പാലാ: ലിസ്യു കർമ്മലീത്താമഠത്തിൽ സിസ്റ്റർ അമല(69)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതിയെ മംഗലാപുരത്ത് നിന്ന് പിടികൂടിയെന്ന് സൂചന. മഠത്തിനോടു ചേർന്നുള്ള ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവിന്റെ കൂട്ടിരിപ്പുകാരനായി ഒപ്പമുണ്ടായിരുന്നയാളാണ് കൊല നടത്തിയതെന്നാണ് സൂച. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. പ്രായമായ കന്യാസ്ത്രീകളോട് പ്രത്യേക മാനസികാവസ്ഥയുള്ള മുപ്പത്തഞ്ചുകാരനാണ് പ്രതിയെന്നാണ് സൂചന.

സിസ്റ്റർ അമലയുടെ തലയ്ക്ക് അടിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന രക്തം പുരണ്ട കൈത്തൂമ്പ മഠത്തിനുള്ളിൽ സ്‌റ്റെയർകെയ്‌സിന് അടിയിൽ നിന്നു കണ്ടെടുത്തു. ഇത് ഉപയോഗിച്ചാണോ ആക്രമിച്ചതെന്നു സ്ഥിരീകരിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പിടിയിലായ ആളെ ചോദ്യം ചെയ്തതിൽ നിന്നാണ് ആയുധത്തെ കുറിച്ച് സൂചന ലഭിച്ചതെന്നാണ് അറിയുന്നത്. സംഭവസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെത്തിയതായാണു വിവരം. കൊല നടത്തിയ ശേഷം പുലർച്ചെ കോട്ടയം ഭാഗത്തേക്കു കടന്ന രക്ഷപ്പെട്ട ഇയാൾ രാവിലെ മടങ്ങിയെത്തി പാലായ്ക്ക് സമീപമുള്ള ഒരു ഷാപ്പിൽ എത്തിയതിനു ശേഷം മംഗലാപുരത്തേക്കു കടക്കുകയായിരുന്നുവെന്നാണ് സൂചന.

മഠത്തിനടുത്തുള്ള ആശുപത്രിയിൽ മൂന്നു ദിവസം ചികിത്സയിലിരുന്ന യുവാവിന് രണ്ടാംനിലയിലെ മുറിയിൽ സഹായിയായി ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഇയാൾ. അപ്പോഴാണ് ഇയാൾ മഠത്തിലെ സാഹചര്യങ്ങൾ മനസിലാക്കിയതെന്നു പൊലീസ് കരുതുന്നു. കൊലപാതകം നടന്ന 17 നു തലേന്ന് യുവാവ് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയിരുന്നു. കൊലപാതകം നടന്ന മുറിയിൽനിന്നു മണം പിടിച്ച പൊലീസ് നായ മഠത്തിനു പിന്നിലെ വാതിലിലൂടെ ഇറങ്ങി ആശുപത്രി വളപ്പിൽക്കൂടി 150 മീറ്ററോളം അകലെയുള്ള കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വരെ ഓടിയെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി രക്ഷപ്പെട്ടത് ഇതുവഴിയാകാമെന്ന് പൊലീസ് കരുതുന്നു.

ഷാപ്പിൽ ഇയാൾ വച്ചിട്ടുപോയ കാലൻകുടയും പൊലീസ് കണ്ടെടുത്തതായാണു സൂചന. ശീലയിൽ പ്രത്യേകം അടയാളം തുന്നിച്ചേർത്ത കുട കന്യാസ്ത്രീകൾ സാധാരണയായി ഉപയോഗിക്കാറുള്ളതാണെന്ന് സ്ഥിരീകരിച്ചതായാണു വിവരം. പ്രത്യേക മാനസികാവസ്ഥയുള്ള പ്രതി മഠങ്ങൾ കേന്ദ്രീകരിച്ച് പ്രായമായ കന്യാസ്ത്രീകളെ ആക്രമിക്കുന്ന സ്വഭാവമുള്ള ആളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് പ്രതിയെ കണ്ടെത്താനായത്. മറ്റ് ദുരൂഹതകളൊന്നും സിസ്റ്റർ അമലയുടെ കൊലപാതകത്തിൽ ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്. എഡിജിപി പത്മകുമാർ കേസ് അന്വേഷണത്തിൽ നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്.

സിസ്റ്റർ അമല കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുൻപാണ് മഠത്തിലെ വയോധികയായ മറ്റൊരു കന്യാസ്ത്രീക്ക് തലയ്ക്കു പരുക്കേറ്റത്. സുഹൃത്തിനൊപ്പം ഇയാൾ സമീപത്തെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന സമയത്തായിരുന്നു ഇത്. ഓർമക്കുറവുള്ള ഈ കന്യാസ്ത്രീ വീണ് പരുക്കേറ്റതാണെന്നാണ് മഠം അധികൃതർ കരുതിയതെങ്കിലും ആക്രമിക്കപ്പെട്ടതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിനു പിന്നിലും ഇതേയാളാണെന്നു പൊലീസ് കരുതുന്നു. പാലായിലെയും സമീപ പ്രദേശങ്ങളിലെയും മൂന്നു മഠങ്ങളിലും കൂത്താട്ടുകുളം വടകര ആരാധനാ മഠത്തിലും രണ്ടു മാസത്തിനിടയിൽ സമാനമായ ആക്രമണം നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് ഇരയായതെല്ലാം അറുപതിനും എഴുപതിനും ഇടയിൽ പ്രായമായ കന്യാസ്ത്രീകളാണ്.