കോട്ടയം: സിസ്റ്റർ അമല വധക്കേസിലെ പ്രതി സതീഷ് ബാബുവിന്റെ മനോവൈകല്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് എഡിജിപി കെ പത്മകുമാർ. അറസ്റ്റും ചോദ്യംചെയ്യലും സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായമുള്ള കന്യാസ്ത്രീകളെ ആക്രമിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണു സതീഷ് ബാബു. പ്രത്യേക വിഭാഗത്തിലെ കന്യാസ്ത്രീകളെ മാത്രമാണ് ഇയാൾ ആക്രമിച്ചിരുന്നത്. മോഷണത്തിനോ വ്യക്തിവൈരാഗ്യത്തിനോ അല്ല കൊലനടത്തിയത്.

നാലു ദിവസം മുൻപ് പ്രതി മഠത്തിൽ ആക്രമണം നടത്തിയിരുന്നു. നാലു മഠങ്ങളിലായി അഞ്ചു തവണ ഇയാൾ ആക്രമണം നടത്തിയിട്ടുണ്‌ടെന്നും പത്മകുമാർ പറഞ്ഞു. പാലയിൽ അടുത്തിടെയുണ്ടായ സമാനമായ അഞ്ചു കേസുകളെക്കുറിച്ചുള്ള അന്വേഷണമാണു പ്രതിയിലേക്ക് എത്തിച്ചേരാൻ സഹായിച്ചത്. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടർ വേണമെന്നു സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.