- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ രാമനും പഴയ സീതയും; ദുൽഖറിന്റെ സീതാരാമം ഒരു പഴഞ്ചൻ പൈങ്കിളിക്കഥ മാത്രം; ആവേശകരമായ അനുഭവമായോ വികാര തീവ്ര സിനിമയായോ ഇത് മാറുന്നില്ല; ഗംഭീരമായത് മൃണാൾ താക്കൂർ എന്ന നായിക; തീവ്രവാദത്തെ വിമർശിക്കുമ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് കുരുപൊട്ടുന്നത് എന്തുകൊണ്ട്?
ഒരു പഴഞ്ചൻ പൈങ്കിളിക്കഥയിൽ ഒരു അൽപ്പം സൈനിക വീരകഥ കുടിചേർത്ത്, സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് വിളമ്പാൻ കൊണ്ടുവന്നിരിക്കുന്നു! മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനെ നായകനാക്കി മൂന്നുഭാഷകളിൽ ഒരേ സമയം ഇറങ്ങി ചരിത്രം സൃഷ്ടിച്ച,'സീതാരാമം' എന്ന പുതിയ ചിത്രത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. ഗൾഫ് രാജ്യങ്ങൾ നിരോധിച്ചതിലുടെ വാർത്താ പ്രാധാന്യം നേടിയ ഈ ചിത്രത്തിൽ പക്ഷേ തീവ്രവാദത്തിന് എതിരെ എന്നല്ലാതെ, ഒരു സമൂഹത്തിന് എതിരായി യാതൊന്നും പറയുന്നുമില്ല.
മാനവികതയുടെയും, മനുഷ്യത്വത്തിന്റെയും ഭാഗത്തുതന്നെയാണ് ചിത്രം നിൽക്കുന്നത്. ഒരു ശരാശരി തെലുങ്ക് സിനിമയെവെച്ച് നോക്കുമ്പോൾ സീതാരാമം എത്രയോ ഉയരങ്ങളിലാണ്. പക്ഷേ ദുൽഖർ സൽമാന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന രീതിയിൽ നോക്കമ്പോൾ ദയനീയ ചിത്രം എന്നേ പറയാൻ കഴിയൂ. ഹനു രാഘവപുടി എന്ന സംവിധായകൻ ഈ തെലുങ്ക്ചിത്രത്തിൽ സ്‌ക്രിപിറ്റിലും ക്രാഫ്റ്റിലും അത്രയൊന്നും ശ്രദ്ധിച്ചിട്ടില്ല.
ഒരു കൊമേർഷ്യൽ സിനിമക്കുവേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലമുണ്ട്. കാശ്മീരും ഹൈദരബാദുമൊക്കെയായി 60കളിലെ ഒന്നാന്തരം പ്രകൃതിഭംഗി ക്യാമറ ഒപ്പിയെടുക്കുന്നുണ്ട്, നല്ല ഗാനങ്ങളുണ്ട്, മനോഹരമായ പ്രണയ സീനുകളുണ്ട്, മഞ്ഞുമലയിലെ യുദ്ധമുണ്ട്, പാക്കിസ്ഥാൻ വഴിവരുന്ന തീവ്രവാദമുണ്ട്... ഇതെല്ലാം ഉണ്ടായിട്ടും ഇത് ഒരു നല്ല ചിത്രം ആവുന്നില്ല. ഒരിടത്തും ഒരു ആവേശകരമായ അനുഭവമയോ, ഉള്ളുലക്കുന്ന വികാര തീവ്രതയായോ ചിത്രം മാറുന്നില്ല. ചില ക്ലീഷേ പ്രണയരംഗങ്ങളിൽ, ഒരു ഇന്തോ-പാക്ക് അതിർത്തിയുടെയും തീവ്രവാദത്തിന്റെയും ചില ഘടകങ്ങൾ കയറ്റിയെന്നു മാത്രം.
ബോറടിപ്പിക്കുന്ന ആഖ്യാനം
1960കളിലെ ജീവിതമാണ് ചിത്രം പറയുന്നത്. അനാഥനായ ആർമി ഓഫീസറായ ലഫ്റ്റനന്റ് റാം ആണ് ചിത്രത്തിലെ നായകൻ. കാശ്മീരിലെ മഞ്ഞുമൂടിയ മലമുകളിൽ അതിർത്തി കാക്കുകയാണ് അയാൾ. പാക്കിസ്ഥാനിൽനിന്ന് വരുന്ന തീവ്രവാദികളെ തടയിടുന്നതിനും, ഹിന്ദു- മുസ്ലിം മൈത്രി നിലനിർത്തുന്നതിലും, വർഗീയ കലാപങ്ങൾ തടയുന്നതിലുമെല്ലാം ശക്തമായി ഇടപെടാൻ അയാൾക്ക് കഴിയുന്നു. ഒരു ദിവസം ഓൾ ഇന്ത്യ റേഡിയോയുടെ ഒരു പ്രതിനിധി മിലിട്ടറി ബാരക്കിൽ എത്തുന്നതോടെ റാമിന്റെ ജീവിതം മാറി മറിയുകയാണ്. ആ ലേഡി റിപ്പോർട്ടർ അനാഥനായി റാമിനെക്കുറിച്ച് റേഡിയോവിലുടെ പറയുകയും, അയാൾക്ക് കത്തയക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെ റാമിനെ കാത്ത് കത്തുകളുടെ കൂമ്പാരമാണ് പിന്നീട് വരുന്നത്.
പക്ഷേ കുറച്ചുകാലം കഴിഞ്ഞ്, എല്ലാ കത്തുകളും നിലച്ചിട്ടു ഒരു കത്തുമാത്രം അവശേഷിച്ചു. സീതാലക്ഷ്മി എന്ന പേർ മാത്രമുള്ള വിലാസമില്ലാത്ത കത്ത്. റാമിന്റെ ഭാര്യയാണെന്നാണ് സീതാലക്ഷ്മി കത്തിൽ സ്വയം വിശേഷിപ്പിക്കുന്നത്. എങ്ങനെയെങ്കിലും അവളെ കണ്ടെത്തണം എന്നായി പിന്നീടുള്ള നായകന്റെ ശ്രമങ്ങൾ. അങ്ങനെയാണ് കഥ മുന്നോട്ടുനീങ്ങുന്നത്.
പക്ഷേ ആധുനിക കാലത്ത് ഒട്ടും യോജിപ്പില്ലാത്ത രീതിയിൽ, സിനിമയുടെ ആദ്യ പകുതി ഇഴഞ്ഞാണ് നീങ്ങുന്നത്. പിന്നീട് അങ്ങോട്ട് അൽപ്പം ചൂടുപിടിക്കുന്നുണ്ടെങ്കിലും മൊത്തത്തിൽ ഒരു ത്രില്ലിങ്ങ് അനുഭവം നൽകാൻ ചിത്രത്തിന് കഴിയുന്നില്ല. തീർത്തും പഴഞ്ചനായ ഒരു പൈങ്കിളി പ്രണയത്തിന്റെ ചേരുവകൾ ആണ് കാണാൻ കഴിയുന്നത്. പക്ഷേ ഇൻട്രവൽ സമയത്ത് ശരിക്കു ഒരു ട്വിസ്റ്റ് കൊണ്ടുവരാൻ സംവിധായകന് കഴിയുന്നുണ്ട്. രണ്ടാം പകുതിയിലെ ചില ഭാഗങ്ങൾ മാത്രമാണ്, പ്രേക്ഷകരെ ഫഎൻഗേജിങ് ആക്കുന്നതുമാണത്. ഈ രീതിയിലുള്ള തണുപ്പൻ ആഖ്യാനം ചിത്രത്തിന് വലിയ ബാധ്യതയാവുന്നുണ്ട്. പലപ്പോഴും ഇത് ബോറടിയിലേക്ക് വീഴുന്നു. ചിത്രം കഴിഞ്ഞ് ഇറങ്ങുമ്പോഴും ഒന്നാന്തരം ഒരു ചിത്രം കണ്ട ഒരു ഫീലും നമുക്ക് കിട്ടുന്നില്ല. പല പട്ടാളക്കഥകളിലും കണ്ട് മടുത്ത കാര്യങ്ങൾ ഈ പടത്തിലും ആവർത്തിക്കുന്നുണ്ട്. ക്രാഫ്റ്റിലും മെയ്ക്കിങ്ങിലും കാര്യമായ പുതുക്കലുകൾ നടത്തുക ആയിരുന്നെങ്കിൽ, ഇതേ കഥവെച്ചുതന്നെ ഗംഭീരമായ ഒരു ചിത്രം ഉണ്ടാക്കാമായിരുന്നു.
ഡി ക്യു എന്ന പാൻ ഇന്ത്യൻ താരം
ശരിക്കും മലയാളത്തിൽനിന്നുള്ള ഒരു പാൻ ഇന്ത്യൻ താരമായി ദുൽഖർ സൽമാൻ എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡി ക്യൂ വളർന്നിരിക്കയാണ്. മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ഒരേപോലെ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഗൾഫ് രാജ്യങ്ങളുടെ ബഹിഷ്‌ക്കരണത്തിനിടയിലും വെറും മൂന്നു ദിവസത്തെ ചിത്രത്തിന്റെ ആഗോള ബോക്‌സോഫീസ് കലക്ഷൻ മുപ്പത് കോടിയാണ്. തെലുങ്ക് ഇൻഡസ്ട്രിയിൽ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം ചലനം സൃഷ്ടിക്കുന്നത് ഇത് ആദ്യമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാൾ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷൻ.
സീതാ രാമത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കി കഴിഞ്ഞു. യു.എസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം ചിത്രം നേടിയത്.
നോക്കുക, മമ്മൂട്ടിക്കും മോഹൻലാലിനും പൃഥിരാജിനുമൊന്നും എത്താൻ കഴിയാത്ത നേട്ടമാണിത്. നേരത്തെ മഹാനടി എന്ന ചിത്രത്തിൽ ജമിനി ഗണേശന്റ വേഷത്തിൽ എത്തിയ ദൂൽഖർ തമിഴിലും തെലുങ്കിലും മാർക്കറ്റ് ഉള്ള നടനായി മാറുകയാണ്. ദുൽഖറിന്റെ ഒടിടി റലീസായ 'സല്യൂട്ട്' എന്ന കഴിഞ്ഞ ചിത്രത്തിന് ഏറ്റവും കൂടുതൽ പ്രേക്ഷകർ വന്നത് ആന്ധ്രയിൽനിന്നും തെലങ്കാനയിൽനിന്നുമാണെന്ന് നേരത്തെ വാർത്ത വന്നിരുന്നു. അതായത് പ്രഭാസ്, അല്ലുഅർജുൻ, വിജയ്, സൂര്യ, യാഷ് എന്നീ നടന്മാർ അവരുടെ പ്രാദേശിക ഭാഷകളെ മാർക്കറ്റ് ചെയ്യുന്നപോലെ, മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിൽ എത്തിക്കാൻ കഴിവുള്ള ഏക നടൻ ദുൽഖർ തന്നെയാണ്. ഈ ചിത്രം ഒന്ന് ഗംഭീരമായി എടുത്തിരുന്നെങ്കിൽ ശരിക്കും ഈ യുവ നടൻ പാൻ ഇന്ത്യൻ ഹീറോ ആയി മാറുമായിരുന്നു.
ഇനി അഭിനയത്തിലേക്ക് വന്നാൽ ഔട്ട്സ്റ്റാൻഡിങ്ങ് എന്ന് ഒന്നും പറയാൻ കഴിയില്ല ദൂൽഖറിന്റെ പ്രകടനം. അദ്ദേഹം മുമ്പ് ചെയ്ത പല കഥാപാത്രങ്ങളുടെയും അടുത്ത് എത്തിയിട്ടുമില്ല. പലയിടത്തും പ്രണയ രംഗങ്ങളിൽ ഒരു ഫീൽ കുറവ് പ്രകടവുമാണ്. മീശയില്ലാത്ത ദുൽഖറിന്റെ സെമി ഫെമിനൈൻ ടച്ച് അദ്ദേഹത്തിന്റെ ഫാൻസിനും അത്രയൊന്നും പിടിച്ചിട്ടില്ല. എന്നാൽ മൃണാൾ താക്കൂർ എന്ന നടിയുടെ പെർഫോമൻസ് ആണ് കിടിലമായത്. ആ ക്യാരക്റ്ററിന്റെ പ്രൗഢിയും കുലീനത്വവും അവളിൽ ലയിച്ചിരിക്കായാണ്. ഗാന- നൃത്ത രംഗങ്ങളിലൊക്കെ അസാധ്യ പ്രകടനം. ആകെ തോന്നിയ ഒരു ഫാൾട്ട് ഫ്ളാഷ് ബാക്ക് കഴിഞ്ഞ് 20 വർഷത്തിനുശേഷം കാണിക്കുമ്പോഴും, ശരീരത്തിൽ പറയത്തക്ക മാറ്റങ്ങൾ ഒന്നും കാണാത്തതാണ്. അവിടെ മേക്കപ്പും പാളി.
സിനിമാട്ടോഗ്രാഫർ പി എസ് വിനോദും മ്യൂസിക് കമ്പോസർ വിനോദ് ചന്ദ്രശേഖറും തങ്ങളുടെ പണി നന്നായി ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ ഡബ്ബിങ്ങും നന്നായിട്ടുണ്ട്. സാധാരണ തെലുങ്ക് ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റുന്നത് വലിയ കോമഡിയായിരുന്നു. പ്രത്യേകിച്ച് ഗാനങ്ങൾ. 'വയലാർ എഴുതുമോ ഇതുപോലെ' എന്ന് ചോദിച്ച് ഒരു സിനിമയിൽ 'തക്കുടു ഡുക്കുടു' എന്ന് എന്ന പാട്ടുണ്ടാക്കുന്ന സിദ്ദീഖിനെയാണ് ഇത്തരം പടങ്ങൾ ഓർമ്മിപ്പിക്കാറുള്ളത്. പക്ഷേ സീതാരാമം അക്കാര്യത്തിൽ പറയിപ്പിച്ചിട്ടില്ല. ഒരു ഹാസ്യ കഥാപാത്രത്തിന് നമ്മുടെ രമേഷ് പിഷാരടിയാണ് ശബ്ദം നൽകിയത്. അത് കേട്ട് ജനം കൈയടിക്കുന്നത്, ആ നടന്റെ ജനപ്രതീ വ്യക്തമാക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഒരു ഡബ്ബിങ്ങ് തെലുങ്ക് ചിത്രത്തിന്റെ നിലവാരം വെച്ചുനോക്കുമ്പോൾ എത്രയോ മുകളിലാണ് ഈ ചിത്രം. എന്നാൽ ഒരു ദുൽഖർ ചിത്രം എന്നതുവെച്ച് നോക്കുമ്പോൾ വലിയ പരാജയവും.
ഗൾഫ് രാജ്യങ്ങൾക്ക് കുരുപൊട്ടുന്നത് എന്തിന്?
കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നിയത് എന്തിനാണ് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചത് എന്നാണ്. ദുൽഖർ ചിത്രങ്ങൾക്ക് വൻ ഇനീഷ്യൽ കൊടുക്കാറുള്ള ജി സി സി രാജ്യങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം നിരോധിച്ചതോടെ സാമ്പത്തികമായി വലിയ തിരിച്ചടിയാണ് നിർമ്മാതാക്കൾക്ക് ഉണ്ടായിരിക്കുന്നത്. പക്ഷേ ചിത്രത്തിൽ എവിടെയും ഇസ്ലാമിനെ മോശമായി ചിത്രീകരിക്കുന്നില്ല. ഇസ്ലാമിക തീവ്രവാദത്തെയും, അതിന് പിന്തുണ കൊടുക്കുന്ന പാക്കിസ്ഥാനെയുമാണ് ചിത്രം പ്രതിക്കൂട്ടിൽ കയറ്റുന്നത്. എന്തിന് ഇന്ത്യൻ ആർമിക്കുമുണ്ട് വിമർശനം. സീക്രട്ട് മിഷനിൽ ഏർപ്പെട്ട പട്ടാളക്കാരനെ ഒടുവിൽ ഇന്ത്യൻ ആർമി തന്നെ കൈയൊഴിയുന്നുണ്ട്. അതുകൊണ്ട് ഇത് ഇന്ത്യാവിരുദ്ധ പടമാണെന്ന് പറയാൻ കഴിയില്ലല്ലോ.
ഇവിടെ ഇസ്ലാമിക തീവ്രവാദത്തെ വിമർശിക്കുമ്പോൾ ഗൾഫ്രാജ്യങ്ങൾക്ക് കരുപൊട്ടുന്നുണ്ടെങ്കിൽ അതിനർഥം അവർ തീവ്രവാദത്തിന് കുട പിടിക്കുന്നവർ തന്നെയാണ് എന്നു തന്നെയാണ്. ഇതേ അവസ്ഥയായിരുന്നു കമൽഹാസന്റെ വിശ്വരുപത്തിനും. ചിത്രത്തിനെതിരെ തമിഴ്‌നാട്ടിലെ ഇസ്ലാമിക സംഘടനകൾ തന്നെയാണ് രംഗത്ത് എത്തിയത്. ഒരു പുരുഷായുസ്സുമുഴവൻ സംഘപരിവാറിന് എതിരെയും ന്യൂനപക്ഷ രാഷ്ട്രീയത്തിന് അനുകൂലമായും പ്രതികരിച്ച കമലിനെ അവർ അങ്ങനെ വെള്ളം കുടിപ്പിച്ചു. തന്റെ വീട് അടക്കം പണയംവച്ചാണ് ഈ ചിത്രം എടുത്തത് എന്ന് ഒരു ഘട്ടത്തിൽ വികാരധീനനായി പറയുന്ന ആ മഹാനടനെ ആരും മറന്നിട്ടുണ്ടാവില്ല. പിന്നീട് ചെറിയ മാറ്റങ്ങളോടെ വിശ്വരൂപം ഇറങ്ങിയപ്പോൾ, നാം കണ്ടു അതിൽ ഇസ്ലാമിനെ അല്ല തീവ്രവാദത്തെയാണ് വിമർശിക്കുന്നത് എന്ന്.
അതുപോലെ തന്നെയാണ് സീതാരാമത്തിലും. ഒരു ജിഹാദി നേതാവിനെ കൊന്നുതള്ളിയശേഷം ദൂൽഖറിന്റെ ലഫ്റ്റന്റ് റാം, അയാൾ വായിച്ചുകൊണ്ടിരിക്കുന്ന ഖുർആൻ എടുത്ത് നെഞ്ചത്ത് വെച്ചുകൊടുത്ത് ഇനിയെങ്കിലും ഇതിന്റെ അർഥം ശരിയായി പഠിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇവിടെ തങ്ങൾ യഥാർഥ ഇസ്ലാമിനെ സംരക്ഷിക്കുകയും തീവ്രവാദത്തെ എതിർക്കുകയും ചെയ്യുന്നു എന്ന സൂചന വരുത്താനാണ് സംവിധായകൻ ശ്രമിച്ചത്. പക്ഷേ തീവ്രവാദത്തെ തൊട്ടാലും മതത്തിന് പൊള്ളുമെന്ന് അവർക്ക് അറിയില്ലായിരുന്നു.
ഇത്തരം നിരോധനങ്ങളിലുടെ ഇസ്ലാമിക രാഷ്ട്രങ്ങൾ നൽകുന്ന സൂചന എന്താണ്. ്ഒരു കലാകാരനും ഇനിമേൽ തീവ്രവാദത്തെ വിമർശിക്കരുതെന്നോ? ഇവിടെ മോദിയും ഇന്ത്യയുമാണ്, നിരോധനം വേണ്ട എന്തെങ്കിലും സെൻസർ എങ്കിലും ചെയ്തിരുന്നെങ്കിൽ കളി കാണാമായിരുന്നു. ഫാസിസിത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും എതിരെ ഗർജ്ജിക്കുന്ന ആരും തന്നെ ഗൾഫ്രാജ്യങ്ങൾ ഒരു ഇന്ത്യൻ ചിത്രത്തിന് നേരെ ഉയർത്തിയ ഫാസിസത്തിനെതിരെ ഒരു വരിപോലും പ്രതിഷേധിക്കുന്നില്ല.
വാൽക്കഷ്ണം: ഇത് തന്റെ അവസാനത്തെ റൊമാൻസ് ചിത്രം ആയിരിക്കുമെന്ന് സീതാരാമം ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് ദുൽഖർ പറയുകയുണ്ടായി. അത് നന്നായി. ഈ ജാതി ഓൾഡ്ഫാഷൻ പൈങ്കിളി പ്രണയ ചിത്രങ്ങൾ ഒഴിവാക്കുന്ന് തന്നെയാണ് ഈ താരത്തിന് നല്ലത്.