കൊച്ചി: ദൈവദാസി സിസ്റ്റർ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തുന്നു. ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന് മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കും.

രാവിലെ പത്തിന് ഇൻഡോർ ബിഷപ്സ് ഹൗസിനടുത്തുള്ള സെന്റ് പോൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണു ചടങ്ങുകൾ നടക്കുന്നത്. വത്തിക്കാനിൽനിന്നു കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകൾക്കു നേതൃത്വം നൽകും.

ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, മെത്രാപ്പൊലീത്തമാർ, മെത്രാന്മാർ എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. തുടർന്നു പൊതുസമ്മേളനം നടക്കും.

പിറ്റേന്ന് സിസ്റ്റർ റാണി മരിയയുടെ കബറിടമുള്ള ഉദയ്‌നഗർ സേക്രട്ട് ഹാർട്ട് പള്ളിയിലും പ്രത്യേക ശുശ്രൂഷകൾ ഉണ്ടാകും. ഇൻഡോറിൽ നടക്കുന്ന പ്രഖ്യാപനച്ചടങ്ങിൽ കേരളത്തിൽ നിന്നുള്ള മെത്രാന്മാരും വൈദികരും എഫ്‌സിസി സന്യാസിനികളും കുടുംബാംഗങ്ങളും മറ്റു പ്രതിനിധികളും പങ്കെടുക്കും.

വാഴ്‌ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തുന്നതിനോടനുബന്ധിച്ചു കേരളസഭയുടെ കൃതജ്ഞതാബലിയും ആഘോഷവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തിൽ നവംബറിൽ എറണാകുളത്തു നടക്കും.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴിയാണു സിസറ്റർ റാണി മരിയയുടെ ജന്മനാട്. മധ്യപ്രദേശിലെ പ്രേഷിതപ്രവർത്തനത്തിനിടെ 1995 ഫെബ്രുവരി 25നാണു സിസ്റ്റർ കൊല്ലപ്പെട്ടത്. എഫ്സിസി സന്യാസിനി സമൂഹാംഗമായിരുന്നു സിസ്റ്റർ റാണി മരിയ.