- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്റ്റർ അമലയുടെ കൊലപാതകി പിടിയിലായതായി സൂചന; കൊന്നത് മഠത്തിലെ സാഹചര്യങ്ങൾ അറിയുന്ന വ്യക്തി; തെളിവുകൾ ഒന്നും നശിക്കപ്പെട്ടിട്ടില്ല; അന്വേഷണം ശരിയായ ദിശയിലെന്ന് എഡിജിപി പത്മകുമാർ
പാലാ: ലിസ്യു കർമ്മലീത്താ മഠത്തിലെ അന്തേവാസിയായ സിസ്റ്റർ അമല (69) കിടപ്പുമുറിയിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിലായതായി സൂചന. സംഭവം സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതായും മഠവുമായി അടുത്തറിയാവുന്നയാളാവും സംഭവത്തിന് പിന്നിലെന്നും പാലായിലെത്തിയ എ.ഡി.ജി.പി കെ പത്മകുമാർ വെളിപ്പെടുത്തിയിരുന്നു. കേസന്വേ
പാലാ: ലിസ്യു കർമ്മലീത്താ മഠത്തിലെ അന്തേവാസിയായ സിസ്റ്റർ അമല (69) കിടപ്പുമുറിയിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിലായതായി സൂചന. സംഭവം സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചതായും മഠവുമായി അടുത്തറിയാവുന്നയാളാവും സംഭവത്തിന് പിന്നിലെന്നും പാലായിലെത്തിയ എ.ഡി.ജി.പി കെ പത്മകുമാർ വെളിപ്പെടുത്തിയിരുന്നു.
കേസന്വേഷിക്കുന്നപ്രത്യേക അന്വേഷണ സംഘാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കും കൊലപാതകം നടന്ന മഠം സന്ദർശിച്ചതിനും ശേഷമായിരുന്നു എ.ഡി.ജി.പി യുടെ വെളിപ്പെടുത്തൽ. എ.ഡി.ജി.പി നൽകിയ സൂചനകൾ പ്രകാരം പ്രതി പൊലീസ് കസ്റ്റഡിയിലുണ്ടാവാനാണ് സാധ്യത.
മഠത്തെക്കുറിച്ച് അടുത്തറിയാവുന്ന ആളാണ് പിന്നിലെന്ന സൂചനയുള്ളതിനാൽ ഇവിടെ നിന്ന് എല്ലാ തെളിവുകളും പൂർണമായി ശേഖരിച്ചശേഷമേ പ്രതിയെ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാൻ സാധ്യതയുള്ളൂ. മഠത്തിലെ അൻപതോളം അന്തേവാസികളിൽ നിന്നും ജോലിക്കാരിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്. മറ്റ് സാഹചര്യത്തെളിവുകളും കൊലപാതകത്തിന് ഇടയാക്കിയതിന് പിന്നിലെ കാരണങ്ങളും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
അമലയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കഴുകി വൃത്തിയാക്കുകയും വസ്ത്രങ്ങൾ മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത് അസ്വാഭാവികമായ കാര്യമാണ്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് ശേഷമേ ഒരു നിഗമനത്തിൽ എത്താനാവു. മഠത്തിലെ സാഹചര്യങ്ങൾ അറിയാവുന്ന ആളായിരിക്കണമെന്ന സാദ്ധ്യതയിലേക്കാണ് ഈ സൂചനകൾ വിരൽ ചൂണ്ടുന്നത്. എല്ലാ സാഹചര്യവും പൊലീസ് പരിശോധിക്കുമെന്നും പത്മകുമാർ പറഞ്ഞു. എന്നാൽ തെളിവുകളൊന്നും നശിക്കപ്പെട്ടില്ലെന്ന നിലപാടിലാണ് എഡിജിപി.
സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നത് ശരിയായ ദിശയിലാണ്. മഠത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിൽ. കൃത്യമായ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം മൂന്നു പേരിലേക്കാണ് നീളുന്നത്. സമാന രീതിയിൽ ആക്രമണം നടത്തിയ കേസുകളിൽ പ്രതികളായ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ള മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരിൽ ഒരാളെ കന്യാസ്ത്രീ കൊല്ലപ്പെട്ട രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ പാലാ നഗരത്തിൽ കണ്ടതായും സൂചന ലഭിച്ചിട്ടുണ്ട്.
പാലായിലും പരിസരത്തും താമസിക്കുന്നവരാണ് ഇവരെങ്കിലും മൂന്നുപേരും ഇപ്പോൾ പാലാ മേഖലയിൽ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവ ദിവസം മഠത്തിന്റെ താഴത്തെ നിലയിലെ ഗ്രില്ലിന്റെ പൂട്ട് രണ്ടുതവണ തകർത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോയുടെ മേൽനോട്ടത്തിൽ മൂന്നു സംഘങ്ങൾ ഈ മൂന്നു പേരെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു തിരിച്ചിട്ടുണ്ട്. ലിസ്യു മഠത്തിലെ 74 വയസ്സുള്ള ഒരു കന്യാസ്ത്രീക്ക് ഒരാഴ്ച മുൻപ് തലയ്ക്കു പരുക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിൽസ തേടിയ ഈ സിസ്റ്റർ രണ്ടു ദിവസം മുൻപാണ് മഠത്തിൽ തിരിച്ചെത്തിയത്.
സത്യസന്ധമായ അന്വേഷണം നടത്തി അക്രമിയെ പിടികൂടണമെന്നും നിയമത്തിന് വിധേയമാക്കണമെന്നും സീറോ മലങ്കരസഭാ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ക്ലീമീസ് കത്തോലിക്കാ ബാവ ആവശ്യപ്പെട്ടു. പാലാ കിഴതടിയൂർ പള്ളിയിൽ സിസ്‌ററർ അമലയുടെ സംസ്‌കാരശുശ്രൂഷയിൽ സന്ദേശം നൽകുന്നതിനിടെയാണ് മാർ ക്ലീമീസ് സഭയുടെ ആവശ്യം ഔദ്യോഗികമായിത്തന്നെ വെളിപ്പെടുത്തിയത്. സർക്കാർ സമയോചിതമായി ഇടപെടണം. നീതി പൂർവകമായും സമാധാനപരമായും ഇവിടെ ജീവിക്കാൻ ആവശ്യമായ സാഹചര്യം നിലനിൽക്കണം. ഭയപ്പെട്ട് ഒളിച്ചോടുന്നവരല്ല സന്യാസിനികൾ. ഒരുമിച്ച് സുവിശേഷത്തിന്റെ സന്തോഷം പങ്കുവച്ച് മുന്നോട്ടുപോകുമെന്നും കർദിനാൾ പറഞ്ഞു.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നൽകി. വിശ്വാസികളുടെ ഹൃദയത്തിനേറ്റ മുറിവാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം മോൺ.ജോസഫ് കുഴിഞ്ഞാലിൽ വായിച്ചു. മാർ റെമിജിയൂസ് ഇഞ്ചനാനി വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. സമാപനശുശ്രൂഷകൾക്ക് കർദിനാൾ മാർ ക്ലീമീസ് കത്തോലിക്കാ ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, മോൺ. ജോസഫ് കൊല്ലംപറമ്പിൽ, മോൺ.ഫിലിപ്പ് ഞരളക്കാട്ട്, മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, രാമപുരം ഫൊറോനവികാരി റവ.ഡോ.ജോർജ് ഞാറക്കുന്നേൽ, രൂപതാ ചാൻസലർ ഫാ.ജോസ് കാക്കല്ലിൽ, ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ഫാ.അഗസ്റ്റ്യൻ വാലുമ്മേൽ തുടങ്ങിയവർ പ്രാർത്ഥനാശുശ്രൂഷകളിൽ പങ്കെടുത്തു.
ധനമന്ത്രി കെ.എം.മാണി, ജോസ് കെ മാണി എം പി, മോൻസ് ജോസഫ് എം എൽ എ, ഫ്രാൻസീസ് ജോർജ്, വക്കച്ചൻ മറ്റത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, പാലാ നഗരസഭാധ്യക്ഷൻ കുര്യാക്കോസ് പടവൻ, സജി മഞ്ഞക്കടമ്പിൽ, ആന്റോ ജോസ് പടിഞ്ഞാറെക്കര, ഉഴവൂർ വിജയൻ, ഫിലിപ്പ് കുഴികുളം, എ.കെ.ചന്ദ്രമോഹൻ. പി.എം.മാത്യു തുടങ്ങിയവർ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുത്തു.
രാവിലെ ഒൻപതിന് കാർമ്മൽ ആശുപത്രി ചാപ്പലിൽ നടന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് മാർ റെമിജിയൂസ് ഇഞ്ചനാനി മുഖ്യകാർമ്മികത്വം വഹിച്ചു. ദീപിക ചീഫ് എഡിറ്റർ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, മുൻ ചീഫ് എഡിറ്റർ ഫാ.അലക്‌സാർ പൈകട സി എം ഐ, രൂപതയിൽ നിന്നും വിവിധ സന്യസ്ഥഭവനങ്ങളിൽ നിന്നുമെത്തിയ വൈദികർ, കർമ്മലീത്താ മഠത്തിലേയും വിവിധ സന്യാസസമൂഹങ്ങളിലെയും സിസ്റ്റർമാർ, നൂറു കണക്കിന് അൽമായർ തുടങ്ങിയവർ പങ്കെടുത്തു. വിലപയാത്രയായി മൃതദേഹം കിഴതടിയൂർ പള്ളിയിൽ എത്തിച്ചു.