ജിംനേഷ്യത്തിൽപ്പോയി തടി കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ചോക്കലേറ്റും റെഡൈ് വൈനും കഴിച്ചാൽ തടി കുറയും. അവിശ്വസനീയമെന്ന് തോന്നുമെങ്കിലും ഈ പുതിയ ഡയറ്റിന് സോഷ്യൽ മീഡിയയിലൂടെ വലിയ പ്രചാരമാണ് ലഭിക്കുന്നത്. സിർട്ട്ഫുഡ് ഡയറ്റ് എന്നാണ് ഇതറിയപ്പെടുന്നത്.

തൂക്കം കുറയുമെന്നതുമാത്രമല്ല, കോശങ്ങളുടെ വളർച്ചയിലൂടെ യുവത്വം നിലനിർത്താനും ഇത് സഹായിക്കുമെന്നാണ് അവകാശവാദം. സിർട്ട്1-സിർട്ട്7 കുടുംബത്തിൽപ്പെട്ട പ്രോട്ടീനുകളുടെ സാന്നിധ്യമാണ് ഈ ഡയറ്റിനെ കൂടുതൽ ആരോഗ്യദായകമാക്കുന്നത്.

റെഡ് വൈൻ, ചോക്കലേറ്റ്, സിട്രസ് അടങ്ങിയിട്ടുള്ള പഴവർഗങ്ങൾ, ബ്ലൂബെറീസ് തുടങ്ങിയവ ഉൾപ്പെട്ടതാണ് ഈ ഡയറ്റ്. ആദ്യത്തെ മൂന്നുദിവസം 1000 കലോറി ഉൾപ്പെടുന്ന മൂന്ന് സിർട്ട്ഫുഡ് ജ്യൂസുകളും സാധാരണ ഭക്ഷണവുമാണ് ഡയറ്റിലുള്ളത്. പിന്നീടുള്ള നാല് ദിവസം രണ്ട് ജ്യൂസും രണ്ടുനേരം ഭക്ഷണവും ഇതനുസരിച്ച് കഴിക്കണം. ഭക്ഷണത്തിൽ സിർട്ട്ഫുഡുകൾ ധാരാളം ഉൾപ്പെടുത്തണം. ചെ്മ്മീനും സാൽമൺ ഫിഷും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ശരീരത്തിലെ കാർബോഹൈഡ്രേറ്റുകളിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോജൻ കുറയ്ക്കുന്നു എന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത. ഓരോ ഗ്രാം ഗ്ലൈക്കോജനിലും 2.7 ഗ്രാം വെള്ളം അടങ്ങിയിരിക്കുന്നു എന്നാണ് കണക്ക്. ഗ്ലൈക്കോജൻ കുറയുന്നതോടെ വെള്ളത്തിന്റെ അളവും അതുവഴി ശരീരഭാരവും കുറയുമെന്ന് ഗവേഷകർ പറയുന്നു.