തിരുവനന്തപുരം: അരയ്ക്ക് താഴെ തളർന്ന് ജീവിതം വീൽച്ചെയറിൽ ഉരുണ്ടു നീങ്ങിയിട്ടും സിരിഷയുടെ മനസ്സിനെ അതൊന്നും തെല്ലും ബാധിച്ചില്ല. എനിക്ക് ജീവിതം കീഴടക്കണം, ഉന്നതങ്ങളിൽ എത്തണം ഇത്രമാത്രമായിരുന്നു ഈ 27കാരിയുടെ മനസ് നിറയെ. മനസ് ആഗ്രഹിക്കുന്നിടത്ത് ശരീരം എത്തിയില്ലെങ്കിലും തന്റെ മോഹങ്ങൾ ഓരോന്നായി കൈപ്പിടിയിലൊതുക്കാൻ സിരിഷയ്ക്ക് കഴിഞ്ഞു. അതിന് തികഞ്ഞ നിശ്ചയ ദാർഢ്യം മതി എന്നാണ് സിരിഷയുടെ വാദംയ

ശരീരം സമ്മതിക്കാഞ്ഞിട്ടും വൈകല്യത്തെ മറികടന്ന് സിരിഷ പഠിച്ചു. ബി.കോം ഫസ്റ്റ്ക്ലാസിൽ വിജയിച്ച് എം.ബി.എ അഞ്ച് സെമസ്റ്ററുകളും വിജയകരമായി പൂർത്തിയാക്കി. ഇപ്പോൾ 34 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആസ്‌ത്രേലിയ-ന്യൂസിലാൻഡ് ബാങ്കിന്റെ ബംഗളുരു ശാഖയിലെ ജോലിക്കാരിയാണ് ഭിന്നശേഷിക്കാരിയായ ഈ യുവതി. അവിടെയും തീരുന്നില്ല, ഭിന്നശേഷിയുള്ളവരിൽ ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡും സ്വന്തമാക്കിയിരിക്കുകയാണ് ഈ മിടുക്കി.

ഇന്നലെ സിരിഷ തിരുവനന്തപുരത്തും എത്തി. സ്വർണമെഡലും കഴുത്തിലണിഞ്ഞ് അല്പം ഗമയിലാണ് പൊലീസുമായി ഒരു ദിവസത്തെ പരിപാടിക്കായി ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. ആർക്കും പ്രചോദനമാകുന്നതാണ് സിരിഷയുടെ കഥ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശികളായ വിജയകുമാറിന്റെയും സുജാതയുടെയും മകളാണ് സിരിഷ. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയിൽ ശാരീരിക
വൈകല്യവുമായാണ് സിരിഷ പിറന്നത്.

അച്ഛനും അമ്മയ്ക്കും മകളെ കുറിച്ച് നൂറ് നാവാണ്. കുട്ടിക്കാലത്ത് തന്നെ പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും എല്ലാദിവസവും സ്‌കൂളിൽ എത്താൻ സിരിഷയുടെ ശാരീരിക അവസ്ഥകൾ അനുവദിച്ചില്ല. ഇതോടെ വീട്ടുകാർ വീട്ടിൽ ട്യൂഷനേർപ്പെടുത്തി. നന്നായി പഠിച്ചു ഉയർന്ന മാർക്കോടെ പത്താം ക്ലാസ് വിജയിച്ചു. ചിറ്റൂരിലെ എസ്.വി രാജുകുമാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബി.കോം വിത്ത് ഇൻഫർമേഷൻ ടെക്‌നോളജിയിലും ഉന്നത വിജയം നേടി.

സിരിഷയുടെ ക്വാളിഫിക്കേഷനകൾ കണ്ട് വെബ്ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് സ്ഥാപനമായ ഇന്ത്യാ ഇൻഫോടെക്കിലും വീഡിയോകോണിലും സിരിഷയ്ക്ക് ജോലികിട്ടി. എന്നാൽ അച്ഛനെ പോലെ ഒരു ബാങ്ക് ഉദ്യോഗസ്ഥയാകാനായിരുന്നു സിരിഷയ്ക്ക് ആഗ്രഹം. അച്ഛൻ വിജയകുമാർ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ഉദ്യോഗസ്ഥനാണ്. അതിനാൽ ബാങ്ക് ജോലി നേടാനുള്ള തീവ്രപരിശീലനത്തിലായിരുന്നു സിരിഷ.

ഇതിനിടെ,ബാങ്ക് ജോലിക്കായുള്ള ഐ.ബി.പി.എസ് പ്രവേശനപരീക്ഷ ആദ്യശ്രമത്തിൽ തന്നെ വിജയിച്ചു. പക്ഷേ, ശാരീരിക അവശതകൾ കാരണം സ്വദേശി ബാങ്കുകളൊന്നും ജോലിക്ക് തിരഞ്ഞെടുത്തില്ല. അങ്ങനെയാണ് ആസ്‌ത്രേലിയ-ന്യൂസിലാൻഡ് ബാങ്കിൽ ജോലിക്കപേക്ഷിച്ചത്. ആറ് റൗണ്ട് അഭിമുഖമായിരുന്നു കടുപ്പം. ശാരീരിക അവശതകൾ അവർ കണക്കിലെടുത്തില്ല. ബംഗളുരു ശാഖയിൽ ജോലിക്ക് നിയോഗിച്ചു.

ഒരുവർഷത്തോളമായി ബംഗളുരുവിലാണ് താമസം. കേന്ദ്രസർക്കാർ ജോലിയാണ് ആഗ്രഹം. അതിനായുള്ള പരിശ്രമത്തിലാണിപ്പോൾ.'' സിരിഷ പറഞ്ഞു. ചെന്നൈയിൽ ഐ.ടി എൻജിനിയറായ നവീൻകുമാറാണ് സിരിഷയുടെ സഹോദരൻ. അമൃതവാഹിനി സൊസൈറ്റിയുടെ പ്രവർത്തകർക്കൊപ്പമാണ് സിരിഷയും അമ്മ സുജാതയും തിരുവനന്തപുരത്ത് എത്തിയത്.