചെലുത്തുവാനുള്ള പിടിപാട് സിൻജോയുടെ മാതാപിതാക്കൾക്കും ഇല്ല. സഭ നേതൃത്വം കൂടി കൈവിട്ടതോടെ ഇടവകയിലെ അംഗങ്ങൾ സഭക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതാണ് ഇടവകസമിതിയിലെ മുഴുവൻ അംഗങ്ങളുടെയും രാജിയിൽ എത്തിയത്.

മൃതദേഹം പുറത്തെടുത്തപ്പോൾ ശരീരത്തിൽ നിരവധി പാടുകൾ ഉണ്ടായിരുന്നു. കഴുത്തിൽ ഞെരിച്ച പാടും അടിവയറ്റിൽ ചതവും ഉണ്ടായിരുന്നു. കാലുകൾ മടങ്ങിയ നിലയിൽ ചരിഞ്ഞാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ബൈക്കിലെ രക്തകറകളും ഉണ്ടായിരുന്നു. ഇതെല്ലാമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കാൻ കാരണമെന്ന് സിൻജോയുടെ പിതാവ് ജേക്കബ് പറഞ്ഞു. മരണം നടന്ന ദിവസം സിൻജോയുടെ ബൈക്ക് സാധാരണ വീട്ടിൽ കൊണ്ടുവെയ്ക്കുന്നിടത്ത് നിന്നും മുപ്പത് മീറ്ററോളം മാറ്റിയാണ് വെച്ചിരുന്നത്. ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ചോരപ്പാടും ചെളിയും കണ്ടിരുന്നതും സംശയത്തിന് കാരണമായി പറയുന്നു. ഇത്രയും തെളിവുകൾ ഒറ്റനോട്ടത്തിൽ തന്നെ ഉണ്ടായിട്ടും മരണം ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ പൊലീസ് ശ്രമിച്ചതെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.