- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീയെ കൊന്നത് വളഞ്ഞ കമ്പികൊണ്ട് തലയ്ക്കടിച്ച്; കൊലയ്ക്ക് ശേഷം കമ്പി കാട്ടിലുപേക്ഷിച്ചു; സിസ്റ്റർ അമലയുടെ കൊലപാതകത്തിൽ സതീഷ് ബാബുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി : പാലാ ലിസ്യു കർമ്മലീത്താ കോൺവെന്റിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പിടിയിലായ പ്രതി സതീഷ് ബാബുവിനെ കോട്ടയം പൊലീസ് ക്ലബ്ബിൽ എത്തിച്ചു. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച സതീഷിനെ നേരിട്ട് കോട്ടയം ജില്ലാ പൊലീസ് ഓഫീസിലെത്തിച്ച് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് കോട
കൊച്ചി : പാലാ ലിസ്യു കർമ്മലീത്താ കോൺവെന്റിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് പിടിയിലായ പ്രതി സതീഷ് ബാബുവിനെ കോട്ടയം പൊലീസ് ക്ലബ്ബിൽ എത്തിച്ചു. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച സതീഷിനെ നേരിട്ട് കോട്ടയം ജില്ലാ പൊലീസ് ഓഫീസിലെത്തിച്ച് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് കോട്ടയം പൊലീസ് ക്ലബ്ബിൽ എത്തിച്ച പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. ഇയാളെ ഉച്ചയോടെ പാലായിൽ എത്തിച്ച് തെളിവെടുക്കും. സെപ്റ്റംബർ 17ാം തീയതിയാണ് സിസ്റ്റർ അമലയെ മഠത്തിലെ മുറിക്കുള്ളിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്നാണ് പൊലീസ് വലയിലാക്കിയത്.
സിസ്റ്ററുടെ കൊലപാതകത്തിന്റെ ചുരുൾ അഴിക്കാനാണ് പൊലീസ് ശ്രമം. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലാകും നിർണ്ണായകമായ ചോദ്യം ചെയ്യൽ. കൊലയിൽ സതീഷ് ബാബു മാത്രമേ പങ്കാളിയായിട്ടുള്ളൂവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എങ്കിലും വിശദ ചോദ്യം ചെയ്യലിന് ശേഷമേ ഇക്കാര്യം ഉറപ്പിക്കൂ. കൊല ചെയ്ത ശേഷം പ്രതി ഹരിദ്വാറിലെത്തിയുന്നു. ഇതിന് പിന്നിൽ ആരുടെങ്കിലും സഹായവും ഉപദേശവും കിട്ടിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഹരിദ്വാറിലെത്തിയ പ്രതി കേസിൽ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല. ഇതിൽ നിന്ന് ബാഹ്യ പ്രേരണയോ സഹായമോ കിട്ടിയില്ലെന്ന വാദവുമുണ്ട്. മൊബൈൽ ഫോൺ എടുക്കാതെ പോയതുകൊണ്ടാകാം ഇതെന്ന ചർച്ചകലും സജീവം. അതുകൊണ്ട് തന്നെയാണ് ചോദ്യം ചെയ്യൽ നിർണ്ണായകമാകുന്നത്. സിസ്റ്ററെ താനാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് കൊന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
വളഞ്ഞ കമ്പികൊണ്ട് തലക്കടിച്ചാണ് കന്യാസ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനുശേഷം കമ്പി മഠത്തിന് സമീപം കാട്ടിൽ എറിഞ്ഞു. ക്വട്ടേഷൻ ആക്രമണങ്ങളുടെയടക്കം നിരവധി കേസുകളുടെ വിവരങ്ങൾ ചോദ്യംചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയതായാണ് വിവരം. മഠത്തിൽ കൊണ്ടുവന്ന് തെളിവെടുപ്പ് ഇന്ന് നടത്തുമെന്നാണ് സൂചന. അതിന് ശേഷം കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിടും. മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഹരിദ്വാറിൽ നിന്ന് സഹോദരനെ മൊബൈലിൽ വിളിച്ചതാണ് വിനയായത്.
ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ അറസ്റ്റിലായ സതീഷ് ബാബുവിനെ വെള്ളിയാഴ്ച കേരള പൊലീസ് സംഘത്തിനു കൈമാറി കിട്ടിയിരുന്നു. റാണിപ്പുർ പൊലീസ് സ്റ്റേഷനിലെത്തിയ കേരള പൊലീസ് സംഘം അറസ്റ്റിലായത് സതീഷ് ബാബുവാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന്, രണ്ടുമണിക്കൂർ ചോദ്യം ചെയ്തു. അപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ വേളയിൽ കേസിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു സതീഷ് ബാബു പ്രതികരിച്ചത്. പൊലീസ് ചോദ്യം ചെയ്യലിനെക്കുറിച്ച് വെള്ളിയാഴ്ച പ്രതികരണമാരാഞ്ഞപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. തുടർന്ന് സതീഷ് ബാബുവിനെ കോടതിയിൽ ഹാജരാക്കി. വൈദ്യപരിശോധനയും നടത്തി. ഹരിദ്വാർ അയ്യപ്പ ക്ഷേത്രത്തിൽ മാനേജർ വിഷ്ണു നമ്പൂതിരിയിൽ നിന്നും മറ്റും വിശദമായി മൊഴി രേഖപ്പെടുത്തി. തുടർന്ന്, ഔദ്യോഗിക നടപടികളെല്ലാം പൂർത്തിയാക്കി പൊലീസ് സംഘം രാത്രിയോടെ റോഡുമാർഗം ഡൽഹിയിലേക്ക് തിരിച്ചു. അവിടെ നിന്ന് ഇന്ന് രാവിലെയോടെ വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചു. ഇനി തെളിവെടുപ്പും ചോദ്യം ചെയ്യലും നടക്കും.
കാസർകോട് സ്വദേശിയായ സതീഷ് ബാബു നാടുവിട്ടിത് വർഷങ്ങൾക്ക് മുമ്പാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 10 വർഷം മുമ്പ് ഒരുവീട്ടിൽനിന്ന് സ്വർണമാല മോഷ്ടിക്കുന്നതിനിടെ കൈയോടെ പിടികൂടിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം സതീഷ് ബാബുവിനെ നാട്ടിലാരും കണ്ടിട്ടില്ല. ഇടയ്ക്ക് വല്ലപ്പോഴും ബന്ധുക്കളെ കാണാൻ എത്താറുണ്ടെന്നാണ് പറയുന്നത്. സതീഷിനെ വീട്ടുകാരും അധികം അടുപ്പിച്ചിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് കോട്ടയത്തുനിന്ന് കുടിയേറിയ സതീഷിന്റെ കുടുംബം ആദ്യം മുന്നാട്ടെ പുലിക്കോട്ടായിരുന്നു താമസം. പിതാവിന് റബ്ബർ ടാപ്പിങ്ങായിരുന്നു ജോലി. 22ാം വയസ്സുവരെ അവിടെ താമസിച്ചെങ്കിലും പിന്നീട് വീടുവിട്ടു. പുലിക്കോട്ടുനിന്ന് കുറ്റിക്കോലിലെ വാടകവീട്ടിലേക്ക് സതീഷിന്റെ ചേട്ടനുൾപ്പെടുന്ന കുടുംബം താമസം മാറിയിട്ട് രണ്ടുവർഷമായി. ഇതിനുശേഷം കുടുംബക്കാരെ കാണാൻ സതീഷ് എത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ സതീഷിന്റെ ബന്ധങ്ങളെ കുറിച്ചും ഇടപാടുകളെ കുറിച്ചും വ്യക്തമായ ചിത്രമില്ല. ഇതിനെല്ലാം ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
പാലായിൽ നിന്നു മുങ്ങിയ സതീഷ് ചെന്നൈയിലെത്തി അവിടെ നിന്നു ഡെറാഡൂണിലേക്കു ടിക്കറ്റ് ബുക്ക് ചെയ്താണു ട്രെയിനിൽ കയറിയത്. എന്നാൽ ഹരിദ്വാറിലിറങ്ങി. അവിടെ നിന്നു മസൂറിയിലേക്കു പോയി. തിരിച്ചു വീണ്ടും ഹരിദ്വാറിലെത്തി. ഇതിനിടെ സതീഷിന്റെ മൊബൈൽ ഫോണും പഴ്‌സും നഷ്ടപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണു ഹരിദ്വാറിലെ അയ്യപ്പക്ഷേത്രം വക അതിഥി മന്ദിരത്തിലെത്തിയത്. ഇതോടെയാണ് പിടിയിലാവാനുള്ള സാഹചര്യം ഒരുങ്ങിയത്.