ന്യൂഡൽഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുനന്ദയുടെ മകനെ ചോദ്യം ചെയ്തു. സുനന്ദയുടെ മകൻ ശിവ മേനോനെയാണ് ഡൽഹി പൊലീസ് ചോദ്യം ചെയ്തത്.

പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. സുനന്ദയ്ക്ക് ഐപിഎല്ലുമായുണ്ടായിരുന്ന ബന്ധവും മറ്റും ശിവ മേനോനോട് പൊലീസ് ചോദിച്ചറിഞ്ഞതിയാണ് റിപ്പോർട്ടുകൾ.

സുനന്ദയുടെ മരണത്തിൽ സംശയമില്ലെന്ന് നേരത്തെ തന്നെ ശിവ മേനോൻ വ്യക്തമാക്കിയിരുന്നു. ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും പൊലീസ് ചോദിച്ചു. കേസിൽ ഇതുവരെ 15 ൽ അധികംപേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെയാണ് ശിവ് മേനോൻ ദുബായിൽ നിന്നും ഡൽഹിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരായത്. മുന്പ് ഡൽഹി പൊലീസ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ശിവ്‌മേനോൻ എത്തിയിരുന്നില്ല.

ഇതുവരെ ചോദ്യം ചെയ്തവരിൽ ശശി തരൂർ, സുനന്ദയുടെ ഓഫീസ് ജോലിക്കാർ, സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെടുന്നു. സമാജ് വാദി പാർട്ടി നേതാവ് അമർസിങ്, മുതിർന്ന പത്രപ്രവർത്തക നളിനി സിങ് എന്നിവരാണ് ചോദ്യം ചെയ്ത മറ്റുള്ളവർ. കഴിഞ്ഞ വർഷം ജനുവരി 17നാണ് ന്യൂഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടത്.