- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മൂമ്മയും അച്ഛനും ക്രിമിനലുകൾ; മയക്കു മരുന്ന് കച്ചവടെ സേഫാക്കാൻ മറ കുട്ടികളും; ഇതിനൊപ്പം നോറയുടെ പേരിൽ കാമുകനെ ബ്ലാക് മെയിൽ ചെയ്യലും; ദത്തെടുത്ത് വളർത്തിയ മകന്റെ വഴിവിട്ട ബന്ധങ്ങളിൽ മതാപിതാക്കൾക്കുള്ള വേദന പൊലീസിനെ തുണച്ചു; ഡിക്‌സിയുടെ വിദേശ ജോലിയും കുടുംബ വഴക്കിന്റെ പ്രതിഫലനം; ഈ കുടുംബകഥ മലയാളിക്ക് നാണക്കേട്
കൊച്ചി: കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരെന്നു പൊലീസ് പറയുമ്പോൾ ആ കുടുംബ കഥ കേട്ടു ഞെട്ടുകയാണ് മലയാളികൾ. ഇവരുടെ ക്രിമിനൽ പ്രവർത്തികൾക്ക് മറയായിരുന്നു കുട്ടികൾ എന്നാണ് ലഭിക്കുന്ന സൂചന. അതിന് വേണ്ടി അമ്മയിൽ നിന്ന് പോലും കുട്ടികളെ അകറ്റി. ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് സജീവും സിപ്‌സിയും. മയക്കുമരുന്ന് മാഫിയയുമായും ബന്ധമുണ്ടായിരുന്നു. എല്ലാ അർത്ഥത്തിലും കുപ്രസിദ്ധ കുടുംബം.
സിപ്‌സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നു. ഇതിലുള്ള അസംതൃപ്തി മൂലമാണു താൻ സിപ്‌സിയുമായി അകന്നതെന്നാണു കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് മൊഴി കൊടുത്തിട്ടുള്ളത്. ലഹരി മരുന്ന് ഇടപാടുകൾക്കു മറയായാണു സിപ്‌സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. യാത്രകളിൽ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടും. പൊലീസ് പിടിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. സജീവിന്റെ കുടുംബത്തിലും ഇത് പ്രശ്‌നമായി. അങ്ങനെയാണ് സജീവിന്റെ ഭാര്യ ഡിക്‌സി പിണങ്ങുന്നതും.
സിപ്‌സിയുടെ നടപടികളെ എതിർത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്‌സി, ഗത്യന്തരമില്ലാതെ ഭർത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുട്ടികളെ ഡിക്‌സിക്കു വിട്ടു കൊടുത്തില്ല. ഇതും മയക്കുമരുന്ന് കച്ചവടം കൊഴുപ്പിക്കാനായിരുന്നു. ഇതോടെ ഡിക്‌സി വിദേശത്തേക്ക് പോയി. കുട്ടിയുടെ മരണമറിഞ്ഞ് തിരിച്ചത്തിയ അമ്മ തളർന്നു വീണു. നോറയുടെ മരണം സ്വാഭാവികമാക്കാനായിരുന്നു പദ്ധതി.
'എനിക്കു കിട്ടാതിരിക്കാൻ അവർ മനഃപൂർവം കൊന്നതാണ് എന്റെ കുഞ്ഞിനെ. നാട്ടിലേക്കു വന്നാൽ അവളെ കാണില്ലെന്നു ഭർത്താവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, കൊന്നുകളയുമെന്നു കരുതിയില്ല. കഴിഞ്ഞ 6ന് നാട്ടിൽ വരാനിരുന്നതാണ്. എന്നാൽ കഫെറ്റീരിയയിൽ ഒപ്പം ജോലി നോക്കിയിരുന്ന ആൾ നാട്ടിൽ പോയതിനാൽ അവധി കിട്ടിയില്ല. വരാൻ പറ്റിയിരുന്നെങ്കിൽ എന്റെ മകൾക്ക് ഈ ഗതി വരുമായിരുന്നില്ല'... - മകളുടെ ചേതനയറ്റ ശരീരം കണ്ടു തളർന്നു വീണതാണു ഡിക്‌സി പ്രതികരിച്ചത് ഇങ്ങനെയാണ്.
കുട്ടികളെ നന്നായി നോക്കാനാണു വിദേശജോലി തിരഞ്ഞെടുത്തതെന്നു ഡിക്‌സി പറയുന്നു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചു താൻ ശിശുക്ഷേമസമിതിക്കു പരാതി നൽകിയിട്ടും വേണ്ട ഗൗരവത്തിൽ അന്വേഷിച്ചില്ലെന്നാണു ഡിക്‌സിയുടെ പരാതി. താൻ ദുബായിൽനിന്നു നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലാണെന്നു ഭർത്താവ് അറിഞ്ഞിരുന്നുവെന്നും ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും ഡിക്‌സി പറയുന്നു. വിദേശത്തായിരുന്നപ്പോൾ തന്റെ അമ്മ മേഴ്‌സിയോട് കുട്ടിയെ കിട്ടാനുള്ള വഴികൾ നോക്കാൻ പറഞ്ഞു. അമ്മ ശിശുക്ഷേമസമിതിയിൽ പരാതി നൽകി.
കുട്ടികളെ ഭർത്താവിന്റെ മാതാവ് ഹോട്ടലിലും മറ്റും കൊണ്ടു നടക്കുകയാണെന്നും കുട്ടികളെ കിട്ടണമെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ, അമ്മ വരാതെ കുട്ടിയെ വിട്ടുതരാനാവില്ലെന്ന നിലപാടാണു സമിതി അധികൃതർ സ്വീകരിച്ചത്. കുഞ്ഞിനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലെന്നും ഡിക്‌സി പറഞ്ഞു. കുട്ടികൾ സുരക്ഷിതരല്ല എന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജനപ്രതിനിധികളും ഇക്കാര്യം ചൈൽഡ് ലൈനിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ വൈകിയതാണ് ഇപ്പോൾ നോറയുടെ മരണത്തിന് ഇടയാക്കിയത്.
ബക്കറ്റിലെ വെള്ളത്തിൽ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി ജോൺ ബിനോയ് ഡിക്രൂസും സിപ്‌സിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം ജോണിന്റെ വീട്ടിൽ അറിഞ്ഞതിനെത്തുടർന്നു മാതാപിതാക്കളും ജോണും തമ്മിൽ പിണക്കത്തിലായിരുന്നു. ദത്തെടുത്തു വളർത്തിയ മകന്റെ വഴിവിട്ട ജീവിതം ആ അച്ഛനേയും അമ്മയേയും തളർത്തി. കുഞ്ഞിനെ കൊന്നശേഷം ജോൺ മാതാപിതാക്കളെ ചെന്നുകാണുകയും വിവരം പറയുകയും ചെയ്തു.
വൈകാതെ മാതാവ് കൊലപാതക വിവരം പള്ളുരുത്തി പൊലീസിനെ അറിയിച്ചു. സിപ്‌സിയിൽനിന്ന് അകന്നുമാറാൻ ശ്രമിച്ചതോടെ തന്നെ ഭീഷണിപ്പെടുത്തുന്നതും കള്ളക്കേസിൽ കുടുക്കുന്നതും ജോണിനെ പ്രകോപിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട നോറ, ജോണിന്റെ മകളാണെന്ന് ആരോപിച്ചു ജോണിന്റെ വീട്ടിലും ജോലി സ്ഥലത്തും സിപ്‌സിയെത്തിയിരുന്നു. ഇതാണു കുട്ടിയെ ഇല്ലാതാക്കാനുള്ള പ്രകോപനം. അങ്ങനെ സമാനതകളില്ലാത്ത കള്ളക്കളിയാണ് പൊളിയുന്നത്.
കൊച്ചിയിൽ ഒന്നരവയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിലെ പ്രതി ബിനോയ് വീട്ടിലെത്തി അമ്മയോടു കുറ്റസമ്മതം നടത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. ബിനോയിയുടെ അമ്മയാണ് പൊലീസിൽ വിവരമറിയിച്ചത്. കുട്ടിയുടെ മുത്തശ്ശിയുമായി പ്രതിക്കുള്ള വിരോധമാണ് കാരണമെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്കമാലി പാറക്കടവ് സ്വദേശി സജീഷിന്റെ മകൾ നോറ മരിയ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടിയുടെ മുത്തശ്ശി സിക്‌സിയും സുഹൃത്തും ദമ്പതികളെന്ന് പറഞ്ഞാണ് മുറിയെടുത്തതെന്ന് ഹോട്ടൽ ജീവനക്കാർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ