തിരുവനന്തപുരം: നിർഭയമാരും ജിഷമാരും ഉണ്ടാകുന്നതു കോൺഗ്രസ് ഭരണത്തിലെന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഒൻപതു ദിവസമായിട്ടും പ്രതിയെ പിടികൂടാൻ സംസ്ഥാന സർക്കാരിനായില്ലെന്ന് യച്ചൂരി കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നടക്കുന്നത് അസാധാരണമാണെന്നും യച്ചൂരി ചൂണ്ടിക്കാട്ടി.

ദളിത് വിദ്യാർത്ഥിനി ജിഷയുടെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരിൽ എൽഡിഎഫ് നടത്തുന്ന രാപ്പകൽ സമരത്തിന്റെ നാലാം ദിവസം അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പൊലീസും ഭരണസംവിധാനവും ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ജിഷയുടെ ഹീനമായ കൊലപാതകം നടക്കില്ലായിരുന്നു. 11 ദിവസമായിട്ടും പൊലീസിന് കൃത്യമായ ഉത്തരം പറയാനാവുന്നില്ല. ആദ്യ നാലുദിവസം കേസ് ഒതുക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഇത് എന്തിനാണെന്ന ചോദ്യത്തിന് യുഡിഎഫ് സർക്കാർ ഉത്തരം പറയണം. മാദ്ധ്യമങ്ങളുടെയും ജനങ്ങളുടെയും പ്രതിഷേധം ഉയർന്നതിനുശേഷമാണ് നടപടി ഉണ്ടായത്. ഉയർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ കീഴിൽ സുതാര്യമായ അന്വേഷണം നടത്താൻ ഉമ്മൻ ചാണ്ടി എന്തിനാണ് മടിക്കുന്നത്. സ്ത്രീകളുടെ അന്തസ് നിലനിർത്താൻ ജനങ്ങളുടെയാകെ യോജിപ്പുണ്ടാകണം. കൂടുതൽ മെച്ചപ്പെട്ട കേരളവും ഇന്ത്യയും രൂപപ്പെടുത്താൻ അതാവശ്യമാണ്.

കേരളത്തിൽ യുഡിഎഫും ബിജെപിയും ഒത്തുകളിക്കുകയാണെന്നും തിരുവനന്തപുരത്തെത്തിയ സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടതുപക്ഷത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ഈ ഒത്തുകളി നിമിത്തമാണ്. മോദി കേരളത്തിൽ വരുന്നത് പ്രധാനമന്ത്രിയായല്ല, ആർഎസ്എസ് പ്രചാരകനായിട്ടാണെന്നും യച്ചൂരി ആരോപിച്ചു.

രണ്ട് ദളിത് കുട്ടികളെ തന്റെ രാഷ്ട്രീയ വിശ്വാസമുള്ളവർ കത്തിച്ചുകൊന്നപ്പോൾ പ്രധാനമന്ത്രി സഹതപിച്ചില്ല. വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നപേരിൽ യുപിയിലും ഝാർഖണ്ഡിലും മുസ്ലീങ്ങളെ കൊന്നപ്പോഴും സഹതപിച്ചില്ല. തെരഞ്ഞെടുപ്പു കാലത്തെ സഹതാപമല്ല പൊലീസ് ഭരണസംവിധാനങ്ങളെ കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

ജിഷക്ക് നീതി എന്നാൽ കേരളത്തിന് നീതി, ഇന്ത്യക്ക് നീതി എന്നാണ് അർത്ഥം. യുഡിഎഫ് സർക്കാരിനെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ ജനകീയ സമ്മർദ്ദം ഉയരണം. ആത്യന്തികമായി ജനങ്ങളാണ് വിജയിക്കുക എന്ന് യെച്ചൂരി പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന ജിഷയുടെ അമ്മയെയും സഹോദരിയേയും യെച്ചൂരി സന്ദർശിച്ചു.