തിരുവനന്തപുരം: നോട്ടുനിരോധനം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ലെന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ടുനിരോധനം കൊണ്ടു കള്ളപ്പണം വെള്ളപ്പണമായി മാറുക മാത്രമാണു ചെയ്തതെന്നും യെച്ചൂരി പറഞ്ഞു.

സിപിഐ(എം) കേന്ദ്രകമ്മിറ്റിക്കുശേഷം തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിലാണു യെച്ചൂരിയുടെ പരാമർശം. അഴിമതിയും തീവ്രവാദികളുടെ പണലഭ്യതയും നോട്ടുനിരോധനം കൊണ്ടു തടയാൻ കഴിഞ്ഞില്ല. ഡിജിറ്റൽ ഇടപാടുകൾ സാധാരണക്കാരിൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്നുവെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

മോദി ഭരണത്തിൽ കർഷക ആത്മഹത്യകളിൽ 32 ശതമാനത്തിന്റെ വർധനയുണ്ടായി. കർഷകരുടെ വായ്പ എഴുതിത്ത്ത്തള്ളാൻ മടിക്കുകയാണു മോദി സർക്കാർ. വായ്പ തിരിച്ചടയ്ക്കാത്ത വൻകിടക്കാരുടെ സ്വത്തു കണ്ടുകെട്ടുകയാണു ചെയ്യേണ്ടത്. അതിനു പകരം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കുകയാണു കേന്ദ്രസർക്കാർ ചെയ്തതെന്നും യെച്ചൂരി പറഞ്ഞു.

നോട്ടുകൾ പിൻവലിക്കാനായി നരേന്ദ്ര മോദി പറഞ്ഞ നാല് ലക്ഷ്യങ്ങളിൽ ഒന്നു പോലും അദ്ദേഹത്തിന് ഇതു വരെ നിറവേറ്റാനായില്ല. കള്ളപ്പണം തടയുക, കള്ളനോട്ട് തടയുക. ഭീകരവാദം ചെറുക്കുക, അഴിമതി ചെറുക്കുക എന്നിവയാണു മോദി ലക്ഷ്യങ്ങളായി പറഞ്ഞത്. എന്നാൽ ഇവയിൽ ഒരു ലക്ഷ്യം പോലും മോദി സർക്കാരിന് കൈവരിക്കാനായില്ല.

നോട്ട് പിൻവലിക്കൽ തീരുമാനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കാൻ 50 ദിവസത്തെ സമയമാണ് മോദി ചോദിച്ചത്. എന്നാൽ മോദി ഉറപ്പ് നൽകിയതിലും ഏറെ മോശം അവസ്ഥയിലാണ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ തുടരുന്നത്. നോട്ട് പിൻവലിക്കലിനെ തുടർന്ന് ഏർപെടുത്തിയ ബാങ്ക് നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇത് ഉടൻ പിൻവലിക്കണമെന്നും യെച്ചൂരി ആവശ്യപെട്ടു.

കോടിക്കണക്കിന് ജനങ്ങളാണ് ദുരിതത്തിൽ അകപെട്ടിരിക്കുന്നനത്. ഇവരെ സഹായിക്കാൻ മോദി സർക്കാരിന് താത്പര്യമില്ല. പകരം കോർപ്പറേറ്റുകളുടെ വായ്പ കുടിശിക എഴുതി തള്ളാൻ മടിയും കാണിക്കാറില്ല. നോട്ട് അസാധുവാക്കൽകൊണ്ട് നേട്ടമുണ്ടായത് കള്ളപ്പണക്കാർക്കും കള്ളനോട്ടുകാർക്കും മാത്രമാണ്. ജനങ്ങൾ ഇപ്പോളും ദുരിതത്തിലാണ്. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി ഉന്നയിച്ച നാലു കാര്യങ്ങളിലും വിജയിച്ചെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞുവെന്നാണ് ഒന്നാമത്തെ അവകാശവാദം. എന്നാൽ, 2014ൽ മോദിതന്നെ പറഞ്ഞത് രാജ്യത്തെ കള്ളപ്പണത്തിന്റെ 90 ശതമാനവും വിദേശ ബാങ്കുകളിലാണെന്നാണ്. ഇതിൽ ഒരാളുടെ പണംപോലും തിരിച്ചുപിടിച്ചിട്ടില്ല. എല്ലാപണവും തിരിച്ചെത്തിയെങ്കിൽ ഇനിയും പാവപ്പെട്ട ജനങ്ങളുടെ പണമിടപാടിൽ നിയന്ത്രണം തുടരുന്നതെന്തിന്? ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം പിൻവലിക്കാനാകണം. അതിന് അടിയന്തര നടപടിയുണ്ടാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കൽ ആഭ്യന്തര വളർച്ചനിരക്കിനെ ബാധിച്ചില്ലെന്ന ബിജെപി പ്രചാരണവും തട്ടിപ്പാണ്. വളർച്ചനിരക്ക് 7.1 ശതമാനമാണെന്നും നേരത്തേതിൽനിന്ന് നേരിയ കുറവേ ഉള്ളൂവെന്നുമാണ് പറയുന്നത്. കഴിഞ്ഞ അർധവാർഷികത്തിൽ ഇത് 7.5 ശതമാനമായിരുന്നു. എന്നാൽ, ഇപ്പോൾ ബിജെപി പറയുന്ന കണക്ക് നോട്ട് അസാധുവാക്കലിനുമുമ്പുള്ള കണക്ക് എടുത്താണ്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ ഉൾപ്പെടുത്താതെയുള്ളതാണിത്. അതുകൂടി കണക്കാക്കുമ്പോൾ വളർച്ചനിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് വ്യക്തമാകും.

വളം, തുകൽ ഫാക്ടറികളിൽ ജോലി ചെയ്യുന്ന നാലുലക്ഷത്തോളം തൊഴിലാളികൾക്ക് ഒറ്റയടിക്ക് തൊഴിൽ നഷ്ടമായി. 32 ദശലക്ഷം വരുന്ന ദിവസ- ആഴ്ച വേതനം പറ്റുന്ന തൊഴിലാളികൾക്ക് തൊഴിലില്ലാതായി. കർഷക ആത്മഹത്യ 42 ശതമാനം വർധിച്ചു. ഇങ്ങനെ മരിച്ച കർഷകർക്കും നോട്ട് അസാധുവാക്കലോടെ പണത്തിന് വരിനിന്ന് മരിച്ച നൂറോളം സാധാരണക്കാർക്കും ഒരു രൂപപോലും സഹായം നൽകാത്ത മോദിസർക്കാർ, കുത്തകകളുടെ 1,12,000 കോടി രൂപയാണ് എഴുതിത്ത്തള്ളിയത്. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരുമാക്കുന്ന ഈ നയങ്ങൾക്കും വർഗീയത ഉയർത്തിവിട്ട് ജനങ്ങളെ ഭിന്നിപ്പിച്ചുഭരിക്കാനുള്ള നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിന് സിപിഐ(എം) നേതൃത്വം കൊടുക്കുമെന്നും യെച്ചൂരി പറഞ്ഞു.