കൊച്ചി: കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയായ പെൺകുഞ്ഞ് തന്റെതാണെന്ന് പറഞ്ഞ് കാമുകനായ ബിനോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപ്സി. തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്നും അതിനുള്ള ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്ന് ബിനോയിക്ക് അറിയാമെന്നും സിപ്സി മറുനാടനോട് പറഞ്ഞു. കൂടാതെ മാധ്യമങ്ങളും പൊലീസും പറയുന്നത് പോലെ തനിക്ക് 50 വയസ്സില്ലാ എന്നും 38 വയസ്സ് പൂർത്തിയായിട്ടുള്ളൂ എന്നും അവർ വ്യക്തമാക്കി. കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ പിതാവിനും സിപ്സിക്കും എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവർ ഇക്കാര്യം പറഞ്ഞത്.

ഇന്ന് രാവിലെ പൊലീസ് കേസെടുത്ത വിവരമറിഞ്ഞ് മറുനാടൻ സിപ്സിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് സിപ്സി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇവരെ നേരിൽ കാണാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ ആശുപത്രിയിലാണെന്ന് മറുപടി പറഞ്ഞു. ഏത് ആശുപത്രിയാണ് എന്ന് ചോദിച്ചപ്പോൾ സെന്റെ ജോൺസ് എന്ന് പറഞ്ഞു. സ്ഥലം എവിടെ എന്ന് ചോദിച്ചപ്പോൾ ആദ്യം തിരുവനന്തപുരമെന്നും പിന്നീട്
കോട്ടയമെന്നും പറഞ്ഞു. ഇതിനിടയിൽ പൊലീസ് ഇവരെ വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മറുനാടനോട് സംസാരിക്കുമ്പോൾ സിപ്സി പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് മനസ്സിലാക്കി ഒളിവിൽ പോകാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് പിടികൂടുന്നത്. ഫോൺകോളുകൾ കേന്ദ്രീകരിച്ച് പൊലീസ് ഇവരുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. അവസാന ഫോൺകോൾ അവസാനിക്കും മുൻപ് തന്നെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

അങ്കമാലി സ്വദേശിനിയായ സിപ്സിയെ തിരുവനന്തപുരം പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ സിപ്സി, തമ്പാനൂരിലെ ഒരു ലോഡ്ജിൽ താമസിച്ച ശേഷം ശനിയാഴ്ച രാവിലെ ബീമാപള്ളിയിലേക്ക് പോയി. ഇവർ വേഷംമാറി ഇവിടെ എത്തിയ വിവരം അറിഞ്ഞ പൂന്തുറ പൊലീസ് എത്തി പിടികൂടുകയായിരുന്നു. പൂന്തുറയിൽ സിപ്സിയുടെ ഒരു സുഹൃത്തുണ്ട്. ഈ സുഹൃത്തുവഴിയാണ് ഇവർ പൂന്തുറയിലെത്തിയതെന്നാണ് വിവരം. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സിപ്സിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനായ സജീവിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ഞിന്റെ അച്ഛൻ സജീവ്, മുത്തശ്ശി സിപ്‌സി എന്നിവർക്കെതിരേ ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് കൊച്ചിയിലെ ഹോട്ടലിൽവെച്ച് ഒന്നരവയസ്സുകാരി നോറ മരിയയെ വെള്ളത്തിൽ മുക്കിക്കൊന്നത്. സംഭവത്തിൽ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകൻ ജോൺ ബിനോയി ഡിക്രൂസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപ്‌സിയോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ബിനോയിയുടെ മൊഴി.

സിപ്‌സിയും ബിനോയിയും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. നേരത്തെ മോഷണം, ലഹരിക്കേസുകൾ അടക്കം പല കേസുകളിലും പ്രതിയാണ് സിപ്‌സി. അടുപ്പത്തിലായിരുന്ന ബിനോയിയും സിപ്‌സിയും പലതവണ വഴക്കിട്ടിരുന്നു. തന്നെക്കാൾ പ്രായക്കൂടുതലുള്ള സിപ്‌സിയെ ഒഴിവാക്കാൻ ബിനോയി ശ്രമിച്ചെങ്കിലും നടന്നില്ല. ഒഴിവാക്കാൻ ശ്രമിച്ചതോടെ ബിനോയിക്കെതിരേ സിപ്‌സി പരാതിയും നൽകി. മാത്രമല്ല, കൊല്ലപ്പെട്ട ഒന്നരവയസ്സുകാരി ബിനോയിയുടെ കുഞ്ഞാണെന്നും സിപ്‌സി പലരോടും പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാമാണ് കുഞ്ഞിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ബിനോയി പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മ സിപ്സിക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത് കഴിഞ്ഞ ദിവസമായിരുന്നു. കൊലപാതകത്തിൽ സിപ്സിക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ, ഇവരുടെ പേരിൽ വിവിധ ജില്ലകളിൽ മോഷണം മുതൽ കഞ്ചാവ് കേസുകൾ വരെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഒന്നരവയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്. കുട്ടികൾക്ക് മാതാപിതാക്കളുള്ളപ്പോൾ ഇവരുടെ സംരക്ഷണം മുത്തശ്ശിയുടെ കൈകളിൽ എങ്ങനെ എത്തിയെന്നതാണ് പ്രധാനമായും നോക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു.

സിപ്‌സി, തന്നെ ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ ഒപ്പം കൊണ്ടുപോയതെന്നാണ് അമ്മ ഡിക്‌സിയുടെ ആരോപണം. കുഞ്ഞിന്റെ പിതാവും സിപ്‌സിയുടെ മകനുമായ പാറക്കടവ് കൊടുശ്ശേരി സ്വദേശി സജീവന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. താൻ ദുബായിൽനിന്ന് നാട്ടിലേക്ക് വരുമെന്നറിഞ്ഞ് ഭർത്താവ് ഭീഷണിസന്ദേശം അയച്ചിരുന്നെന്ന് കുഞ്ഞിന്റെ അമ്മ ഡിക്‌സി പറയുന്നുണ്ട്. ഡിക്‌സി വിദേശത്തായിരുന്നപ്പോൾ അവരുടെ അമ്മ മേഴ്സി ശ്രമിച്ചെങ്കിലും കുട്ടികളെ വിട്ടുകൊടുത്തില്ലെന്നാണ് അറിയുന്നത്. കേസിൽ പ്രതിയായ ബിനോയിക്കെതിരേ ഇതുവരേ പൊലീസ് സ്റ്റേഷനുകളിൽ കേസുകളൊന്നുമില്ല. സിപ്സി മക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറയാക്കിയിരുന്നതായി കൊല്ലപ്പെട്ട നോറ മരിയയുടെ അമ്മ ഡിക്സി ആരോപിച്ചതും പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

സിപ്സിയുടെ കാമുകനായ ജോൺ ബിനോയ് ഡിക്രൂസ് റിമാൻഡിലാണ്. അങ്കമാലി പാറക്കടവ് കോടുശേരി മനന്താനത്തുവീട്ടിൽ സജീവിന്റെയും ഡിക്സിയുടെയും ഇളയ മകൾ ഒരു വയസ്സും എട്ടുമാസവും പ്രായമുള്ള നോറ മരിയയെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ജോൺ ബിനോയ് ഡിക്രൂസ് വെള്ളത്തിൽ മുക്കിക്കൊന്നത്. കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീർക്കാനാണ് ഒന്നര വയസ്സുകാരി നോറയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോൺ ബിനോയ് ഡിക്രൂസ് പറഞ്ഞിട്ടുണ്ട്.