കൊച്ചി: അഭയ കേസ് അട്ടിറിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നത് പരസ്യമായി തന്നെയായിരുന്നു. കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരാനും സിസ്റ്റർ സെഫിക്കും ശിക്ഷ വിധിക്കുന്ന വേളയിൽ തിരുവനന്തപുരം പ്രത്യേക സിബിഐ. കോടതി തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെയാണ് ഇത് സംബന്ധിച്ച് ഇപ്പോൾ കൂടുതൽ ചർച്ചകൾ ഉയരുന്നത്. അഭയ താമസിച്ചിരുന്ന കോൺവെന്റിലെ പാചകക്കാരിയായ അച്ചാമ്മക്കായി സുപ്രീംകോടതിയിൽ ഹാജരായത് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അഡ്വ. ഹരീഷ് സാൽവെ ആയിരുന്നു. തികച്ചും നിർധനയായ സാക്ഷിക്ക് വേണ്ടി ഹരീഷ് സാൽവെ കേസ് വാദിച്ചത് അവർ പോലും അറിയാതെയും. പ്രൊസിക്യൂഷൻ സാക്ഷിയായിരുന്ന അച്ചാമ്മ നാർകോ പരിശോധനയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവർ പിന്നീട് കൂറുമാറുകയും ചെയ്തിരുന്നു.

സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ അഭയ കേസിലെ സാക്ഷിയായ അച്ചാമ്മക്ക് വേണ്ടി അത്യുന്നത നീതിപീഠത്തിൽ ഹാജരായത് വിചിത്രമായ സാഹചര്യമായി തിരുവനന്തപുരം പ്രത്യേക സിബിഐ. കോടതി വിധിയിൽ പരാമർശിച്ചു. അഭയ കൊലക്കേസ് പ്രതികളെ ജീവപര്യന്തം ശിക്ഷിച്ച വിധിയിൽ ജഡ്ജി സനൽകുമാറിന്റെ പരാമർശം അഭിഭാഷകരുടെയും പൊതുജനങ്ങളുടെയും കണ്ണുകൾ ആകാംക്ഷയോടെ തുറപ്പിക്കാൻ പര്യാപ്തമാണ്. അതിന്റെ സാഹചര്യങ്ങൾ വിധിയിൽ പറയുന്നുണ്ട്.

അഭയ താമസിച്ചിരുന്ന കോൺവെന്റിലെ പാചകക്കാരിയും പ്രൊസിക്യൂഷന്റെ പതിനൊന്നാം സാക്ഷിയുമായിരുന്നു അച്ചാമ്മ. തീരെ പാവപ്പെട്ട ഒരു സ്ത്രീ. അച്ചാമ്മയെയും മറ്റ് രണ്ട് സാക്ഷികളെയും നാർകോ പരിശോധനക്ക് വിധേയമാക്കാൻ 2009-ൽ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അവർ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയിരുന്നത്. അതിനാൽ നാർകോ പരിശോധനയുടെ ഭരണഘടനാ സാധുത അച്ചാമ്മയും മറ്റും സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. അന്ന് ഇവർക്ക് വേണ്ടി ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ അഡ്വ. ഹരീഷ് സാൽവെയാണ് സുപ്രീം കോടതിയിൽ ഹാജരായത്.

ഒരു കക്ഷിക്ക് വേണ്ടി ഹാജരായാൽ ലക്ഷങ്ങളാണ് സാൽവെ ഫീസായി വാങ്ങുന്നത്. തന്റെ ഹർജി വാദിക്കാൻ സുപ്രീം കോടതിയിൽ ഹരീഷ് സാൽവെയെ ഏർപ്പെടുത്തിയതും ഫീസിനുള്ള പണം മുടക്കിയതും കോൺവെന്റാണെന്ന് സാക്ഷിയായ അച്ചാമ്മ തിരുവനന്തപുരത്തെ വിചാരണ കോടതിയിൽ മൊഴി നൽകിയിരുന്നു. അഡ്വ. ഹരീഷ് സാൽവെ ഹാജരായിരുന്നുവെന്ന് അവർ സമ്മതിച്ചു. എന്നാൽ, അതിന് പിന്നിലുള്ള അടിയൊഴുക്കുകളെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും അവർ വിശദീകരിച്ചു. അച്ചാമ്മ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹർജിയെക്കുറിച്ച് പ്രൊസിക്യൂഷനാണ് കേസ് വിചാരണ ചെയ്ത തിരുവനന്തപുരത്തെ കോടതിയെ അറിയിച്ചത്.

പാവപ്പെട്ട ഒരു സ്ത്രീയായ അച്ചാമ്മയ്ക്ക് വേണ്ടി ഹരീഷ് സാൽവെ എങ്ങനെ ഹാജരായി എന്നുള്ളത് വിചിത്രമായ സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് നടത്താൻ ഹരീഷ് സാൽവെ ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന കാര്യം അറിയാമോ എന്ന് പ്രൊസിക്യൂട്ടർ അച്ചാമ്മയോട് ചോദിച്ചിരുന്നു. അഭിഭാഷകന്റെ പേര് തനിക്ക് അറിയില്ല. തനിക്കൊന്നും അറിയല്ല. കേസിന് ഫീസ് മുടക്കിയത് കോൺവെന്റാണ് എന്നാണ് അച്ചാമ്മ മറുപടിയായി പറഞ്ഞിരുന്നത്.

ഈ കേസ് നിലനിൽക്കെയാണ് മറ്റൊരു സമാനമായ കേസിൽ 2010 മെയ് മാസത്തിൽ സുപ്രീം കോടതി വിധി പറഞ്ഞത്. ഒരു വ്യക്തിയെ നിർബന്ധിപ്പിച്ച് നാർകോ പരിശോധനക്ക് വിധേയമാക്കാൻ പാടില്ലെന്നായിരുന്നു കോടതി വിധി. അതിന്റെ അടിസ്ഥാനത്തിൽ 2012-ൽ സുപ്രീം കോടതി അച്ചാമ്മയുടെ ഹർജിയിൽ വിധി പറഞ്ഞു. ഹർജി അനുവദിച്ചുകൊണ്ട് അച്ചാമ്മക്ക് അനുകൂലമായിരുന്നു വിധി.

വിചാരണ തിരുവനന്തപുരം കോടതിയിൽ നടക്കവെ അച്ചാമ്മ കൂറുമാറി പ്രതിഭാഗം ചേർന്നതായി പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തി അച്ചാമ്മയുടെ മൊഴി കോടതി തള്ളിയില്ല. കേസ് അട്ടിമറിക്കാൻ ചില ശക്തികൾ ശ്രമം നടത്തിയതായി കോടതി പറഞ്ഞു. അട്ടിമറിക്ക് പണവും ആൾബലവും ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി അനുമാനിക്കാമെന്നും കോടതി പറഞ്ഞു.

അഭയ കേസിൽ ആകെയുണ്ടായിരുന്നത് 133 സാക്ഷികൾ. ഇതിൽ പലരും കൂട്ടത്തോടെ കൂറുമാറിയതോടെ അന്വേഷണ ഉദ്യോഗസ്ഥനടക്കം 49 പേരെ മാത്രമാണ് സിബിഐ. വിസ്തരിച്ചത്. സ്വന്തം വാക്കിൽ ഉറച്ചുനിന്ന അടയ്ക്കാ രാജുവെന്ന മോഷ്ടാവിന്റെ മൊഴി കേസിൽ നിർണായകമാവുകയും ചെയ്തു. സംഭവദിവസം കോൺവെന്റിൽ വെച്ച് ഫാ. തോമസ് കോട്ടൂരിനെ കണ്ടുവെന്നാണ് രാജു സിബിഐ. ഉദ്യോഗസ്ഥരോടും പിന്നീട് മജിസ്ട്രേറ്റിനു നൽകിയ രഹസ്യ മൊഴിയിലും പറഞ്ഞിരുന്നത്. ഏറെ സമ്മർദമുണ്ടായെങ്കിലും മൊഴി മാറ്റാൻ രാജു തയ്യാറായില്ല. കുറ്റമേറ്റെടുക്കാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുകയും കടുത്ത ശാരീരിക പീഡനം ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, രാജു ഇളകിയില്ല.

മിന്നൽ രക്ഷാജാലകത്തിന്റെ ചെമ്പുതകിട് മോഷ്ടിക്കാനാണ് അടയ്ക്കാ രാജു സംഭവദിവസം അവിടെയെത്തിയത്. മുകൾ നിലയിലേക്ക് രണ്ടുപേർ കയറിപ്പോയതിൽ ഒരാൾ ഫാ. തോമസ് കോട്ടൂരായിരുന്നുവെന്ന് ആദ്യംമുതലേ അടയ്ക്കാ രാജു പറഞ്ഞിരുന്നു. ഈ മൊഴി വിചാരണക്കോടതിയിലും ആവർത്തിച്ചു. ഇതാണ് തോമസ് കോട്ടൂരിന്റെ പങ്ക് തെളിയിക്കാൻ സിബിഐ.ക്ക് ഏറെ സഹായകമായത്.

പ്രതികൾക്കനുകൂലമായി പ്രചാരണം നടത്താൻ ആവശ്യപ്പെടുകയും അതിന് ഫാ. കോട്ടൂർ പണം വാഗ്ദാനം ചെയ്‌തെന്നും പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാൽ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇയാളോട് ഫാ. കോട്ടൂർ നടത്തിയ കുറ്റസമ്മതത്തെക്കുറിച്ചായിരുന്നു വേണുഗോപാലിന്റെ മൊഴി. ഇതും കേസിൽ നിർണായകമായി.സിസ്റ്റർ അഭയക്കൊപ്പം താമസിച്ചിരുന്ന സിസ്റ്റർ ഷെർളി, കോൺവെന്റിലെ അടുക്കളജീവനക്കാരായ അച്ചാമ്മ, ത്രേസ്യാമ്മ എന്നിവർ വിചാരണക്കോടതിയിൽ കൂറുമാറി. മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയ സഞ്ജു പി. മാത്യുവാണ് വിചാരണവേളയിൽ കൂറുമാറി പ്രതികൾക്കനുകൂലമായി മൊഴിനൽകിയ മറ്റൊരാൾ. പലപ്പോഴും ഫാ. കോട്ടൂർ സ്‌കൂട്ടർ തന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിട്ടാണ് കോൺവെന്റിലേക്കു പോകുന്നതെന്ന് സഞ്ജു പി. മാത്യു തുടക്കത്തിൽ മൊഴിനൽകിയിരുന്നു. ഇത് വിചാരണക്കോടതിയിൽ മാറ്റിപ്പറഞ്ഞു. ഇയാൾക്കെതിരേ സിബിഐ. നിയമനടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്.