ബെംഗളൂരു:മുതിർന്ന മാധ്യമ പ്രവർത്തകയും, സാമൂഹ്യ പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ചു. കേസിൽ സിബിഐ അന്വേഷണം നടത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഐജിയുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണസംഘം രൂപവൽകരിച്ചത്.കൊലയാളികളെ പിടികൂടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, എന്നാൽ കുടുംബാംഗങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ സിബിഐ അന്വേഷണമാകാമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ വസതിയിൽ നാല് സിസി ടിവി ക്യാമറകളുണ്ടായിരുന്നു.കാർ പാർക്കിങ് സ്ഥലം, മുൻവാതിൽ, ഗേറ്റ്, പിൻവശം എന്നിവിടങ്ങളിലാണ് സിസി ടിവി ക്യാമറകളുള്ളത്.ഇതിലൊരു ക്യാമറയിൽ ഗൗരി ലങ്കേഷ് കാറിലെത്തുന്നതും, ഗേറ്റ് തുറക്കുന്നതും, അകത്തേക്ക് നടക്കുന്നതും, അക്രമി വെടിവയ്ക്കുന്നതും, ഗൗരി ലങ്കേഷ് നിലംപതിക്കുന്നതുമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.അക്രമസമയത്തുകൊലയാളി ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർണാടക സർക്കാരിനോട് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ട് തേടാനുള്ള നിർദ്ദേശം മന്ത്രാലയത്തിന് നൽകിയത്. ഇതേസമയം പരിസരത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മരിച്ച ഗൗരി ലങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ളവർ ഈ ആവശ്യമുന്നയിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ വസതിയിൽവച്ച് ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ചത്. രാത്രി എട്ടുണമിയോടെ രാജരാജേശ്വരി നഗർ ഐഡിയൽ ലേ ഔട്ടിലെ വീട്ടിലെത്തിയ നാലംഗ സംഘമാണ് മാധ്യമ പ്രവർത്തകയ്ക്കുനേരെ വെടിയുതിർത്തത്. അവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.പൊലീസ് നാല് സംഘങ്ങളായാണ് അക്രമികൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകൾ അടക്കമുള്ള സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ, കർണാടക സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.