സിസ്റ്റർ അമലയുടെ കൊലപാതകക്കേസിലെ പ്രതിയെ പൊലീസ് കുടുക്കിയത് പ്രതിയുടെ ഫോൺ സംഭാഷണം ചോർത്തി. സതീഷ് ബാബുവും സഹോദരനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സതീഷ് ബാബുവിനെ പിടികൂടിയത്.

സ്‌പെഷ്യൽ സ്‌ക്വാഡാണ് സതീഷ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ഉത്തരാഖണ്ഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിലെ ആശ്രമത്തിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൂന്ന് ദിവസം മുമ്പ് പഴ്‌സ് ഉൾപ്പെടെയുള്ള സാധനങ്ങൾ കളവു പോയെന്ന് പറഞ്ഞാണ് ഇയാൾ ആശ്രമത്തിലെത്തിയത്. എന്നാൽ ബന്ധുക്കളിൽ ആരുടെയെങ്കിലും നമ്പർ നൽകാതെ ആശ്രമത്തിൽ താമസിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് കാസർകോട് കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന സഹോദരന്റെ നമ്പർ നൽകി.

ആശ്രമം അധികൃതർ പല തവണ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്ന് സഹോദരൻ ഹരിദ്വാറിലെ ആശ്രമത്തിലുണ്ടെന്ന് സന്ദേശം അയയ്ക്കുകയായിരുന്നു. തുടർന്ന് കേരള പൊലീസിൽ നിന്നും വിവരമറിഞ്ഞ ഉത്തരാഖണ്ഡ് പൊലീസ് ആശ്രമത്തിലെത്തി സതീഷ് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാളെ കൈയാമം വച്ചു വിമാനമാർഗം കേരളത്തിലെത്തിക്കാൻ പൊലീസിന് അനുമതി കിട്ടിയതായാണു സൂചന. നാളെ കേരളത്തിൽ എത്തിക്കുമെന്നാണു റിപ്പോർട്ടുകൾ പുറത്തുവന്നത്.