കാസർകോട്/ഹരിദ്വാർ: പാല ലിസ്യൂ കോൺവന്റിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് പൊലീസ് പറയുന്ന സതീഷ് ബാബു അന്വേഷണ സംഘത്തെ വട്ടം ചുറ്റിക്കുന്നു. അമലയെ കൊന്നത് താനല്ലെന്നും തനിക്കൊന്നും അറിയില്ലെന്നും പറഞ്ഞ് കൈമലർത്തുകയാണ് ഇയാൾ. ഹരിദ്വാറിൽ വച്ച് പിടിയിലായ ഇയാളെ മാദ്ധ്യമപ്രവർത്തകരോടാണ് താൻ ആരെയും കൊന്നിട്ടില്ലെന്ന് പറഞ്ഞത്. പ്രതിയെ നാട്ടിൽ എത്തിക്കാൻ വേണ്ടി അന്വേഷണ സംഘം ഹരിദ്വാറിൽ എത്തിയിട്ടുണ്ട്.

തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് എന്തിനാണെന്ന് അറിയില്ലെന്നാണ് സതീഷ് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞത്. താൻ ഇവിടെ എത്തിയത് മനഃശ്ശാന്തി തേടിയാണെന്നും സതീഷ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തോട് ചേർന്നുള്ള ആശ്രമത്തിൽ നിന്ന് സിസ്റ്റർ അമല കൊലക്കേസിൽ സംശയിക്കപ്പെടുന്ന സതീഷ് ബാബുവിനെ പിടികൂടിയത്. കേരള പൊലീസ് വിവരം നൽകിയത് പ്രകാരം ആശ്രമത്തിലെത്തിയ ഹരിദ്വാർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സതീഷ് ബാബുവിനെ തിരിച്ചറിയുന്നതിന് ഡൽഹിയിലുള്ള സ്‌പെഷ്യൽ ബ്രാഞ്ച് സംഘം ഹരിദ്വാറിൽ എത്തിയിട്ടുണ്ട്. കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘവും ഉടൻ ഹരിദ്വാറിലേക്ക് പുറപ്പെടും. കേരള പൊലീസ് സംഘം എത്തിയ ശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങും. രണ്ട് ദിവസം മുമ്പാണ് ഇയാൾ ഹരിദ്വാറിൽ എത്തിയത്. ഗംഗയിൽ കുളിക്കുന്നതിനിടെ മൊബൈൽ ഫോണും പേഴ്‌സും നഷ്ടമായെന്ന് കളവു പറഞ്ഞ് ഇയാൾ ആശ്രമത്തിൽ അഭയം തേടിയത്.

ആശ്രമത്തിലെ മൊബൈലിൽ നിന്നും സതീഷ് ബാബുവിന്റെ സഹോദരന്റെ മൊബൈലിലേക്ക് അയച്ച സന്ദേശമാണ് പൊലീസിന് പിടിവള്ളിയായത്. ഉടൻ തന്നെ അന്വേഷണ സഗഘം ഹരിദ്വാർ എസ്‌പിയെ വിളിച്ച് പ്രതിയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും കൈമാറുകയായിരുന്നു. തുടർന്ന് ഉത്തരാഗണ്ഡ് പൊലീസ് ഇയാളെ പിടികൂടി. സതീഷ് ബാബു കൊലയാളിയാണെന്ന് അറിയില്ലായിരുന്നെന്ന് ആശ്രമം അധികൃതർ പറഞ്ഞു.

അതേസംയ സിസ്റ്റർ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന കുറ്റിക്കോൽ സ്വദേശി സതീഷ് ബാബുവിനെ നാട്ടുകാർക്ക് ആർക്കും അറിയില്ലെന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. പത്രദൃശ്യമാദ്ധ്യമങ്ങളിൽ ഇയാളെക്കുറിച്ച് വാർത്തകൾ വന്നതോടെയാണ് ആളുകൾ അന്വേഷിക്കുന്നത്. പിന്നെ വാർത്തകളിൽ കണ്ട വിലാസം വച്ച് സതീഷ് ബാബുവിന്റെ കുടംബവേരുകൾ തിരഞ്ഞു.

അങ്ങനെയാണ് കുറ്റിക്കോൽ ഫയർ സ്റ്റേഷന് സമീപത്തെ വാടക ക്വാർട്ടേഴ്‌സിലെ താമസക്കാർ സതീഷ് ബാബുവിന്റെ ബന്ധുക്കളാണെന്ന് മനസ്സിലാക്കുന്നത്. നാട്ടുകാർക്കെല്ലാം സുപരിചിതനായ കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ സുരേഷും കുടുംബവുമാണ് അത്. എന്നാൽ സുരേഷിന് ഒരു അനുജനുണ്ടെന്ന് അറിയാമെന്നല്ലാതെ അത് സതീഷ്ബാബുവാണെന്ന് വിശ്വസിക്കാൻ പ്രയാസം. ഇതുവരെ സതീഷ് ബാബു എന്ന പേരിലുള്ള ആളെ നാട്ടിലാർക്കും വലിയ പരിചയവുമില്ല.

പത്രങ്ങളിൽ വന്ന ഫോട്ടോകൾ വച്ച് നോക്കുമ്പോൾ അങ്ങനെയൊരാളെ പ്രദേശത്തെവിടെയും കണ്ടതായി ആരും ഓർക്കുന്നില്ല. ഇയാൾ നേരത്തെ വീടു വിട്ടതാണെന്നാണ് അറിയുന്നത്. ഇടയ്ക്ക് വരാറുണ്ടെന്നാണ് വിവരമെങ്കിലും നാട്ടുകാർക്ക് കൂടുതലൊന്നുമറിയില്ല.

മഠങ്ങൾ കേന്ദ്രീകരിച്ച് അക്രമവും മോഷണവും നടത്തുന്നയാളാണ് സതീഷ് ബാബുവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ മുതൽ മദ്യപിക്കുന്ന ശീലമാണ് പ്രതിക്കെന്നു പൊലീസ് പറയുന്നു. കൂലിത്തല്ലും മോഷണവുമാണ് പ്രധാനതൊഴിൽ. കോൺവെന്റുകൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ കൂടുതലും. ഇതേ കോൺവെന്റിൽ നേരത്തേ കന്യാസ്ത്രീയെ ആക്രമിച്ചതും സതീഷ്ബാബു തന്നെ.

രണ്ടാം ദിവസം തന്നെ പ്രതിയെ കുറിച്ച് സൂചന ലഭിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഒളിവിൽപോയി. എറണാകുളം നഗരത്തിൽ ഒളിവിലാണെന്ന സൂചനകളാണുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് 150 പേരെ ചോദ്യം ചെയ്തിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കന്യാസ്ത്രീയുടെ കൊലപാതകത്തിൽ മറ്റു ഗൂഢാലോചനകളൊന്നും പൊലീസ് കാണുന്നില്ല.