അബുദാബി: യെമനിൽ ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ട മലയാളി സിസ്റ്റർ സാലിയെ യുഎഇയിലെത്തിച്ചു. സിസ്റ്റർ സാലിയെ യെമനിൽ നിന്നു രക്ഷപ്പെടുത്തിയതായി നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.

യുഎഇയിൽ സിസ്റ്റർ സുരക്ഷിതയാണെന്ന് യു.എ.ഇയിലെ അംബാസഡർ അറിയിച്ചു. ജിബൂട്ടിയിലെ ക്യാംപ് ഓഫീസ് വഴി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ശ്രമത്തെ തുടർന്നാണ് യെമനിൽ നിന്ന് സിസ്റ്റർ സാലിക്ക് നാട്ടിലേക്ക് പുറപ്പെടാൻ സാധിച്ചത്. യാത്രാവിവരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സ്ഥിരീകരിച്ചു.

ഭീകരരുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് സിസ്റ്റർ രക്ഷപ്പെട്ടത്. മൂന്നര വർഷമായി യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി വയോധിക സദനത്തിലെ സൂപ്പീരിയറാണ് സിസ്റ്റർ സാലി. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയാണ്.

അതേസമയം, വയോധിക സദനത്തിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ജിബൂട്ടിയിലെ ക്യാംപ് ഓഫീസ് വഴി വിദേശകാര്യ മന്ത്രാലയം നടത്തുകയാണ്. മാർച്ച് നാലിനാണ് 80 പേർ താമസിക്കുന്ന തെക്കൻ യെമനിലെ വയോധിക സദനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. വെടിവെപ്പിൽ നാല് കന്യാസ്ത്രീകൾ അടക്കം 16 പേർ കൊല്ലപ്പെട്ടു. റാഞ്ചി സ്വദേശി സിസ്റ്റർ അൻസലവും രണ്ട് റുവാണ്ടക്കാരും ഒരു കെനിയക്കാരിയുമാണ് മരിച്ച കന്യാസ്ത്രീകൾ.