തിരുവനന്തപുരം: കിളിമാനൂർ സ്വദേശികളായ യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കിളിമാനൂർ ഈരാണിമുക്ക് കൈതയിൽ മുംതാസ്(50), പുതുശ്ശേരിമുക്ക് പാവലയിൽ മെഹർബാൻ(52) എന്നിവരെപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ജാസ്മിന്റെ മാതാവ് ഷോബിദയുടെ സഹോദരിമാരാണ് ഇവർ. സംഭവത്തിൽ നാസർ എന്നയാളെ നേരത്തെ റിമാന്റ് ചെയ്തിരുന്നു. ഗൾഫിൽ സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ട ഭർത്താവ് റഹിമിന് നൽകാനായി ജാസ്മിൻ ആലംകോട്ടെ വസ്തു വിറ്റ 90 ലക്ഷത്തിൽ 65 ലക്ഷം നാസർ തട്ടിയെടുത്തതായാണ് പൊലീസ് സംശയിക്കുന്നത്.

നാസർ വഞ്ചിച്ചതിൽ മനം നൊന്താണ് മകൾ ഫാത്തിമ, മാതാവ് ഷോബിദ എന്നിവർക്കൊപ്പം ജാസ്മിൻ ആക്കുളം കായലിൽ ചാടിയത്. ഷോബിദ മാത്രം രക്ഷപ്പെട്ടു. ജാസ്മിന്റെ വിയോഗത്തിൽ മനം നൊന്താണ് സഹോദരി സജിനി അടുത്ത ദിവസം ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. നാസറും ഇപ്പോൾ അറസ്റ്റിലായ സ്ത്രീകളും ചേർന്ന് സാമ്പത്തികമായി വഞ്ചിച്ചുവെന്ന തരത്തിലാണ് ജാസ്മിൻ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്നത്. മുംതാസിനും മെഹർബാനുമെതിരെ ആത്മഹത്യാ പ്രേരണയാണ് ചുമത്തിയിട്ടുള്ളത്. കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന വാചകവും ആത്മഹത്യാ കുറിപ്പിലുണ്ട്. ഇക്കാര്യം സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ മുംതാസ്, മെഹർബാൻ എന്നിവരുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇവയിലെ ഡാറ്റ നശിപ്പിച്ചനിലയിലാണ്. സിംകാർഡുകളും ഉപേക്ഷിച്ചിട്ടുണ്ട്.

ചില വാട്‌സ് ആപ്പ് ദൃശ്യങ്ങൾ കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരുന്നു. അത് പ്രചരിപ്പിച്ചത് മുംതാസും മെഹർബാനുമാണെന്ന് സൂചനയുണ്ട്. ഇതിലേക്ക് അന്വേഷണം നീളുന്നതിനിടെയാണ് മൊബൈലിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടതായി പൊലീസ് തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. തെളിവ് നശിപ്പിക്കാനാണ് ശ്രമം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മൂവരും ചേർന്ന് വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ഫോൺ കോൾ ലിസ്റ്റും പരിശോധിക്കും. വാട്‌സ് ആപ്പ് ദൃശ്യങ്ങളിൽ അന്വേഷണം പൂർത്തിയായാലേ മരണങ്ങളിലെ ദുരൂഹത പൂർണ്ണമായും മാറൂ. അതിനുള്ള അടിയന്തര നടപടികളിലേക്ക് പൊലീസ് കടക്കും.

സാമ്പത്തിക ഭദ്രത ഏറെയുള്ള സൈനുദ്ദീന്റെ കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശേഷിയുണ്ട്. ജാസ്മിയുടെ ഭർത്താവായ റഹിം ഖത്തറിൽ ലേബർ സപ്ലെ കമ്പനി നടത്തുകയും ചില തൊഴിൽ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് അടുത്തിടെ ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. യുവതികളുടെ സഹോദരനും ഖത്തറിലാണ്. റഹിമിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ തീർത്ത് നൽകാമെന്ന പേരിൽ ഒപ്പം കൂടിയ നാസർ ആലംകോട്ടുള്ള വസ്തു വില്പനയ്ക്കിടയിൽ ചില തന്ത്രങ്ങളുംങ്ങളും ഭീഷണിയുമൊക്കെ നടത്തി പണം കൈക്കലാക്കുകയായിരുന്നു. സോഷ്യൽ മിഡീയയിൽ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പുകളും ഇതിന് ഉപയോഗിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. ഈ കുപ്രചരണം അറിഞ്ഞാണ് സജ്‌ന ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതെന്നും സൂചനയുണ്ട്. എന്നാൽ തിരുവനന്തപുരത്തെത്തിയ സജ്‌ന തന്റെ കുടുംബത്തിനുണ്ടായ ദുരന്തം അറിഞ്ഞ് പേട്ടയ്ക്ക് സമീപം ട്രെയിനിനുമുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

സജ്‌നയുടെ ആത്മഹത്യാ കുറിപ്പും ഇതിന് തെളിവാണ്. ഞാൻ മരിക്കുന്നു, എന്റെ ചേച്ചിയും മക്കളുമില്ലാത്ത ലോകത്ത് എനിക്ക് ഇനി ജീവിക്കേണ്ട. ലോകത്ത് എനിക്കിനി ആരുമില്ല. ഉമ്മയുടെ സഹോദരിമാരാണ് ഇതിനെല്ലാം ഉത്തരവാദികൾ. അവർക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കണം' സജ്‌ന കുറിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി നോക്കിയിരുന്ന സജിനി പേയിങ് ഗസ്റ്റായി താമസിച്ചുവന്ന വഞ്ചിയൂർ പറക്കുഴി ലൈനിലെ വാടകവീടിന്റെ റൂമിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൺട്രോൾ റൂം സി.ഐ പ്രസാദിന്റെ നേതൃത്വത്തിൽനടത്തിയ തിരച്ചിലിലാണ് പഴ്‌സിൽ സൂക്ഷിച്ച ആത്മഹത്യാക്കുറിപ്പ് കണ്ടത്.

സജിനി, ജാസ്മിൻ, അറസ്റ്റിലായ ബസുടമ നാസർ എന്നിവരുടെ മൊബൈൽ കോൾ വിശദാംശങ്ങളും മറ്റും സൈബർ പൊലീസ് സഹായത്തോടെ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. എന്നാൽ വെറും സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലുള്ള വഞ്ചന, ഭീഷണി, തട്ടിപ്പ് തുടങ്ങിയ നിസാര വകുപ്പുകൾ ചേർത്താണ് പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.