സാമിലെ ദാരംഗ് ജില്ലയിൽ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ശഹീദ് മുഈനുൽ ഹഖ്, ശൈഖ് ഫരീദ് എന്നിവരുടെ കുടുംബങ്ങളെ എസ്ഐഒ ഭാരവാഹികൾ തിങ്കളാഴ്‌ച്ച സന്ദർശിക്കുകയും എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവുമറിയിക്കുകയും ചെയ്തു.

മുഈനുൽ ഹഖിന്റെ മൂന്നു മക്കളുടെയും വിദ്യാഭ്യാസച്ചെലവ് എസ്ഐഒ ഏറ്റെടുക്കുമെന്നും അറിയിച്ചു. 'അദ്ദേഹത്തിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ കഴിയുന്നത് വലിയ ബഹുമതിയായാണ് ഞങ്ങൾ മനസിലാക്കുന്നത്. താൽപ്പര്യമുള്ള മേഖലയിൽ അവർ മൂവരും പഠിച്ചുമുന്നേറണമെന്ന് ഞങ്ങൾക്കാഗ്രഹമുണ്ട്. അവരുടെ പഠനച്ചെലവ് വഹിക്കാൻ ഞങ്ങൾ കുടുംബത്തോട് അനുവാദം ചോദിക്കുകയും അവരതിന് സമ്മതം മൂളുകയുമായിരുന്നു. അവരുടെ മുന്നോട്ടുള്ള ജീവിതം സമാധാനവും ഐശ്വര്യവും നിറഞ്ഞതാകാനും അവരോട് അക്രമം ചെയ്തവർക്ക് അർഹമായ ശിക്ഷ ലഭ്യമാകാനും വേണ്ടിയാണ് ഞങ്ങളുടെ പ്രാർത്ഥന' കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം എസ്ഐഒ ദേശീയ പ്രസിഡന്റ് സൽമാൻ അഹ്‌മദ് പറഞ്ഞു.

പതിമൂന്നുവയസുകാരൻ മുഖ്സിദുൽ, ഒമ്പതു വയസുകാരി മൻസൂറ ബീഗം, നാലു വയസുകാരൻ മുഖദ്ദസ് അലി ഒപ്പം ഭാര്യയും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മുഊനുൽ ഹഖ്.

ഭരണകൂടം എണ്ണുറോളം കുടുംബങ്ങളെ തങ്ങളുടെ വീടുകളിൽ നിന്നും ബലംപ്രയോഗിച്ച് കുടിയിറക്കിയ സിപാഹ്ജാർ പ്രദേശത്ത് സന്ദർശനം നടത്തുകയായിരുന്നു എസ്ഐഒ പ്രതിനിധികൾ. ഇരകളായ കുടുംബങ്ങൾ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ സംഘത്തോട് വിവരിച്ചു.

'കുടിയിറക്കിയ കുടുംബങ്ങളെ നിലവിൽ പാർപ്പിച്ചിരിക്കുന്ന പ്രദേശം റോഡ് സൗകര്യം പോലുമില്ലാത്ത പ്രളയഭീഷണി നിലനിൽക്കുന്ന നദിതീരത്താണ്. തകിട്ഷീറ്റുകൾ കൊണ്ട് മേൽക്കൂര കെട്ടിയ താൽക്കാലിക ഷെഡ്ഡുകളിലാണ് അവർ കഴിയുന്നത്. വെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ പോലും ലഭ്യമല്ല. സർക്കാർ അവർക്കാവശ്യമായ ദുരിതാശ്വാസ നടപടികൾ ഉടൻ തന്നെ കൈക്കൊള്ളണം' സൽമാൻ അഹ്‌മദ് കൂട്ടിച്ചേർത്തു.

ആസാം മുഖ്യമന്ത്രിയോട് പൊലീസ് അതിക്രമം, കുടിയിറക്കൽ പ്രശ്നങ്ങളെക്കുറിച്ച് സംഘടനകൾ പരാതിബോധിപ്പിച്ചു

എസ്ഐഒ, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ജമിയത്ത് ഉലമാ-ഇ-ഹിന്ദ് എന്നിവരുടെ സംയുക്ത പ്രതിനിധി സംഘം ഞായറാഴ്ച രാവിലെ അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ, ഡാരംഗ് പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ ബിശ്വ ശർമ്മ, ഡറാങ് ഡെപ്യൂട്ടി കമ്മീഷണർ പ്രഭതി തായോസെൻ എന്നിവരുമായി പൊലീസ് ക്രൂരതയുടെയും മുസ്ലീങ്ങളുടെ കുടിയൊഴിപ്പിക്കലിന്റെയും പ്രശ്നം ഉന്നയിച്ചു കൊണ്ട് വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നു.
കുടിയിറക്കപ്പെട്ട മുസ്ലീങ്ങൾക്കെതിരെ അക്രമം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. അക്രമത്തിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ പൊലീസുകാർക്കും സാധാരണക്കാർക്കും നഷ്ടപരിഹാരം നൽകണമെന്നും ഭരണകൂടത്താൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ ഉടനെ പുനരധിവസിപ്പിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തന്റെ സഹായം ഉറപ്പുനൽകുകയും, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ സന്ദർശിക്കാനും അവരുടെ ആവശ്യങ്ങൾ അറിയാനും അദ്ദേഹത്തിന് എന്ത് അടിയന്തര നടപടികളാണ് സ്വീകരിക്കാൻ കഴിയുന്നതെന്ന് ആരായാനും പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അദ്ദേഹം സംഘടനകളോട് അഭ്യർത്ഥിക്കുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഉടനെ തന്നെ എസ്ഐഒ മറ്റു സംഘടനകൾക്കൊപ്പം അടുത്ത നടപടിയെക്കുറിച്ച് തീരുമാനങ്ങളെടുക്കും