കൊല്ലം: രാമന്റെ വെള്ളക്കുതിരയെ ലവകുശന്മാർ എന്ന ഇരട്ട സഹോദരങ്ങൾ പിടിച്ചുകെട്ടിയതുപോലെ നരേന്ദ്ര മോദിയുടെ യാഗാശ്വത്തെ ഇടതുപക്ഷത്തിന്റെ അരിവാൾ ചുറ്റിക എന്ന ഇരട്ട സഹോദരങ്ങൾ പിടിച്ചു കെട്ടുമെന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. യുപി തിരഞ്ഞെടുപ്പിനു ശേഷം മോദി സ്വപ്നലോകത്താണ്. യുപിയിൽ നടപ്പാക്കിയ അജൻഡ ഇന്ത്യയാകെ നടപ്പാക്കാമെന്നു പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന റെഡ് വൊളന്റിയർ പരേഡും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു യച്ചൂരി.

ആർഎസ്എസ് ബിജെപി ഫാസിസ്റ്റ് ശക്തികൾക്കു കോൺഗ്രസിനെ ഭയമില്ല. പാർലമെന്റിലുള്ള ബിജെപിയുടെ പകുതിയോളം അംഗങ്ങൾ മുൻ കോൺഗ്രസുകാരാണ്. ബിജെപിയെ എതിർക്കുന്നതു ഇടതുപക്ഷ ശക്തികളായതു കൊണ്ടാണ് സിപിഎമ്മിനു നേരെ അവർ അക്രമം അഴിച്ചു വിടുന്നത്. ബിജെപി സ്വകാര്യ സേന രൂപീകരിച്ചു രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറ തകർക്കാൻ ശ്രമിക്കുകയാണ്. ദലിതർക്കും ന്യൂനപക്ഷത്തിനും നേരെ വ്യാപകമായി അവർ അക്രമം നടത്തുന്നു. സദാചാര ഗുണ്ടകളും റോമിയോ സേനയുമൊക്കെ സ്വകാര്യ സേനകയുടെ ഭാഗമാണെന്നും യച്ചൂരി ചൂണ്ടിക്കാട്ടി.

നാലു മുഖമുള്ള വ്യാളിയെപ്പോലെ ബഹുമുഖ ആക്രമണമാണ് ബിജെപി നടത്തുന്നത്. സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്ന സാമ്പത്തിക നയം, അമേരിക്കയുടെ ഇംഗിതത്തിനുസരിച്ചുള്ള വിദേശ നയം, പാർലമെന്റിനെ പോലും പരിഗണിക്കാത്ത ഏകാധിപത്യ സ്വഭാവം, വർഗീയത എന്നിവയാണ് ബിജെപിയുടെ മുഖങ്ങൾ. ബിജെപിയുടെ അജൻഡയ്‌ക്കെതിരെ പുരോഗമന ഇടതുപക്ഷ ശക്തികൾ ഒരുമിച്ചു പോരാടണം. സോവിയറ്റ് യൂണിയൻ തകർന്നത് ആശയത്തിന്റെ പോരായ്മ കൊണ്ടല്ല, സോഷ്യലിസം നടപ്പാക്കിയതിലെ പാളിച്ച കൊണ്ടാണെന്നും യച്ചൂരി അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ എത്താതിരിക്കാനാണ് സർക്കാരിനെക്കുറിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎമ്മിന്റെ ശബ്ദം ആർഎസ്എസുകാർ ഭയക്കുന്നതു കൊണ്ടാണ് സീതാറാം യച്ചൂരിയും പിണറായി വിജയനും പ്രസംഗിക്കുന്നതു തടയാൻ അവർ ശ്രമിക്കുന്നത്.

ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ഒരു പാർട്ടി എന്ന പുതിയ മുദ്രാവാക്യമാണ് ബിജെപി ഉയർത്തുന്നത്. ഒരു രാഷ്ട്രം, ഒരു നികുതി എന്ന ജിഎസ്ടി കൊണ്ടുവന്നത് ഇതിന്റെ ഭാഗമാണ്. കേരളവും ത്രിപുരയും പശ്ചിമ ബംഗാളും കൂടി ബിജെപി ഭരണത്തിലാക്കാനാണ് ശ്രമം. എങ്കിൽ മാത്രമേ അവരുടെ അജൻഡ നടപ്പാക്കാൻ കഴിയൂ. ഇതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും കോടിയേരി പറഞ്ഞു.