- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്റ്റർ അമലയെ കൊന്നത് മൺവെട്ടിയുടെ പിൻഭാഗം കൊണ്ട് തലയ്ക്ക് അടിച്ച്; കൊലയ്ക്കുപയോഗിച്ച രക്തം പുരണ്ട ആയുധം മഠത്തിന്റെ സ്റ്റെയർ കേസിൽ നിന്ന് കണ്ടെടുത്തു; കന്യാസ്ത്രീയുടെ കൊലയാളി ഉടൻ കുടുങ്ങുമെന്ന് പൊലീസ്
കോട്ടയം: പാലാ ലിസ്യു മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ടത് മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റെന്ന് പൊലീസ് നിഗമനം. മഠത്തിലെ സ്റ്റെയർകെയ്‌സിന് അടിയിൽനിന്ന് രക്തക്കറ പുരണ്ട മൺവെട്ടി കണ്ടെത്തിയതോടെയാണിത്. രക്തം പുരണ്ട മൺവെട്ടി പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലുകളിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത
കോട്ടയം: പാലാ ലിസ്യു മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ടത് മൺവെട്ടികൊണ്ട് തലയ്ക്ക് അടിയേറ്റെന്ന് പൊലീസ് നിഗമനം. മഠത്തിലെ സ്റ്റെയർകെയ്‌സിന് അടിയിൽനിന്ന് രക്തക്കറ പുരണ്ട മൺവെട്ടി കണ്ടെത്തിയതോടെയാണിത്. രക്തം പുരണ്ട മൺവെട്ടി പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലുകളിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൺവെട്ടി കണ്ടെത്തിയത്. ഫോറൻസിക് പരിശോധനാ ഫലം വന്നാൽ ഈ മൺവെട്ടികൊണ്ടാണോ കൊലപ്പെടുത്തിയതെന്ന് പൊലീസിന് ഉറപ്പിക്കാം.
സംഭവ ദിവസം മഠത്തിന്റെ താഴത്തെ നിലയിലെ ഗ്രില്ലിന്റെ പൂട്ട് രണ്ടുതവണ തകർത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലിസ്യു മഠത്തിലെ 74 വയസ്സുള്ള ഒരു കന്യാസ്ത്രീക്ക് ഒരാഴ്ച മുൻപ് തലയ്ക്കു പരുക്കേറ്റിരുന്നു. തലയിൽ എട്ടു തുന്നലുകളുള്ള മുറിവാണുണ്ടായത്. അന്ന് തലയ്ക്കടിക്കാൻ ഉപയോഗിച്ചതാണോ ഇപ്പോൾ കണ്ടെടുത്ത മൺവെട്ടിയെന്ന സംശയവുമുണ്ട്. ഈ സാഹചര്യത്തിലാണ് ഫോറൻസിക് പരിശോധന നിർണ്ണായകമാകുന്നത്. അതിനിടെ മാഹിയിൽ കീഴടങ്ങിയ വ്യക്തിക്ക് കൊലയുമായി ബന്ധമില്ലെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. എന്നാൽ സാധ്യതകൾ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുമില്ല.
നേരത്തെ, മഠത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നതിന് കൃത്യമായ ചില സൂചനകൾ ലഭിച്ചതായി എഡിജിപി കെ.പത്മകുമാർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം മൂന്നു പേരിലേക്കാണ് നീളുന്നത്. സമാന രീതിയിൽ ആക്രമണം നടത്തിയ കേസുകളിൽ പ്രതികളായ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ള മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരിൽ ഒരാളെ കന്യാസ്ത്രീ കൊല്ലപ്പെട്ട രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ പാലാ നഗരത്തിൽ കണ്ടതായും സൂചന ലഭിച്ചിരുന്നു. പാലായിലും പരിസരത്തും താമസിക്കുന്നവരാണ് ഇവരെങ്കിലും മൂന്നുപേരും ഇപ്പോൾ പാലാ മേഖലയിൽ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊലയ്ക്ക് പിന്നീൽ അന്തേവാസികൾ തന്നെയാണോയെന്നു പൊലീസിനു സംശയമുണ്ട്. അന്തേവാസികളെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം പുരോഗമിച്ചത്. മഠത്തിലെ മുപ്പതോളം കന്യാസ്ത്രീമാരെയും വേലക്കാരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. മൂന്നാം നിലയിലുള്ള ഹാൾ ആറായി ഒറ്റക്കട്ടയ്ക്കു ഭിത്തി കെട്ടിത്തിരിച്ച മുറികളിലൊന്നിലായിരുന്നു സിസ്റ്റർ അമലയുടെ മൃതദേഹം കിടന്നിരുന്നത്. ഒന്നരയാൾ മാത്രം ഉയരത്തിലുള്ള ഭിത്തിയുടെ മുകൾഭാഗം തുറന്നുകിടക്കുന്നതാണ്. കൈയുയർത്തിയാൽപോലും കാണാവുന്ന തരത്തിലുള്ള മുറികളായിട്ടും കൊലപാതകം നടന്നിട്ടു മറ്റുമുറികളിലുള്ളവർ എന്തുകൊണ്ടറിഞ്ഞില്ല എന്നതാണു പൊലീസിനു ദുരൂഹതയായി തോന്നുന്നത്. ചെറിയ ഒരുനിലവിളി പോലും വ്യക്തമായി കേൾക്കാമെന്നിരിക്കെ തൊട്ടടുത്തുള്ളവർ കേട്ടില്ലെന്നു പറയുന്നതിനാലാണ് കോൺവെന്റിനകത്തുള്ളവരെ സംശയിക്കാൻ കാരണമാകുന്നത്.
സിസ്റ്ററുടെ മരണ ദിവസം അപരിചതനെ മഠത്തിൽ കണ്ടെന്നും പൊലീസിന് സൂചനയുണ്ട്. ടെറസിന് മുകളിൽ ഒരാൾ നിൽക്കുന്നത് കണ്ടെന്ന് സിസ്റ്റർ ജൂലിയയാണ് പൊലീസിന് മൊഴി നൽകിയത്. ഇതിനിടയിൽ മഠത്തിനു മുകളിലെ മിന്നൽ രക്ഷാചാലകത്തിനുപയോഗിച്ച വിലപിടിപ്പുള്ള ചെമ്പു കമ്പി കാണാതായതിനെക്കുറിച്ചും പൊലീസ് പരിശോധന നടത്തി. അതു നേരത്തേ മോഷ്ടിക്കപ്പെട്ടിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. കോട്ടയത്തു പയസ് ടെൻത് കോൺവെന്റിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള അന്വേഷണത്തിനിടയിൽ ഇതുപോലെ കോൺവെന്റിലെ ചെമ്പുകമ്പി മോഷ്ടിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അന്നും ആ ദിശയിലുള്ള അന്വേഷണം നടത്തുകയും മോഷ്ടാവിനെ പിടികൂടി അഭയയുടെ മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു.
അതിനിടെയാണ് രണ്ടാഴ്ച മുമ്പ് ഇതേ കോൺവെന്റിലെ വയോധികയായ മറ്റൊരു കന്യാസ്ത്രീക്ക് നേരെയും ആക്രമണം ഉണ്ടായെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ കന്യാസ്ത്രീ മഠങ്ങളിൽ സമാനമായ ആക്രമണങ്ങളുണ്ടായെന്നതും ശ്രദ്ധേയമാണ്. എല്ലായിടത്തും വയോധികരായ കന്യാസ്ത്രീമാരാണ് ആക്രമണത്തിനിരയായത്. എവിടെയും പരാതി ഉണ്ടായില്ല എന്നതാണ് ദുരൂഹം. നേരത്തേ പാലായിലെ മഠത്തിലെ കന്യാസ്ത്രീയുടെ തലയിലുണ്ടായ മുറിവും മരിച്ച സിസ്റ്റർ അമലയുടെ തലയിലെ മുറിവും സമാനമായിരുന്നു.
പാലാ ലിസ്യു കർമലീത്താ മഠത്തിലെ അധികാരികളുടെ മൊഴിയിൽ ഏറെ ആശയക്കുഴപ്പമുണ്ട്. ഓരാളെ തലയ്ക്കടിച്ച് കൊന്നിട്ടും ആരും അറിഞ്ഞില്ലെന്ന വാദം നിലനിൽക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണ കാരണം. ഈ ഭാഗം കൂടി അന്വേഷണത്തിൽ വ്യക്തത വന്നാൽ അടുത്ത ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങും. ഏതായാലും കൊലപാതകിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. അതിനിടെ തലയിൽ ആയുധം കൊണ്ട് ഉണ്ടായ മാരക മുറിവാണ് സിസ്റ്ററുടെ മരണത്തിന് കാരണമെന്ന് വിശദമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പൊലീസിന് ലഭിച്ചു. ഭാരമുള്ള വസ്തു കൊണ്ടു തലയ്ക്ക് അടിയേറ്റാണു മരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു സൂചിപ്പിക്കുന്നു.
സമീപകാലത്ത് രോഗബാധയെത്തുടർന്ന് ആശുപത്രിയിലായിരുന്നതിനാൽ സിസ്റ്റർ അമലയുടെ മുറി പൂട്ടാറില്ലായിരുന്നു. മൂന്നാംനിലയിൽ തൊട്ടടുത്ത മുറികളിലും ആളുണ്ടായിരുന്നു. രാത്രി 12 മണിയോടെ ഇവിടത്തെ കന്യാസ്ത്രീ ഡോ.റൂബിമരിയ, സമീപത്തുള്ള കാർമൽ ആശുപത്രിയിലേക്കു പോയിരുന്നു. ഇവർ രണ്ടാംനിലയിലുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഈ മുറിയിൽനിന്നാണ് 500 രൂപയോളം കാണാതായത്. കോട്ടയത്തുനിന്ന് വിരലടയാളവിദഗ്ധരായ ജോസ് ടി. ഫിലിപ്പ്, ശ്രീജ എന്നിവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ്‌നായ 'ജിൽ' മണംപിടിച്ച് മഠത്തിനു സമീപത്തുള്ള സ്വകാര്യ ആശുപത്രിയുടെ പരിസരത്തുകൂടി 150 മീറ്റർ അകലെയുള്ള പാലാ കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡുവരെ ഓടി തിരികെയെത്തി. അതു കൊണ്ട് കൂടിയാണ് പരസിരത്തെ മാനിസക രോഗികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.