കോഴിക്കോട്: സദാ മലബന്ധം അനുഭവിക്കുന്ന മുഖഭാവത്തോടെ, ചിരിക്കാൻപോലും പിശുക്കുള്ള കേരളത്തിലെ സിപിഐ(എം) നേതാക്കൾ തങ്ങളുടെ ജനറൽ സെക്രട്ടറിയെതന്നെ കണ്ടുപഠിക്കട്ടെ. അത്രക്ക് വിനയാന്വിതനും സൗഹൃദ പ്രിയനുമാണ് സീതാറാം യെച്ചൂരി. ശനിയാഴ്ച ചിന്ത രവി അനുസ്മരണത്തിനായി കോഴിക്കോട്ടത്തെിയ അദ്ദേഹം സൗമ്യമായ പെരുമാറ്റം വഴി ഏവരെയും കൈയിലെടുത്തു.

ചിന്ത രവി അനുസ്മരണ പ്രസംഗം നിർവഹിക്കാനത്തെിയ യെച്ചൂരി ടൗൺ ഹാളിന് പിറകിൽ കോഴിക്കോട്ടെ നാടകപ്രവർത്തകരടക്കമുള്ളവർ വൈകുന്നേരങ്ങളിൽ സംഗമിക്കുന്ന ആർട്ട് ഗാലറി മുറ്റത്തെ മരത്തണലിലേക്ക് നീങ്ങിയത് ഏവർക്കം കൗതുകമായി. കേരളത്തിലെ നാടകപ്രവർത്തനത്തെപ്പറ്റിയും മറ്റും വിശദമായി ചർച്ച ചെയ്ത യെച്ചൂരി നാടകപ്രവർത്തകൻ കെ.വി. വിജേഷിന്റെ പാട്ടും ആസ്വദിച്ചു.

തുടർന്ന് മരത്തണലിലിരുന്ന് ആസ്വദിച്ചൊരു പുകവലിച്ച ശേഷമാണ് അദ്ദേഹം ടൗൺ ഹാളിലത്തെിയത്. ഇതിനിടെ നിരവധിപേർ യെച്ചൂരിക്കൊപ്പം സെൽഫിയെടുക്കാനും മറ്റും കൂടി. ചുറുചുറുക്കോടെ എല്ലാവരോടും ഇടപെട്ട അദ്ദേഹം ഒരാളെയും നിരാശരാക്കിയില്ല. സാധാരാണ ഒരു ചട്ടപ്പടി പ്രസംഗം നടത്തി യാത്രയാവുന്ന നേതാക്കളെ കണ്ടുശീലിച്ചവർക്ക് യെച്ചുരി വേറിട്ടതായി മാറി.

ചിന്ത രവി സ്മാരക പ്രഭാഷണത്തിനുശേഷം സദസ്സുമായി നടന്ന ആശയവിനിമയത്തിനിടെ യെച്ചൂരി നാടകപ്രവർത്തകരുമായുള്ള സംഗമം പരാമർശിക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകരിലൊരാളോട് ചോദിച്ചപ്പോൾ, കൂടിയിരുന്ന നാടകക്കാർ അരാജകവാദികളാണെന്നായിരുന്നു മറുപടിയെന്ന് യെച്ചൂരി പറഞ്ഞു. എന്നാൽ, മതേതര കൂട്ടായ്മകളെപ്പറ്റി സംസാരിക്കാനത്തെിയ തനിക്ക് അവരുമായുള്ള കൂട്ടുകൂടൽ ഹൃദ്യമായെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വർഗീയതക്കെതിരായ കലാകാരന്മ്മാരുടെ കൂട്ടായ്മകളാണ് വളരേണ്ടതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.അതോടെ ഈ കലാകാരന്മ്മാരുടെയും കൈയടി നേടാൻ യെച്ചൂരിക്ക് കഴിഞ്ഞു.

നേരത്തെ പാർട്ടി ഫോറങ്ങളിൽ തന്നെ കേരളത്തിലെ സിപിഐ (എം) നേതാക്കളുടെ ശരീരഭാഷയെക്കുറിച്ച് വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികളും യുവാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം പാർട്ടിക്ക് എതിരായത് ധാർഷ്ട്യം തോനുന്ന രീതിയിലുള്ള പെരുമാറ്റംമൂലമാണെന്നും പൊതുവെ ആരോപണമുണ്ട്.

പ്രത്യയശാസ്ത്ര വിഷയങ്ങളിൽ നല്ല പാണ്ഡിത്യമുള്ള വ്യക്തിയാണെങ്കിലും, യാതൊരു അക്കാദമിക്ക് ജാടകൾക്കും നിൽക്കാതെ ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിൽ ലളിതമായ ഇംഗ്‌ളീഷിലായിരുന്ന യെച്ചൂരിയുടെ പ്രസംഗം. രാമായണത്തിലെയും, മഹാഭാരതത്തിലെയും നിരവധി ഉപമകൾ എടുത്തു പയറ്റി അദ്ദേഹം കോൺഗ്രസിനെയും ബിജെപിയെയും ആക്രമിക്കയും ചെയ്തു.

കേരളീയ സമൂഹം അപകടകരമാംവിധം വർഗീയവത്കരിക്കപ്പെടുന്നുവെന്ന പ്രവണതയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് തുടർന്ന് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ യെച്ചൂരി ചൂണ്ടിക്കാട്ടി. ദേശീയ വീക്ഷണത്തിൽ ഉയർന്ന പുരോഗമന സമൂഹമാണ് കേരളത്തിലേത്. ഈ സമൂഹത്തിലെ മാറ്റം ഗൗരവമേറിയതും അപകടകരവുമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽ.ഡി.എഫിന് ഏഴ് ശതമാനം വോട്ട് കുറഞ്ഞപ്പോൾ യു.ഡി.എഫിന് 10 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. യു.ഡി.എഫിന് ഒരുവലിയ വിഭാഗത്തിന്റെ പിന്തുണ നഷ്ടമായിട്ടുണ്ട്. എന്നാൽ, ബിജെപിയുടെ അപകടകരമായ വളർച്ച കാണാതിരുന്നുകൂടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ്. അച്യുതാനന്ദനായിരിക്കുമോ പാർട്ടിയെ നയിക്കുക എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് 2016ലാണെന്നും ഇത് 2015 ആണെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.

സാധാരണ സിപിഐ(എം) നേതാക്കൾ പത്രക്കാരോട് കാണിക്കുന്ന രീതിയിലുള്ള നിഷേധാത്മക മനോഭാവം ഒരിടത്തും അദ്ദേഹം പുലർത്തിയില്ല. ഒരു ചോദ്യത്തിനും മറുപടി താതെ ഒഴിഞ്ഞതുമില്ല.സന്ദേഹങ്ങളെ ചിരിച്ചുകൊണ്ട് നേരിട്ട അദ്ദേഹം, നല്ല ചോദ്യങ്ങൾ ഉയർത്തിയ മാദ്ധ്യമപ്രവർത്തകരെ അദ്ദേഹം 'ഗുഡ് ക്വസ്റ്റ്‌വൻ' എന്ന് പറഞ്ഞ് പ്രോൽസാഹിപ്പിക്കകുയും ചെയ്തു.