- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയംകുന്ന് സ്‌കൂളിന്റെ സ്വന്തം ടീച്ചറമ്മ; കന്യാസ്ത്രീയായി സിസ്റ്റർ മേരി കൊളേത്തമ്മ എന്ന് നാമം സ്വീകരിച്ചു; രോഗപീഡയിലും പതറാതെ ദൈവ ഭക്ത; സിസ്റ്റർ മേരി കൊളേത്തമ്മ ഇനി വിശ്വാസികൾക്ക് ദൈവദാസി; പ്രഖ്യാപനം നടത്തി
പൂഞ്ഞാർ: സിസ്റ്റർ മേരി കൊളേത്തമ്മയെ ദൈവദാസിയായി പ്രഖ്യാപിച്ചു. പദവിയിലെത്തിച്ചതെന്ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ് മണിയംകുന്ന് തിരുഹൃദയ പള്ളിയിൽ കൊളേത്താമ്മയുടെ ദൈവദാസി പ്രഖ്യാപനം നടത്തിയത്. ത്യാഗവും സഹനവും യേശുവിനുവേണ്ടി ജീവിച്ചു മരിക്കാനുള്ള ഉറച്ച വിശ്വാസവുമാണ് കൊളേത്തമ്മയെ ദൈവദാസിയാക്കുന്നത്. ഈ പദവിയിൽനിന്ന് ധന്യ, വഴ്‌ത്തപ്പെട്ടവൾ എന്നീ പദവികൾക്കുശേഷം വിശുദ്ധപദവിയിലേക്ക് എത്തിക്കാൻ നമ്മുടെ പ്രാർത്ഥനകൾക്കാകുമെന്നും ബിഷപ്പ് പറഞ്ഞു. കുർബാനയ്ക്കു പ്രാർത്ഥനകൾക്കും മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. കുർബാന മധ്യേ പാലാ രൂപതാ ചാൻസിലർ റവ. ഡോ. ജോസ് കാക്കല്ലിൽ വത്തിക്കാനിൽ നിന്നുള്ള ദൈവദാസി പ്രഖ്യാപനം വായിച്ചു.
വികാരി ജനറൽ മോൺ. ജോസ് മലേപ്പറമ്പിൽ, മണിയംകുന്ന് പള്ളി വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയേൽ, കൊളേത്താമ്മയുടെ സഹോദര പുത്രൻ ഫാ. ജയിംസ് ആരംപുളിക്കൽ എന്നിവർ സഹകാർമികരായിരുന്നു. കുർബാനയ്ക്കുശേഷം കബറിടത്തിങ്കലും മഠത്തിൽ കൊളേത്തമ്മ ഉപയോഗിച്ചിരുന്ന മുറിയിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. എഫ്.സി.സി. അൽഫോൻസാ ജ്യോതി പ്രൊവിൻഷ്യാൾ സിസ്റ്റർ ആനി കല്ലറങ്ങാട്ട്, അസിസ്റ്റന്റ് പ്രൊവിൻഷ്യാൾ സിസ്റ്റർ അൻസീന, മദർ ജനറൽ സിസ്റ്റർ ലിറ്റി, വൈദികൾ, സന്യസ്ഥർ, തുടങ്ങിയവർ സംബന്ധിച്ചു.
ഏറെ തീഷ്ണതയോടെ വിശുദ്ധി തേടിയാണ് കൊളേത്തമ്മ മഠത്തിലെത്തിയതെന്നും ആത്മസമർപ്പണത്തോടെയായിരുന്നു കൊളേത്തമ്മ പ്രാർത്ഥിച്ചിരുന്നതെന്നും മണിയംകുന്ന് ക്ലാരിസ്റ്റ് കോൺവെന്റിലെ സിസ്റ്റർ പോൾ മരിയ, സിസ്റ്റർ ക്ലീറ്റസ് മേരി, സിസ്റ്റർ സൂസൻ ജോസ്, സിസ്റ്റർ റോസിലിൻ ഞരളക്കാട്ട്, സിസ്റ്റർ ട്രീസ് മരിയ, സിസ്റ്റർ സബിനൂസ് എന്നിവർ ഓർക്കുന്നു.
മഠത്തിലെ അംഗങ്ങൾക്ക് എന്തിനും എവിടെയും സഹായ ഹസ്തവുമായി ഓടിയെത്തും. ഭവനവും പരിസരവും വൃത്തിയാക്കുക, പാചക ജോലികളിൽ സഹായിക്കുക, കൃഷിചെയ്യുക മുതലായവ വളരെ നിഷ്്ഠയോടെ ചെയ്തിരുന്നു. തന്റെ കൂട്ടത്തിലുള്ളവർക്ക് ഒരു നല്ല അയൽക്കാരി ആയിരിക്കണമെന്നാണ് കൊളേത്തമ്മ എപ്പോഴും ആഗ്രഹിച്ചിരുന്നത്. നിത്യരോഗിയായിരുന്നപ്പോഴും സുകൃതജപം ചൊല്ലിയും ജപമാല അർപ്പിച്ചും മുറിയിൽ കഴിഞ്ഞു കൂടുകയായിരുന്നു. വിശ്വാസികൾക്ക് പുണ്യചരിതമായ കൊളേത്തമ്മയുടെ ജീവിതം പറഞ്ഞു നൽകുകയാണ് ഈ സന്ന്യാസിനികൾ.
മണിയംകുന്ന് സ്‌കൂളിന്റെ സ്വന്തം ടീച്ചറമ്മ
1931-ൽ മണിയംകുന്ന് സെന്റ് ജോസഫ് സ്‌കൂളിലെ നാലാം ക്ലാസ് കുട്ടികളെ പഠിപ്പിക്കുവാനായാണ് ചേർപ്പുങ്കൽ ആരംപുളിക്കൽ മറിയാമ്മ എന്ന പെൺകുട്ടി എത്തിയത്. ധാരാളം മുടിയുള്ള സുന്ദരി, പക്വതയും കാര്യഗൗരവമുള്ള അദ്ധ്യാപിക, ശാലീനസ്വഭാവം, പെറ്റമ്മയെ പോലുള്ള കരുതൽ അക്കാലത്തെ കുട്ടികളുടെ മനസ്സിൽ ടീച്ചറെക്കുറിച്ചുള്ള ചിന്തകൾ ഇങ്ങനെയൊക്കെ. എപ്പോഴും ഏതാവശ്യത്തിനും എല്ലാ കുട്ടികളും ഓടിയെത്തുന്നത് മറിയാമ്മ ടീച്ചറുടെ അടുത്തായിരുന്നു. പിന്നീട് മറിയാമ്മ ടീച്ചർ കന്യാസ്ത്രീയാവുകയും സിസ്റ്റർ മേരി കൊളേത്തമ്മ എന്ന് നാമം സ്വീകരിക്കുകയും ചെയ്തു. ഇന്ന് സ്‌കൂളിലെത്തുന്ന ഓരോ കുട്ടിയും ജാതിമത ഭേദമെന്യേ രാവിലെ പ്രാർത്ഥിക്കുമ്പോൾ അവരുടെ ഉള്ളിൽ അമ്മ ഇന്നും ജീവിച്ചിരിക്കുന്ന ഒരു ടീച്ചറമ്മയാണ്.
അവരുടെ ആഗ്രഹങ്ങൾ, സങ്കടങ്ങൾ, പരാതികൾ, ആവലാതികൾ അമ്മയുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നതായി കുട്ടികളും അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൊളേത്തമ്മ ദൈവദാസി പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ സ്വർഗത്തിലെ മാലാഖമാരൊത്തു സന്തോഷിക്കുകയാണ് മണിയംകുന്ന് സെന്റ് ജോസഫ് സ്‌കൂളിലെ ഓരോ വിദ്യാർത്ഥിയും അദ്ധ്യാപകരും.
രോഗങ്ങളുടെ കാലം
1942 മുതൽ വിവിധ രോഗങ്ങൾ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. ക്ഷയരോഗമെന്നു സംശയിച്ച് അമ്മയെ മഠത്തിൽ നിന്നും മാറ്റിപാർപ്പിക്കുവാൻ അധികാരികൾ തീരുമാനമെടുത്തു. ഉപകാരികളുടെ സഹായത്തോടെ ആദ്യം കിഴക്കേത്തോട്ടംകാരുടെ വക നെടുങ്ങനാക്കുന്നേൽ പുരയിടത്തിലും 1944 മുതൽ മഠത്തിനു സമീപമുള്ള താഴത്തുചിറയ്ക്കൽ വീട്ടിലും കൊളേത്താമ്മ ഏകയായി താമസിച്ചു. പിന്നീട് അൽപം അകലെയുള്ള മങ്ങാട്ടുതാഴെ വീട്ടിൽ കൊളേത്താമ്മയെ താമസിപ്പിച്ചു. 1952 -ൽ പാണംകുളം പുരയിടം വാങ്ങി രോഗിക്കെട്ടിടം വെഞ്ചരിച്ച് താമസം തുടങ്ങുന്നതു വരെ അമ്മ ഏകയായി കഴിഞ്ഞു.
ദുരിതങ്ങളെ പുഞ്ചിരിയോടു കൂടി ദൈവഹിതമായി സ്‌നേഹപൂർവ്വം സ്വീകരിക്കാനുള്ള ദൈവകൃപ അമ്മ സ്വന്തമാക്കിയിരുന്നു. കുമ്പസാരവും ആത്മീയ ഉപദേശങ്ങളും ആ ജീവിതത്തെ ശക്തിപ്പെടുത്തി. യഥാർത്ഥ ആത്മീയത എന്നത് ഒറ്റപ്പെടലിനെയും ഏകാന്തതയെയും ഒഴിവാക്കുന്നതല്ല എന്ന് കൊളേത്താമ്മയ്ക്ക് ബോധ്യമുണ്ടായിരുന്നു. വീട്ടിൽ കൊണ്ടുപോയി ചികിത്സിച്ച് രോഗം ഭേദമാക്കാൻ അമ്മയ്ക്കും വീട്ടുകാർക്കും അനുവാദം നൽകിയപ്പോൾ കൊളേത്താമ്മ പറഞ്ഞത് ഇപ്രകാരമാണ്: ഇവിടെ ചികിത്സിച്ചിട്ട് രോഗം ഭേദമാകുന്നില്ലെങ്കിൽ ഞാൻ ഈ സന്യാസഭവനത്തിൽ കിടന്ന് മരിച്ചുകൊള്ളട്ടെ. ദൈവത്തിന്റെ സ്‌നേഹകൂടാരത്തിൽ അവിടുത്തെ സാന്നിധ്യം നുകർന്ന് ജീവിക്കാനാണ് ഞാൻ സന്യാസിനി ആയത്.
1952 മുതൽ ദീനമുറയിൽ സഹോദരങ്ങളോടൊത്തു ജീവിച്ചു. കൊന്ത കൈകളിലേന്തി പ്രാർത്ഥിച്ച് മുറ്റത്തു കൂടി നടക്കുന്ന അമ്മ, മുറ്റത്തെ പുല്ല് പറിച്ചുനീക്കിയും മുറ്റം ഭംഗിയാക്കിയും ജീവിതത്തെ സജീവമാക്കി. ദിവ്യകാരുണ്യ ഈശോയോട് കൊളേത്തമ്മ അതീവഭക്തി പുലർത്തിയിരുന്നു. തനിക്ക് സാധിക്കുന്ന ചെറിയ സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുവാൻ അമ്മ വളരെ ശ്രദ്ധിച്ചിരുന്നു.
ഏകദേശം നാലു വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്റെ രോഗം ക്ഷയമല്ല എന്ന് പരിശോധനയിൽ തെളിഞ്ഞു. എങ്കിലും നിരന്തരമായ ശ്വാസംമുട്ടലും കിതപ്പും ഞരമ്പുവേദനയും ശമിക്കാതെ മരണം വരെ ചികിത്സയിലും സഹനത്തിലുമാണ് അമ്മ കഴിഞ്ഞുകൂടിയത്. അമ്മയുടെ അടുക്കൽ സഹായം യാചിച്ച് എത്തിയവർക്കെല്ലാം പ്രാർത്ഥനയിലൂടെ അമ്മ മറുപടി നൽകി. 1984 ഡിസംബർ 18 -ാം തീയതി പതിവുപോലെ ദിവ്യകാരുണ്യം സ്വീകരിച്ച അമ്മ ഉച്ച കഴിഞ്ഞ് 3 മണിക്ക് ശാന്തമായി തന്റെ സ്വർഗീയമണവാളന്റെ അടുത്തേക്ക് യാത്രയായി. ചരമപ്രസംഗം നടത്തിയ ഭാഗ്യസ്മരണാർഹനായ ബഹു. ജോർജ് മങ്ങാട്ട് അച്ചൻ കൊളേത്താമ്മ മണിയംകുന്നിലെ അൽഫോൻസാമ്മയാണ് എന്ന് പറയുകയുണ്ടായി.
അമ്മയിലൂടെ ദൈവകൃപ സമൃദ്ധമായി നമ്മിലേക്ക് വർഷിക്കപ്പെടട്ടെ. നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക് എന്ന ഫ്രാൻസിസ്‌കൻ ക്ലാര സഭയുടെ ആദർശവാക്യം അക്ഷരാർത്ഥത്തിൽ ജീവിച്ച് പിൻതലമുറക്ക് കൈമാറിയ കൊളേത്താമ്മ, വി. അൽഫോൻസാമ്മയെപ്പോലെ എഫ്.സി.സി -യുടെ മാണിക്യമായി പ്രശോഭിക്കുന്നു. 1984 ഡിസംബർ 18 -ന് മണിയംകുന്നിലെ ഫ്രാൻസിസ്‌കൻ ക്ലാര മഠത്തിൽ നിന്നും വ്യാപിച്ച പുണ്യപരിമളം ഇപ്പോൾ അകലങ്ങളിലേക്കും എത്തിയിരിക്കുന്നു.
മറുനാടന് ഡെസ്ക്