- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധക്കേസിൽ ശിക്ഷ വിധിച്ചിട്ടും ആരോപണങ്ങൾ അവിശ്വസനീയം എന്നു പറഞ്ഞ് സഭ ആദ്യം പ്രതിരോധം തീർത്തു; കീഴ്ക്കോടതി വിധിക്കെതിരെ പ്രതികൾ അപ്പീൽ നൽകി വിധി വരും വരെ കാത്തിരിക്കും; മെത്രാന്മാർക്ക് നടപടി സ്വീകരിക്കാമെങ്കിലും അതിനും സാധ്യത കുറവ്; ഫാ.കോട്ടൂരിന്റെയും സെഫിയുടെയും പൗരോഹിത്യം നീക്കൽ ഉടനുണ്ടാകില്ല
ആലപ്പുഴ: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ കോടതി ശിക്ഷിച്ചെങ്കിലും സഭയുടെ കണ്ണുകളിൽ ഇപ്പോർ ഇപ്പോഴും നല്ല കുഞ്ഞാടുകളാണ്. അതുകൊണ്ട് തന്നെ അവരുടെ പൗരോഹിത്യം നീക്കൽ നടപടി അടുത്തകാലത്തെങ്ങും പരിഗണിക്കില്ല. വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും സഭ ഇവരെ പരോക്ഷമായി ന്യായീകരിച്ചു കൊണ്ടാണ് വാർത്തക്കുറിപ്പ് പുറത്തിറക്കിയത്. സിസ്റ്റർ സെഫിക്കും ഫാ. തോമസ് കോട്ടൂരിനും എതിരായ ആരോപണങ്ങൾ അവിശ്വസനീയമാണെന്ന് കോട്ടയം അതിരൂപത വ്യക്തമാക്കിയത്.
സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത് ഇങ്ങനെ: 'സിസ്റ്റർ അഭയ മരിച്ച സംഭവം ദുഃഖകരവും നിർഭാഗ്യകരവുമായിരുന്നു. അതിരൂപതാംഗങ്ങളായ ഫാ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും എതിരായ ആരോപണങ്ങൾ അവിശ്വസനീയമാണ്. എങ്കിലും കോടതി വിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരേ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ അതിരൂപത ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു' എന്നാണ് പത്രക്കുറിപ്പിൽ അതിരൂപത അറിയിച്ചിരിക്കുന്നത്.
കോടതിയുടെ ശിക്ഷാ നടപടിക്ക് പിന്നാലെ ഇരുവരുടെയും പൗരോഹിത്യം നീക്കൽ നടപടികൾ ഇപ്പോഴുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇവർക്ക് അപ്പീൽസാധ്യത ഉള്ളതുകൊണ്ടാണിത്. ഇവരുടെപേരിലുള്ള ആരോപണങ്ങൾ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം. വിധിക്കെതിരേ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കുന്നു. ഇതിനർഥം വൈദികപട്ടം നീക്കൽ(ഡീഫ്രോക്കിങ്) നടപടികളിലേക്ക് ഇപ്പോൾ പോകില്ലെന്നാണ്. ഉയർന്ന കോടതികൾ പ്രതികളെ വെറുതേവിടാനുള്ള സാധ്യത കണക്കിലെടുത്താണിത്.
പൗരോഹിത്യംനീക്കൽ മൂന്നുതരത്തിലാണ്. തെറ്റായ വിവരം നൽകി വൈദികരാകുന്നവരെയും ആരുടെയെങ്കിലും സമ്മർദംകൊണ്ട് ഈ രംഗത്തുവരുന്നവരെയും ഒഴിവാക്കുന്നതാണ് ഒന്നാമതായുള്ളത്. രണ്ടാമത്തേത് വൈദിക വൃത്തിയിൽ നിന്ന് സ്വയം ഒഴിവാകുന്നത്. വൈവാഹികജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് ഇങ്ങനെ ചെയ്യാം.
മൂന്നാമത്തേതാണ് ശിക്ഷാനടപടിയായി വരുന്നത്. അതത് രൂപതകളുടെ മെത്രാന്മാർക്ക് ഇതിനുള്ള നടപടി സ്വീകരിക്കാം. അന്വേഷണക്കമ്മിഷനെവെച്ച് സാക്ഷികളെ വിസ്തരിച്ചാണ് നടപടി പൂർത്തിയാക്കുന്നത്. നീണ്ട പ്രക്രിയയാണിത്. പുറത്താക്കപ്പെട്ടാൽ ഇവർക്ക് വത്തിക്കാനിൽ അപ്പീൽ നൽകാം. ഇതുതള്ളിയാൽ പൗരോഹിത്യം എന്നെന്നേക്കുമായി നഷ്ടപ്പെടും. സെഫിയുടെയും കോട്ടൂരിന്റെയും കാര്യത്തിൽ മെത്രാന്മാർക്ക് പുറത്താക്കാൻ സാധിക്കുമെങ്കിലും ഇപ്പോൾ അതിന് ശ്രമിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
മാനന്തവാടി രൂപതയിലെ ഫാ. റോബിൻ വടക്കുംചേരിയെ വൈദികപട്ടത്തിൽനിന്ന് നീക്കിയതാണ് ഇത്തരത്തിൽ അടുത്തകാലത്തുണ്ടായ സംഭവം. ഇയാൾ ബലാത്സംഗംചെയ്ത പെൺകുട്ടി പ്രസവിച്ചിരുന്നു. കുഞ്ഞിന്റെ അച്ഛൻ റോബിനാണെന്ന് ഡി.എൻ.എ. പരിശോധനയിൽ വ്യക്തമായതോടെയാണ് വൈദികവൃത്തിയിൽനിന്ന് വേഗം പുറത്തായത്. ഇക്കാര്യത്തിൽ അപ്പീൽ കൊടുത്തിട്ടും കാര്യമില്ലാത്തതിനാലാണിത്. വൈദികർ കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ രൂപതകൾ സസ്പെൻഡുചെയ്യാറുണ്ട്. ഇതോടെ കുർബാന ചൊല്ലാനുള്ള അവകാശം നഷ്ടമാകും.
ഏത് അധികാരിക്കുകീഴിലാണോ, അവരാണ് കന്യാസ്ത്രീകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇവിടെയും അന്തിമാധികാരി വത്തിക്കാനാണ്. 75 വയസ്സാണ് രൂപതാവൈദികരുടെ വിരമിക്കൽപ്രായം. സന്ന്യാസസഭകളുടെ ഭാഗമായ കന്യാസ്ത്രീകൾക്ക് വിരമിക്കൽപ്രായം നിഷ്കർഷിക്കാറില്ലെങ്കിലും 75-നുശേഷം ഓഫീസ് ചുമതലകൾ വഹിക്കാൻ കഴിയില്ല.
മറുനാടന് മലയാളി ബ്യൂറോ